ന്യൂഡൽഹി: ഡൽഹിയിൽ ഓഫീസിനുള്ളിൽ യുവതിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായ യുവാവിന്റെ പിതാവായ പോലീസ് ഉദ്യോഗസ്ഥനു സസ്പെൻഷൻ. നർക്കോട്ടിക്ക് സെൽ എഎസ്ഐ അശോക് സിംഗ് തോമറിനെയാണ് സസ്പെൻഡ് ചെയ്തത്. യുവതി ആക്രമിക്കപ്പെട്ട കേസിൽ ഇയാളെയും പ്രതിചേർത്തിരുന്നു. ഇതേതുടർന്നാണു സസ്പെൻഷൻ.
ഡൽഹി ഉത്തംനഗറിൽ ഈ മാസം രണ്ടിനായിരുന്നു സംഭവം. മുടിയിൽപിടിച്ച് വലിച്ചിഴച്ചു തറയിൽ തള്ളിയിട്ട ശേഷം രോഹിത് എന്ന യുവാവ് പെണ്‍കുട്ടിയെ മർദിക്കുകയായിരുന്നു. താഴെ വീണ പെണ്‍കുട്ടിയെ ഇയാൾ തൊഴിക്കുകയും ചവിട്ടുകയും ഇടിക്കുകയും ചെയ്തു. കൈ മുട്ട് ഉപയോഗിച്ചാണ് പെണ്‍കുട്ടിയെ ഇയാൾ ഇടിച്ചത്. ദൃശ്യം ചിത്രീകരിച്ചയാൾ മർദനം നിർത്താൻ ആവശ്യപ്പെട്ടിട്ടും ഇയാൾ ഹീനകൃത്യം തുടർന്നു.
തന്നെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട് രോഹിത് പെണ്‍കുട്ടിയെ ശല്യപ്പെടുത്തിയിരുന്നു. ഇതിനു വഴങ്ങാത്തതിനെ തുടർന്ന് തനിക്കൊപ്പമുള്ള പെണ്‍കുട്ടിയുടെ ചിത്രങ്ങൾ പരസ്യപ്പെടുത്തുമെന്ന് രോഹിത് ഭീഷണിപ്പെടുത്തി.
ഈ മാസം മാസം പതിനൊന്നിനും രോഹിത് വീട്ടിലെത്തി പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി. വിവരം പോലീസുകാരനായ അശോകിനെ അറിയിച്ചപ്പോൾ ഫോട്ടോകളും വീഡിയോകളും പരസ്യപ്പെടുത്തുമെന്ന് ഇയാളും ഭീഷണി മുഴക്കിയതായി പെണ്‍കുട്ടി ആരോപിക്കുന്നു.