ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വന്ന ലഹരിമരുന്ന് കേസില്‍ കാമുകി റിയ ചക്രവര്‍ത്തിയെ അറസ്റ്റു ചെയ്തിരുന്നു.
റിയ രണ്ടാഴ്ചയായി ജാമ്യം കിട്ടാതെ ജയിലിലാണ്. നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ അടക്കമുള്ള കേന്ദ്ര ഏജന്‍സികള്‍ തന്നെ അനാവശ്യമായി വേട്ടയാടുകയാണെന്നും തനിക്കെതിരേ ഏജന്‍സികള്‍ ഒരു തെളിവും കണ്ടെത്തിയിട്ടില്ലെന്നും റിയ ജാമ്യാപേക്ഷിയില്‍ പറയുന്നു.
റിയയുടെയും. സഹോദരന്‍ ഷോവിക്കിന്റെയും ജാമ്യാപേക്ഷകളില്‍ ബോംബെ ഹൈക്കോടതി നാളെ വാദം കേള്‍ക്കും. മുംബൈയിലെ കനത്ത മഴ കാരണമാണ് നാളത്തേക്ക് മാറ്റിയത്.
സെപ്റ്റംബര്‍ 9 നാണ് റിയയെ മയക്കുമരുന്ന് കേസില്‍ അറസ്റ്റ് ചെയ്യുന്നത്. ഡ്രഗ് സിന്‍ഡിക്കേറ്റിലെ ഒരു സജീവാംഗം എന്നാണ് എന്‍സിബി റിയയെ വിശേഷിപ്പിച്ചത്. ഒക്ടോബര്‍ ആറു വരെ റിയയുടെ ജുഡീഷ്യല്‍ കസ്റ്റഡി നീട്ടിയിരുന്നു.
സുശാന്ത് സിങ് രാജ്പുത് മാത്രമായിരുന്നു ലഹരി ഉപയോഗിച്ചിരുന്നതെന്ന് വ്യക്തമാണെന്ന് റിയയുടെ ജാമ്യാപേക്ഷയില്‍ പറയുന്നു. തന്റെ ജീവനക്കാരോട് ലഹരിമരുന്ന് വാങ്ങാന്‍ അദ്ദേഹം നിര്‍ദ്ദേശിക്കുകയായിരുന്നു. സുശാന്ത് ഇപ്പോള്‍ ജീവിച്ചിരുന്നെങ്കില്‍, അദ്ദേഹത്തിനെതിരെ ചെറിയ തോതില്‍ ലഹരി ഉപയോഗിക്കുന്നതിന് കേസെടുത്തേനേ.
അതും ഒരുവര്‍ഷം വരെ തടവ് കിട്ടാവുന്നതും ജാമ്യംകിട്ടാവുന്നതുമായ കേസ്. ലഹരി ഉപയോഗിച്ചയാള്‍ക്ക് പരമാവധി ഒരുവര്‍ഷം വരെ തടവ് കിട്ടാമെന്നിരിക്കെ ലഹരിക്കായി ചില അവസരങ്ങളില്‍ പണം മുടക്കിയ തനിക്ക് 20 വര്‍ഷം വരെ തടവ് വിധിക്കുന്നത് വിചിത്രമെന്നും റിയ ജാമ്യാപേക്ഷയില്‍ പറയുന്നു.
തന്നെയും, തന്റെ സഹോദരന്‍ ഷോവിക്കിനെയും വീട്ടിലെ ജീവനക്കാരെയും ലഹരിക്ക് വേണ്ടി സുശാന്ത് ഉപയോഗിച്ചിരുന്നു. ലഹരിശീലം തുടരാനായി തനിക്ക് പ്രിയപ്പെട്ട ആള്‍ക്കാരെ സുശാന്ത് അപകടത്തിലേക്ക് തള്ളിവിട്ടുവെന്നത് ദൗര്‍ഭാഗ്യകരമാണ്.
