ആലുവ: ഒരു ഇടവേളയ്ക്ക് ശേഷം ആലുവയിൽ വീണ്ടും ഗുണ്ടാവിളയാട്ടം. ഇന്നലെ രാത്രി നടന്ന സംഘട്ടനത്തിൽ യുവാവിന് കുത്തേറ്റു. വയറിനും മുതുകിനും സാരമായ കുത്തേറ്റ ഉളിയന്നൂർ സ്വദേശി അയ്യൂബിനെ അസ്റ്റർ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.
കുത്തിപരിക്കേൽപ്പിച്ചതായി സംശയിക്കുന്ന തായിക്കാട്ടുകര സ്വദേശി ശ്രീജിത്ത് എന്ന ബിലാൽ ആലുവ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണ് ആക്രമണത്തിന് പിന്നിലെന്ന് സംശയിക്കുന്നതായി എസ്ഐ എം.എസ്. ഫൈസൽ രാഷ്ട്രദീപികയോട് പറഞ്ഞു.
ഇന്നലെ രാത്രി പതിനൊന്നു മണിയോടെ ദേശീയപാതയിൽ ഗ്യാരേജിന് സമീപം വച്ചായിരുന്നു സംഭവം. ആലുവയിൽ നിന്നും സുഹൃത്തുക്കളോടൊപ്പം അയ്യൂബ് സഞ്ചരിച്ചിരുന്ന കാർ ബൈക്കിലെത്തിയ ബിലാലും സഹായിയും തടയുകയായിരുന്നു. വാഹനം ഓടിച്ചിരുന്ന തായിക്കാട്ടുകര സ്വദേശിയും വിദേശത്ത് ബിസിനസുകാരനുമായ അജ്ജുഹംസയുടെ നേരെയാണ് ആദ്യം വടിവാൾ വീശിയത്.
ഇതു തടയാൻ ശ്രമിക്കുന്നതിനിടയിൽ അയ്യൂബിന് കുത്തേൽക്കുകയായിരുന്നു. പ്രമാദമായ ആലുവ ഹണി വധക്കേസടക്കം നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണ് ബിലാൽ. ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള കുടിപ്പകയുടെ ഭാഗമായിട്ടുണ്ടായ ക്വട്ടേഷനാണ് ആക്രമണത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക വിലയിരുത്തലെന്നു പോലീസ് പറഞ്ഞു. പ്രതിയെന്ന് സംശയിക്കുന്ന ബിലാൽ പോലീസ് നിരീക്ഷണത്തിൽ ചികിത്സയിലാണ്. ആലുവ ഈസ്റ്റ് പോലീസ് അന്വേഷണം ആരംഭിച്ചു.