ഭോപ്പാൽ: മധ്യപ്രദേശിൽ പീഡനത്തിനിരയായ പതിനെട്ടുകാരി ജീവനൊടുക്കി. ബേതുൾ ജില്ലയിലെ ബോതിയയിലാണ് ദാരുണസംഭവം. ചൊവ്വാഴ്ച രാത്രി ആദിവാസി വിഭാഗത്തിൽപ്പെട്ട പെണ്‍കുട്ടിയെ രണ്ടുപേർ ചേർന്നു തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചു. അടുത്ത ദിവസംരാവിലെ വീട്ടിൽ മടങ്ങിയെത്തിയ പെണ്‍കുട്ടി വിഷം കഴിച്ചു ജീവനൊടുക്കുകയായിരുന്നു.
അടുത്ത ഗ്രാമത്തിൽ താമസിക്കുന്ന രണ്ടു യുവാക്കളാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്നും ഒരാൾ പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തിയപ്പോൾ ഒപ്പമുണ്ടായിരുന്നയാൾ ഇത് മൊബൈൽ ഫോണിൽ പകർത്തിയെന്നും കേസ് അനേഷിക്കുന്ന ഝല്ലാർ പോലീസ് സ്റ്റേഷൻ ഇൻ ചാർജ് നേപ്പാൾ സിംഗ് താക്കുർ അറിയിച്ചു. പീഡനം സംബന്ധിച്ചു പരാതിപ്പെട്ടാൽ വീഡിയോ ദൃശ്യങ്ങൾ പുറത്തുവിടുമെന്നും പ്രതികൾ ഭീഷണിപ്പെടുത്തി.
പീഡനംനേരിട്ട് അടുത്ത ദിവസം രാവിലെ വീട്ടിലെത്തിയ പെണ്‍കുട്ടി സംഭവം അമ്മയോടു വിവരിച്ചിരുന്നു. ഇതിനുശേഷമാണ് ഇര ജീവനൊടുക്കിയത്. പെണ്‍കുട്ടിയുടെ വിവാഹം അടുത്തിടെ ഉറപ്പിച്ചിരുന്നു. വിവാഹം കഴിക്കാനിരുന്ന യുവാവിനോട്, പീഡനം നടത്തിയ പ്രവീണ്‍ റാത്തോഡ് താൻ പെണ്‍കുട്ടിയെ പീഡിപ്പിച്ചതായി ഫോണിൽ വിളിച്ച് അറിയിച്ചെന്നു പെണ്‍കുട്ടിയുടെ മാതാവ് പോലീസിനു മൊഴി നൽകി. പ്രതികൾക്കായി പോലീസ് തെരച്ചിൽ തുടരുകയാണ്.