പഴയങ്ങാടി(കണ്ണൂർ): പഴയങ്ങാടിയിൽ കോവിഡ് നിരീക്ഷണത്തിലുണ്ടായിരുന്ന യുവാവ് മരിച്ചു. മാടായി പഞ്ചായത്തിലെ മുട്ടം വെള്ളച്ചാൽ സ്വദേശിയും മാടായി വാടിക്കൽ കടവിന് സമീപമുള്ള വാടക ക്വാർട്ടേഴ്സിൽ താമസിച്ചു വരികയായിരുന്ന റിമ്പിൻ ബാബു (18) ആണ് മരിച്ചത്.
ചെന്നൈയിൽ നിന്ന് ഈ മാസം 21 ന് നാട്ടിൽ എത്തിയതായിരുന്നു യുവാവ്. തുടർന്ന് മാടായി പഞ്ചായത്തിലെ പുതിയങ്ങാടിയിലെ ക്വാറന്റൈൻ സെന്ററിൽ നിരീക്ഷണത്തിലായിരുന്നു. കഴിഞ്ഞ ദിവസം രാത്രിയിൽ പനിയും ഛർദിലും വന്നതിനെ തുടർന്ന് കണ്ണൂർ ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും മരിക്കുകയായിരുന്നു.
ആദ്യ സ്രവ പരിശോധന നെഗറ്റീവ് ആയിരുന്നെങ്കിലും മരണശേഷം നടത്തിയ സ്രവ പരിശോധനയുടെ ഫലം വന്നാൽ മാത്രമേ മരണകാരണം വ്യക്തമാകൂ. ഹൃദയസംബന്ധമായ അസുഖങ്ങൾ യുവാവിനുണ്ടായിരുന്നു.
എന്നാൽ തലച്ചോറിലുള്ള അണുബാധയാണ് മരണകാരണമെന്നാണ് പരിയാരം മെഡിക്കൽ കോളജ് അധികൃതർ നൽകുന്ന ആദ്യ വിശദീകരണം. വെള്ളച്ചാലിലെ കൊയ്ലേരിയൻ തങ്കം-ബാബു ഒമ്പതികളുടെ മകനാണ്. ഏക സഹോദരൻ റിജിൻ.