ഇരുപത് വയസു പോലുമാകുന്നതിനു മുമ്പേ നെയ്തെടുത്ത സ്വപ്നവും ഉറക്കമിളച്ച് പഠിച്ച വരികളും പാതിവഴിയിൽ ഉപേക്ഷിച്ച് മണവാട്ടിയുടെ കുപ്പായമണിയേണ്ടിവരുന്ന പെണ്‍കുട്ടികളുണ്ട്. തന്റെ സമ്മതം പോലും ചോദിക്കാതെ പെട്ടന്നൊരുനാൾ വീട്ടുകാർ മാംഗല്യം ഉറപ്പിച്ചെന്ന് അറിയിക്കുമ്പോൾ എന്തുചെയ്യണമെന്ന് അറിയാതെ പകച്ച് നിൽക്കുന്ന ഇവരുടെ നിസഹായാവസ്ഥ മനസിലാകുന്നത് മനസുതുറന്ന് അവരെ സ്നേഹിക്കുന്ന അധ്യാപികമാർക്ക് മാത്രമാണ്.
അത്തരമൊരു കുറിപ്പാണ് ലിഖിത ദാസ് എന്ന അധ്യാപിക ഫേസ്ബുക്കിൽ പങ്കുവയ്ക്കുന്നത്. പഠിക്കുന്ന കോഴ്സ് പൂർത്തിയാക്കുവാൻ പോലും അനുവദിക്കാതെ വീട്ടുകാർ തന്റെ വിവാഹം നടത്തുമെന്ന് പറഞ്ഞ ക്ലാസിലെ മിടുക്കിയായ ഒരു വിദ്യാർഥിനിയുടെ ദുഃഖമാണ് ലിഖിത ഇവിടെ കുറിക്കുന്നത്. ഉൗണും ഉറക്കവും കണഞ്ഞ് മൂന്നുവർഷങ്ങളായി ഞാൻ എന്തിനാണ് മിസേ പഠിക്കുന്നത് എന്ന ഈ പെണ്‍കുട്ടിയുടെ വാക്കുകൾ ഒരുപാടു കുട്ടികൾ പറയുവാൻ ആഗ്രഹിക്കുന്നതാണ്.
ക്ലാസിലെ ഏറ്റവും മിടുക്കിയായ അവളുടെ വിവാഹത്തിന് പോകേണ്ടെന്നാണ് ലിഖിതയുടെ തീരുമാനം. പുസ്തകം പിടിക്കേണ്ട കൈകളിൽ മൈലാഞ്ചിയിട്ട് ആ മൈലാഞ്ചിയേക്കാൾ ചുവന്ന കണ്ണും ചത്ത മനസുമായി അവൾ തന്റെ കൊലച്ചോറുണ്ണുന്നത് കാണാൻ വയ്യ എന്ന് ലിഖിത പറയുന്നു.