‘അയ്യയ്യോ എന്തൊരു നാണക്കേട് സ്വന്തം പേരു പോലും എഴുതാനറിയില്ലേ നിങ്ങൾക്ക്.’…. ലോകമെന്പാടുനിന്നുമുള്ള ട്രോൾ ശരങ്ങളേറ്റു പിടയുകയാണ് ഹോങ്കോംഗ് ആസ്ഥാനമായ കാതെ പസഫിക് എന്ന വിമാനക്കന്പനി.
എന്താണ് ഇവർ ചെയ്ത തെറ്റ് എന്നു ചോദിച്ചാൽ… പുതുതായി ഇറക്കിയ തങ്ങളുടെ വിമാനത്തിൽ കന്പനിയുടെ പേര് എഴുതിച്ചേർത്തപ്പോൾ ഒരക്ഷരം വിട്ടുപോയി, അത്രമാത്രം. പസഫിക് എന്ന വാക്കിലെ ‘എഫ്’അക്ഷരമാണ് വിട്ടുകളഞ്ഞത്. കാതെ പസഫികിനു പകരം ‘കാതെ പസീക്’. വിമാനം കണ്ട് യാത്രക്കാരിൽ ചിലരാണു സംഭവം കന്പനി അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയത്.
തെറ്റ് സ്ഥിരീകരിച്ച കന്പനിയാകട്ടെ ന്യായീകരിക്കാൻ മെനക്കെടാതെ, തമാശരൂപണേ സംഭവത്തിൽ ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. ഒട്ടും വൈകാതെ, തെറ്റു പറ്റിയ ഭാഗം പെയിന്റ് ഉപയോഗിച്ചു മറച്ച ചിത്രവും കന്പനി ട്വിറ്ററിൽ പോസ്റ്റ് ചെയ്തു. മികവാർന്ന പ്രവർത്തനങ്ങളുടെ പേരിൽ നിരവധി അന്താരാഷ്ട്ര അവാർഡുകൾ സ്വന്തമാക്കിയിട്ടുള്ള കന്പനിയാണ് കാതെ പസഫിക്.