ഷൊർണൂർ: തമിഴ്നാട്ടിൽനിന്നും കേരളത്തിലേക്ക് ലോഡ് കണക്കിന് അനധികൃത അരിയെത്തുന്നു. യാതൊരു തടസങ്ങളുമില്ലാതെയാണ് ദിനംപ്രതി നൂറുകണക്കിനു അരിച്ചാക്കുകൾ ഇവിടേയ്ക്ക് എത്തുന്നത്. തമിഴ്നാടൻ റേഷനരിയാണ് പോളിഷ് ചെയ്ത് പ്രത്യേക ബ്രാൻഡുകളാക്കി പൊതുവിപണികളിൽ എത്തിക്കുന്നത്.തമിഴ്നാട്ടിൽ മൂന്നുരൂപയ്ക്ക് ലഭിക്കുന്ന റേഷനരി പോളിഷ് ചെയ്ത് 40 രൂപ മുതൽ 55 രൂപവരെയാണ് വില.
ഇത്തരം അരിവാങ്ങി വില്പന നടത്തുന്ന അരിക്കടകൾ ജില്ലയുടെ വിവിധ മേഖലകളിൽ വ്യാപകമാണ്. തമിഴ്നാടൻ അരി പോളിഷ് ചെയ്യുന്ന സ്ഥാപനങ്ങളും ഏറെയാണ്. അരിക്കടകളോടു ചേർന്ന് ഇത്തരം പോളിഷ് കേന്ദ്രങ്ങളും പ്രവർത്തിക്കുന്നു. ഇവരെ പിടികൂടാനോ കർശനനടപടിയെടുക്കാനോ യാതൊരു ഇടപെടലും അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നില്ലത്രേ.
ചരക്കുസേവനനികുതിക്കു പിന്നാലെ വാണിജ്യനികുതി ചെക്ക്പോസ്റ്റിലെ പരിശോധന ഇല്ലാത്തതാണ് കള്ളക്കടത്ത് കൂടുന്നതിനു കാരണം. ഇന്റലിജൻസ് സ്ക്വാഡിന്റെ പ്രവർത്തനം സ്തംഭിച്ച സ്ഥിതിയിലാണ്. ഓണക്കാലമായതിനാൽ അരിക്കുപുറമേ മദ്യം ഉൾപ്പെടെയുള്ള ലഹരിവസ്തുക്കൾ, തുണിത്തരങ്ങൾ, പലവ്യഞ്ജനങ്ങൾ എന്നിവയെല്ലാം വ്യാപകമായി അതിർത്തികടന്ന് കേരളത്തിലേക്ക് എത്തുന്നു. കള്ളക്കടത്തുകാർക്ക് ഓണക്കാലം ലാഭത്തിന്റെ പെരുമഴക്കാലമാണ്. സമീപദിവസം 20 ക്വിന്റൽ റേഷനരിയാണ് അധികൃതർ ഒറ്റദിവസം പിടികൂടിയത്. ഇതെല്ലാം തമിഴ്നാടൻ റേഷനരിയായിരുന്നു.
അതേസമയം പരിശോധനാ സംവിധാനങ്ങൾ കാര്യക്ഷമമല്ലെന്ന് അധികൃതർക്കും അഭിപ്രായമുണ്ട്. നൂറുക്കണക്കിനു വാഹനങ്ങളാണ് കോടികളുടെ നഷ്ടംവരുത്തി പൊതുഖജനാവിനെ നോക്കുകുത്തിയാക്കി അതിർത്തികടന്ന് എത്തുന്നത്.
തുണിത്തരങ്ങളും ഇലക്ട്രിക്കൽ ഉപകരണങ്ങളും ഉൾപ്പെടെ ടണ്കണക്കിന് സാധനങ്ങളാണ് അതിർത്തികടന്നുവരുന്നത്. ജിഎസ്ടി നടപ്പാക്കി രണ്ടുമാസമായിട്ടും വാണിജ്യനികുതി വകുപ്പിന്റെ ഇൻറലിജൻസ് സ്ക്വാഡുകളുടെ പ്രവർത്തനം കാര്യക്ഷമമാക്കാൻ സാധിക്കാത്ത സ്ഥിതിയാണ്.
വൻതോതിൽ സ്പിരിറ്റും അതിർത്തികടന്ന് എത്തുന്നതായി സൂചനയുണ്ട്. ആഡംബര വാഹനങ്ങൾ, കുടിവെളളവാഹനങ്ങൾ എന്നിവ ഉപയോഗിച്ചാണ് സ്പിരിറ്റ് കടത്തുന്നത്. ജിഎസ്ടി ഉയർത്തിയ പ്രശ്നങ്ങൾമൂലം മദ്യം ഉത്പാദിപ്പിക്കുന്നതിന് ആവശ്യമായ സ്പിരിറ്റ് ഡിസ്റ്റലറികൾക്ക് കിട്ടാത്ത സ്ഥിതിയും നിലവിലുണ്ട്.