തൊടുപുഴ: സിനിമാ ചിത്രീകരണത്തിനു പോയി ലോക്ക്ഡൗണിനെ തുടർന്നു ജോർദാനിൽ കുടുങ്ങിയ സംവിധായകൻ ബ്ലെസിയും നടൻ പൃഥ്വിരാജടക്കമുള്ള സിനിമാ സംഘത്തിനൊപ്പമുണ്ടായിരുന്ന ഇടുക്കി സ്വദേശിയായ ഫിലിം എഡിറ്ററും നാട്ടിലെത്തി.
ഇടുക്കി വെള്ളത്തൂവൽ കുത്തുപാറ സ്വദേശി കൊല്ലമലയിൽ റെക്സണ്‍ ജോസഫാണ് ഇന്നലെ തൊടുപുഴയിലെത്തിയത്.ജോർദാനിലെ അമ്മാൻ വിമാനത്താവളത്തിൽ നിന്നു ഡൽഹി വഴിയാണ് സംഘം നെടുന്പാശേരിയിലെത്തിയത്.
ഇവിടെ നിന്നും റെക്സനെയും മറ്റൊരു യാത്രക്കാരനായ നെടുങ്കണ്ടം തൂക്കുപാലം സ്വദേശിയെയും കെഎസ്ആർടിസി ബസിൽ തൊടുപുഴയിലെത്തിക്കുകയായിരുന്നു.
ഇവിടെ നിന്നും ആംബുലൻസിൽ വണ്ണപ്പുറത്തെ കോവിഡ് കെയർസെന്ററായ വൃന്ദാവൻ ലോഡ്ജിൽ നിരീക്ഷണത്തിലേക്കു മാറ്റി.ബ്ലെസിയുടെ ബിഗ് ബജറ്റ് ചിത്രമായ ആടുജീവിതത്തിന്റെ രണ്ടാം ഷെഡ്യൂൾ ഷൂട്ട് ചെയ്യുന്നതിനാണ് മാർച്ച്15നു സംഘം ജോർദാനിലേക്ക് തിരിച്ചത്.പൃഥ്വിരാജടക്കമുള്ള 58 അംഗ സംഘത്തിൽ റെക്സണ്‍ ജോസഫുമുണ്ടായിരുന്നു.
ആറു വർഷമായി സിനിമ രംഗത്തുള്ള റെക്സണ്‍ ചിത്രത്തിന്റെ സ്പോട്ട് എഡിറ്ററാണ്.ലാൽ ബഹദൂർ ശാസ്ത്രി,ആടുപുലിയാട്ടം,100 ഡെയ്സ് ഒഫ് ലവ് തുടങ്ങി മുപ്പതോളം ചിത്രങ്ങളിൽ റെക്സണ്‍ പ്രവർത്തിച്ചിട്ടുണ്ട്.ജോർദാനിൽ സൈന്യം നിയന്ത്രിക്കുന്ന ലോക്ക്ഡൗണ്‍ വളരെ കർശനമായിരുന്നെന്ന് റെക്സണ്‍ പറഞ്ഞു.
മരുഭൂമിക്ക് സമാനമായ ഒറ്റപ്പെട്ട ക്യാന്പിലായിരുന്നു താമസം.പുറമെ നിന്നു ടെന്റ് പോലെ തോന്നുമെങ്കിലും രണ്ട് ബെഡ്റൂമുള്ള അത്യാവശ്യം സൗകര്യമുള്ള ഹട്ടായിരുന്നു.
കടകളുള്ള സ്ഥലത്തേക്ക് താമസസ്ഥലത്തു നിന്ന് രണ്ടു കിലോമീറ്റർ ദൂരമുണ്ടായിരുന്നു.25 ജോർദാനിയൻ പൗരൻമാരും ഒപ്പമുണ്ടായിരുന്നു.അവർ സാധനങ്ങളെല്ലാം എത്തിച്ച് പാകം ചെയ്ത് കൃത്യസമയത്തു തന്നെ ഭക്ഷണം നൽകി.
സംഘത്തോടൊപ്പമുണ്ടായിരുന്ന ഡോ.എൽവിൻ എല്ലാവരുടെയും ആരോഗ്യം കൃത്യമായി പരിശോധിക്കുന്നുണ്ടായിരുന്നു.ബോറടിമാറ്റാൻ ജൂഡോയും ക്രിക്കറ്റും കളിച്ചു.
ജോർദാനിൽ നിന്നെത്തിയ രണ്ടു പേരുൾപ്പെടെ 13 പേരാണ് ഇന്നലെ വിദേശത്തു നിന്നെത്തിയത്.ഇവരെ വിവിധ നിരീക്ഷണ കേന്ദ്രങ്ങളിലേക്കു മാറ്റിയിട്ടുണ്ട്. ഇതിനു പുറമെ മറ്റു സംസ്ഥാനങ്ങളിൽ നിന്നും 97 പേരും ജില്ലയിലെത്തി. ഇവരെ ഹോം ക്വാറന്റൈനിലാക്കി.