കണ്ണൂർ: എംഎൽഎയുടെ അനിയൻ റിബൽ സ്ഥാനാർഥിയായി മത്സരിക്കുന്നു. പേരാവൂർ എംഎൽഎ സണ്ണി ജോസഫിന്റെ അനിയൻ ഷാന്റി ജോസഫാണ് ഇരിക്കൂർ ബ്ലോക്കിലെ വട്ട്യാംതോട് ഡിവിഷനിൽ യുഡിഎഫ് റിബലായി മത്സരിക്കുന്നത്.
ഇവിടെ എ ഗ്രൂപ്പ് നേതാവും കെപിസിസി അംഗവുമായ ചാക്കോ പാലക്കലോടാണ് യുഡിഎഫിന്റെ ഔദ്യോഗിക സ്ഥാനാർഥി. മുൻ മണ്ഡലം പ്രസിഡന്റും സംസ്ഥാന സഹകരണ ബാങ്ക് ജീവനക്കാരൻകൂടിയാണ് ഷാന്റി ജോസഫ്.
കണ്ണൂർ കോർപറേഷനിൽ ആലിങ്കൽ ഡിവിഷനിൽ കെ. സുധാകരൻ എംപിയുടെ മരുമകൻ കെ. നിശാന്ത് റിബലായി മത്സരിക്കുന്നുണ്ട്. ഡെപ്യൂട്ടി മേയറായിരുന്ന പി.കെ. രാഗേഷാണ് ഇവിടെ യുഡിഎഫിന്റെ ഔദ്യോഗിക സ്ഥാനാർഥി.
പത്രിക പിൻവലിക്കാൻ വൈകിപ്പോയെന്നാണ് നിശാന്ത് പറയുന്നത്. നിശാന്ത് ഔദ്യോഗിക സ്ഥാനാർഥിക്കുവേണ്ടിയാണ് പ്രവർത്തിക്കുന്നതെന്നും ഡിസിസി പറയുന്നു. കെ. സുധാകരന്റെ വീട് ഇരിക്കുന്ന പ്രദേശമാണ് ആലിങ്കൽ.