തന്റെ മരണത്തിന് മുന്നൂദിവസം മുമ്പും കഞ്ചാവ് സിഗരറ്റിലാക്കി തന്റെ മുറിയില്‍ വയ്ക്കണമെന്ന് സുശാന്ത് തന്റെ പാചകക്കാരന്‍ നീരജിനോട് ആവശ്യപ്പെട്ടിരുന്നു. മരണത്തിന് ശേഷം കിടപ്പുമുറിയില്‍ നടത്തിയ പരിശോധനയില്‍ ലഹരിമരുന്ന് സൂക്ഷിച്ച പെട്ടികള്‍ കണ്ടെടുത്തു. ഇവ കാലിയായിരുന്നു. അതിനര്‍ഥം സുശാന്ത് ഇവ നിരന്തരം ഉപയോഗിച്ചിരുന്നുവെന്നാണ്. ഇക്കാര്യം സിബിഐക്കും മുംബൈ പൊലീസിനും നീരജ് മൊഴിനല്‍കിയിട്ടുണ്ട്.
താനുമായി പരിചയത്തിലാവുന്നതിന് മുന്‍പ് തന്നെ സുശാന്തിന് ലഹരി ഉപയോഗിക്കുന്ന സ്വഭാവമുണ്ടായിരുന്നു. കേദാര്‍നാഥിന്റെ ചിത്രീകരണ സ്ഥലത്തുവച്ചാണ് സിഗരറ്റില്‍ കഞ്ചാവ് നിറച്ച് വലിക്കുന്ന ശീലം സുശാന്ത് തുടങ്ങിയതെന്ന് റിയ പറയുന്നു. സുശാന്തും കുടുംബവും തമ്മിലുള്ള ബന്ധത്തില്‍ നേരത്തേ തന്നെ പ്രശ്‌നങ്ങള്‍ ഉള്ളതായും റിയ പറഞ്ഞു.
സുശാന്ത് വിഷാദരോഗത്തിന്റെ മൂര്‍ധന്യാവസ്ഥയില്‍ നില്‍ക്കുമ്പോഴാണ് അദ്ദേഹത്തിന്റെ സഹോദരി വീട് വിട്ട് പോയത് തുടങ്ങിയ കാര്യങ്ങളാണ് 47 പേജുള്ള ജാമ്യാപേക്ഷയില്‍ റിയ ചൂണ്ടിക്കാട്ടുന്നത്. തനിക്കെതിരെ നിലവില്‍ തെളിവുകളില്ലെന്നും റിയ പറയുന്നുണ്ട്.
സുശാന്ത് എങ്ങനെയാണ് തന്റെ ആവശ്യത്തിനായി ലഹരിമരുന്ന് വാങ്ങിച്ചതെന്ന് തെളിയിക്കുന്ന ഫോണ്‍കോളോ, മൊബൈല്‍ കോളോ, എസ്എംഎസോ, വാട്സാപ്പ് സന്ദശമോ, ഇ-മെയിലോ പ്രോസിക്യൂഷന്‍ ഹാജരാക്കിയില്ല എന്നതും അത്ഭുതകരമാണ്. പ്രോസിക്യൂഷന്റെ മൊത്തം കേസെടുത്താല്‍, റിയയാണ് സുശാന്തിന് വേണ്ടി മയക്കുമരുന്ന് വാങ്ങിച്ചത് എന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ്.
ചില അവസരങ്ങളില്‍ മയക്ക് മരുന്ന് വാങ്ങിക്കൊടുത്തുവെന്നല്ലാതെ തനിക്കെതിരെ മറ്റൊന്നും ഉന്നയിക്കാനില്ല. എന്നിരുന്നാലും, താന്‍ അനധികൃത മയക്കുമരുന്ന് കച്ചവടത്തിന് പണം മുടക്കിയെന്ന തരത്തിലാണ് ആരോപണം.
എന്നാല്‍, തനിക്കെതിരേയുള്ള ആരോപണങ്ങള്‍ ഗുരുതര കുറ്റങ്ങളുടെ പട്ടികയില്‍ വരില്ലെന്നും റിയ ജാമ്യാപേക്ഷയില്‍ വാദിക്കുന്നു. നേരത്തെ ദീപിക പദുക്കോണ്‍, സാറ അലിഖാന്‍ തുടങ്ങിയവര്‍ ലഹരി ഉപയോഗിച്ചതായി റിയ പറഞ്ഞതായുള്ള വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു.