നടന്‍ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരിമരുന്നു കേസില്‍ അറസ്റ്റിലായ നടി റിയ ചക്രബോര്‍ത്തിയ്ക്ക് കഴിഞ്ഞ ദിവസമാണ് ജാമ്യം കിട്ടിയത്.
സെപ്റ്റംബര്‍ എട്ടിനാണ് നര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ റിയയെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായി ഏകദേശം ഒരുമാസം ആകുമ്പോഴാണ് റിയക്ക് ജാമ്യം ലഭിക്കുന്നത്.
ഇതിനു പിന്നാലെ റിയയുടെ ജയില്‍ജീവിതത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തു വന്നിരിക്കുകയാണ്.റിയയുടെ അഭിഭാഷകന്‍ സതീഷ് മനേഷിന്‍ഡെയാണ് റിയ 28 ദിവസം ജയിലില്‍ കഴിഞ്ഞതെങ്ങനെയെന്ന് തുറന്നു പറഞ്ഞത്.
എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ റിയയെ ബംഗാള്‍ കടുവയെന്ന് വിശേഷിപ്പിച്ച സതീഷ് തകര്‍ന്നു പോയ തന്റെ പ്രതിഛായ തിരിച്ചു പിടിക്കാന്‍ പോരാട്ടം തുടരുമെന്നും വ്യക്തമാക്കി.
”ഏറെ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഞാനെന്റെ ഒരു കക്ഷിയെ കാണാനായി ജയിലില്‍ പോകുന്നത്. കാരണം റിയ വല്ലാതെ ഉപദ്രവിക്കപ്പെട്ടിരുന്നു. അവര്‍ ഏത് അവസ്ഥയിലാണ് ഉള്ളതെന്ന് എനിക്ക് അറിയണമായിരുന്നു. എന്നാല്‍ അവര്‍ മാനസികമായി നല്ല നിലയിലാണെന്ന് എനിക്ക് കാണാനായി. ജയിലില്‍ അവര്‍ സ്വയം പരിപാലിച്ചു. അവര്‍ക്കും ജയിലിലെ മറ്റ് അന്തേവാസികള്‍ക്കുമായി യോഗ ക്ലാസുകള്‍ സംഘടിപ്പിച്ചു.”മനേഷിന്‍ഡെ പറയുന്നു.
”കോവിഡ് വ്യാപനവും മറ്റും കാരണം വീട്ടില്‍ നിന്ന് ഭക്ഷണം ലഭിക്കാനുള്ള അവസരം റിയയ്ക്ക് ഉണ്ടായിരുന്നില്ല. അതുകൊണ്ട് അവര്‍ ജയില്‍ ജീവിതവുമായി പൊരുത്തപ്പെടാന്‍ ശ്രമിച്ചു. മറ്റ് അന്തേവാസികള്‍ക്കൊപ്പം സാധാരണക്കാരിയായി കഴിഞ്ഞു. പട്ടാള കുടുംബത്തിലെ ഒരു പെണ്‍കുട്ടി എന്ന നിലയ്ക്ക് ആ അവസ്ഥകളെ യുദ്ധമെന്നോണം അവര്‍ നേരിട്ടു.തന്നെ കുറ്റപ്പെടുത്തുന്ന തന്റെ താല്‍പ്പര്യങ്ങളെ ഹനിക്കാന്‍ ശ്രമിക്കുന്ന ഏതൊരു വ്യക്തിയെയും നേരിടാന്‍ അവര്‍ ഇന്ന് തയ്യാറാണ്”. മനേഷിന്‍ഡെ പറയുന്നു.
സുശാന്തിന്റെ കുടുംബം എന്തു കൊണ്ടാണ് പ്രതികാരബുദ്ധിയോടെ റിയയോടു പെരുമാറുന്നത് എന്നറിയില്ലെന്നും സിബിഐ,എന്‍സിബി, ഇഡി എന്നീ കേന്ദ്ര ഏജന്‍സികള്‍ അവരെ വേട്ടയാടുന്നത് അവര്‍ വീട്ടമ്മയോ ആ മാന്യ വ്യക്തിയുടെ ലിവ് ഇന്‍ പങ്കാളി ആയതുകൊണ്ടോ ആണ് എന്നാണ് താന്‍ പറയുന്നതെന്നും സതീഷ് വ്യക്തമാക്കി.
ഉപാധികളോടെയാണ് ബോബെ ഹൈക്കോടതി റിയക്ക് ജാമ്യം അനുവദിച്ചത്. ഒരു ലക്ഷം രൂപ കെട്ടിവെക്കാനും പുറത്തിറങ്ങിയ ശേഷം പത്തുദിവസം തുടര്‍ച്ചയായി ഏറ്റവും അടുത്ത പോലീസ് സ്റ്റേഷനിലെത്തി ഒപ്പിടാനും കോടതി റിയയോട് നിര്‍ദേശിച്ചിട്ടുണ്ട്.
പാസ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കാനും കോടതിയുടെ അനുമതിയില്ലാതെ വിദേശത്തേക്ക് പോകരുതെന്നും പറഞ്ഞിട്ടുണ്ട്. എന്നാല്‍ റിയയുടെ സഹോദരന്‍ ഷോവിക്കിന് കോടതി ജാമ്യം നിഷേധിച്ചു.