കൊല്ലം: ആന്ധ്രയിൽ നിന്ന് ട്രെയിൻ മാർഗം അരി കൊല്ലത്ത് എത്തിയിട്ട് രണ്ടുവർഷം പിന്നിടുന്നു. ഇതുകാരണം കൊല്ലം റെയിൽവേ സ്റ്റേഷനിലെ ഗുഡ്സ് ഷെഡ് അടച്ചുപൂട്ടലിന്റെ വക്കിൽ. ഷെഡിലെ പല മുറികളും ഇതിന് മുന്നോടിയായി അധികൃതർ പൂട്ടിക്കഴിഞ്ഞു. കേരളത്തിൽ ഏറ്റവും കൂടുതൽ അരിവരുന്ന റെയിൽവേ ഗുഡ്സ് ഷെഡാണിത്.
കൊല്ലത്തെ റെയിൽവേ ഗുഡ്സ് ഷെഡിൽ 800 തൊഴിലാളികൾ നേരിട്ടും രണ്ടായിരത്തോളം പേർ അല്ലാതെയും ജോലി ചെയ്ത് വന്നിരുന്നു. എന്നാൽ കഴിഞ്ഞ രണ്ടുവർഷമായി ആന്ധ്രയിലെ ഈസ്റ്റ് ഗോദാവരി ജില്ലയിലെ കാക്കനാട്ട് നിന്ന് വന്നിരുന്ന അരി എത്താത്തതിനെ തുടർന്ന് ചുമട്ടുതൊഴിലാളികൾക്ക് പൂർണമായും ജോലി നഷ്ടപ്പെടുന്ന അവസ്ഥ സംജാതമായിരിക്കയാണ്.
കൊല്ലത്തെ ഗുഡ്സ് ഷെഡിൽ നിന്ന് അരിയെടുക്കുന്ന മുതലാളിമാർ 80 കോടി രൂപയിൽപ്പരം രൂപ കുടിശിക വരുത്തി എന്നതാണ് ഇതിന് കാരണമായി ആന്ധ്രയിലെ അരിമിൽ ഉടമകൾ പറയുന്നത്. കൊല്ലത്ത് നേരത്ത എത്തിയിരുന്ന അരി തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, ചങ്ങനാശേരി, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലേയ്ക്ക് കൊണ്ടുപോയിരുന്നു.
ഇപ്പോൾ ആന്ധ്രയിൽ നിന്ന് മിൽ ഉടമകൾ ലോറിയിലാണ് അരി കേരളത്തിൽ എത്തിക്കുന്നത്. ഇതാണ് ചുമട്ടുതൊഴിലാളികളെ പ്രതിസന്ധിയിലായിക്കിയത്.
റെയിൽവേ വഴി ഒരു ബോക്സ് (64 ടൺ-866 ചാക്ക്) അരി ആന്ധ്രയിൽ നിന്ന് കൊല്ലത്ത് കൊണ്ടുവരുന്നതിന് ഫ്രൈറ്റ് ചാർജ് 1,12,312 രൂപയാണ്. ഇത് ലോറിയിൽ എത്തിക്കുന്നതിന് 1,72,312 രൂപയാകും.
ഇവ തമ്മിലുള്ള വ്യതാസം ലോറിയിൽ കൊണ്ടുവരുന്പോൾ 60,000 രൂപ കൂടുതലാകും എന്നതാണ്. ഈ അധിക തുക അരിക്ക് വില വർധിപ്പിച്ചാണ് വ്യാപാരികൾ ഉപഭോക്താക്കളിൽ നിന്ന് ഈടാക്കുന്നത്. ഈ പകൽക്കൊള്ള കഴിഞ്ഞ രണ്ടുവർഷമായി തുടരുന്നു.
ട്രെയിനിൽ അരി കൊല്ലത്ത് വന്നിരുന്ന വേളയിൽ കിലോഗ്രാമിന് 23 രൂപ ആയിരുന്നത് ഇപ്പോൾ 38-40 രൂപവരെ എത്തിനിൽക്കുകയാണെന്ന് ക്വയിലോൺ റെയിൽവേ ലോഡിംഗ് ആന്റ് അൺലോഡിംഗ് വർക്കേഴ്സ് കോൺഗ്രസ്-ഐഎൻടിയുസി പ്രസിഡന്റ് കെ.സുരേഷ്ബാബു ചൂണ്ടിക്കാട്ടി. ഓണക്കാലമായതിനാൽ ഇത്തരത്തിൽ അരിക്ക് വില കൂട്ടാൻ വ്യാപാരികൾ തയാറെടുക്കുന്നതായാണ് സൂചനകൾ.
