പേരൂര്‍ക്കട: ഉടമസ്ഥന് അറിയാതെ ബന്ധു കാറുമെടുത്ത് സ്ഥലംവിട്ടത് പുലിവാലു പിടിപ്പിച്ചത് പേരൂര്‍ക്കട പോലീസിനെ. ഒടുവില്‍ ബന്ധു കാര്‍ തിരികെ കൊണ്ടെത്തിച്ചതോടെ ഉടമസ്ഥന് സ്റ്റേഷനിലെത്തി പരാതിയും പിന്‍വലിച്ചു. അമ്പലമുക്കിലെ ഒരു ഹോട്ടലിനു മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന നിസാന്‍ കാര്‍ കാണാതായതോടെയാണ് സംഭവങ്ങളുടെ തുടക്കം.
കഴിഞ്ഞദിവസം രാത്രി എട്ടോടെ കൊല്ലം സ്വദേശിയും കുടുംബവും ഹോട്ടലിലെ പ്രത്യേക ഹാളില്‍ സംഘടിപ്പിച്ച ഒരു ചടങ്ങില്‍ പങ്കെടുക്കാനെത്തിയിരുന്നു. ഇയാള്‍ക്കൊപ്പം ബന്ധുക്കളും ഉണ്ടായിരുന്നു.
പരിപാടി കഴിഞ്ഞ് 11 ഓടെ തിരികെപ്പോകാന്‍ വാഹനം അന്വേഷിച്ചപ്പോള്‍ കാണാനില്ല. കാര്‍ മോഷണം പോയതാണെന്നു സംശയിച്ച് ഉടമയും, തന്റെ ഡ്യൂട്ടിസമയത്തു നടന്ന സംഭവമായതിനാല്‍ ഡ്യൂട്ടി മാനേജരും പേരൂര്‍ക്കട പോലീസില്‍ പരാതി നല്കി.
പോലീസ് അന്വേഷണം നടക്കവെ ഇന്നലെ രാവിലെ കൊല്ലം സ്വദേശിയുടെ ബന്ധുവും തിരുവനന്തപുരത്തുകാരനുമായ ആള് കാര്‍ തിരികെ കൊണ്ടെത്തിക്കുകയായിരുന്നു. ഹോട്ടലില്‍ നടന്ന പരിപാടിക്കിടെ കാറിന്റെ കീ ബന്ധു വാങ്ങിയത് ഉടമയോ അവരുടെ കുടുംബമോ ഓര്ക്കാത്തതാകാം ആശയക്കുഴപ്പത്തിന് ഇടയാക്കിയതെന്നാണു സൂചന.
കാര്‍ മഹാരാഷ്ട്രാ രജിസ്ട്രേഷനിലുള്ളതായിരുന്നു. ഏതായാലും കാര്‍ മോഷണം പോകാതെ ഭദ്രമായി തിരികെയെത്തിയതിലുള്ള ആശ്വാസത്തിലായിരുന്നു പോലീസ്. പ്രശ്നം കേസില്ലാതെ പരിഹരിക്കപ്പെട്ടതായി എസ്ഐ സമ്പത്ത് അറിയിച്ചു.