ആന്ധ്രയിലെ അരിമില്ലുകാരും കേരളത്തിലെ അരി വ്യാപാരികളും തമ്മിലുള്ള പ്രശ്നങ്ങളാണ് തൊഴിലാളികളുടെ ജോലി ഇല്ലായ്മയിലേയ്ക്കും അരി വിലവർധനയിലേയ്ക്കും നയിച്ചിട്ടുള്ളത്. ഇത് പരിഹരിക്കാൻ ട്രേഡ് യൂണിയൻ നേതൃത്വം ആന്ധ്രയിൽ പോയി മില്ലുടമകളുമായി ചർച്ച നടത്തിയെങ്കിലും നാളിതുവരെയും തീരുമാനമായിട്ടില്ല.
എൻ.കെ.പ്രേമചന്ദ്രൻ എംപിയുടെ നേതൃത്വത്തിൽ നടത്തിയ ശ്രമങ്ങളോടും മില്ലുടമകൾ നിഷേധ നിലപാടാണ് സ്വീകരിച്ചത്. കഴിഞ്ഞമാസം 28ന് മില്ലുടമകൾ കൊല്ലത്ത് എത്താമെന്ന് ഉറപ്പ് നൽകിയെങ്കിലും അതും ഉണ്ടായില്ല. കൊല്ലത്തെ വ്യാപാരികളുടെ യോഗവും ഇതിനിടയിൽ വിളിച്ചു ചേർക്കുകയുണ്ടായി. ബാങ്ക് വഴി അരിമില്ലുകാർക്ക് പണം അഡ്വാൻസായി നൽകാമെന്ന ഉറപ്പ് വ്യാപാരികൾ നൽകുകയുമുണ്ടായി. എന്നിട്ടും അരിമില്ലുടമകൾ സഹകരിക്കാതെ മാറിനിൽക്കുകയായിരുന്നു.
പ്രശ്ന പരിഹാരത്തിന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിലും ശ്രമങ്ങൾ നടന്നുവരുന്നു. ഓണക്കാലത്ത് സിവിൽ സപ്ലൈസ് കോർപ്പറേഷനും ലോറിയിൽ സംസ്ഥാനത്ത് അരി എത്തിക്കേണ്ട അവസ്ഥയാണ്.
ഈ വിഷയത്തിൽ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ട്രേഡ് യൂണിയൻ പ്രതിനിധികളെ അടക്കം 14ന് ചർച്ചയ്ക്ക് ക്ഷണിച്ചിട്ടുണ്ട്. വില വർധന തടയുന്നതിന് ട്രെയിനിൽ അരി കൊണ്ടുവരുന്നതിനുള്ള ശ്രമങ്ങൾ ഈ യോഗത്തിൽ ഉണ്ടാകുമെന്നാണ് തൊഴിലാളികളുടെ പ്രതീക്ഷ.
കഴിഞ്ഞ രണ്ടുവർഷമായി തുടരുന്ന പ്രതിസന്ധിക്ക് ഇരുവിഭാഗത്തിനും മധ്യേയുള്ള ഇടനിലക്കാരുടെ ഇടപെടലുകളും ഉണ്ടെന്നും സൂചനയുണ്ട്. അരിമിൽ മുതലാളിമാരിൽ ഭൂരിഭാഗത്തിനും ഇപ്പോൾ ടോറസ് അടക്കമുള്ള ലോറികൾ ഉണ്ട്. ഇതിലാണ് അവർ അരി കയറ്റി അയക്കുന്നത്.
കൊല്ലം റെയിൽവേ ഗുഡ്സ് ഷെഡിൽ ഇപ്പോൾ ട്രെയിൻമാർഗം വല്ലപ്പോഴും എത്തുന്ന സിമന്റും വളവും മാത്രമാണ് ചുമട്ടു തൊഴിലാളികളുടെ ഏക ആശ്രയം. ലോറി സമരവും മറ്റും ഉണ്ടാകുന്പോൾ മാത്രമേ ട്രെയിൻമാർഗം സിമന്റ് എത്താറുള്ളൂവെന്നും ചുമട്ടു തൊഴിലാളികൾ പറയുന്നു.
കൊല്ലം റെയിൽവേ ഗുഡ്സ് ഷെഡ് നശിക്കാതിരിക്കാനും ജോലി തിരിച്ചു കിട്ടുന്നതിനുമായി ചുമട്ടുതൊഴിലാളികൾ പ്രക്ഷോഭത്തിന് തയാറെടുക്കുകയാണ്. ആദ്യഘട്ടം എന്ന നിലയിൽ എട്ടിന് രാവിലെ 11ന് കൊല്ലം കളക്ടറേറ്റിലേയ്ക്കേ് മാർച്ചും ധർണയും നടത്തും. ഡിസിസി പ്രസിഡന്റ് ബിന്ദുകൃഷ്ണ ഉദ്ഘാടനം ചെയ്യും.