ഏറ്റുമാനൂർ: അരിചാക്കുകളിൽ അലുമിനിയം ഫോസ്ഫൈഡ് വിതറിയ സംഭവത്തിൽ പരിശോധനാ ഫലം വൈകുന്നു. കഴിഞ്ഞ ഏഴിനാണ് ഏറ്റുമാനൂരിലെ പേരൂർ ജംഗ്ഷനിലുള്ള അരി മൊത്ത കടയിൽ ലോറിയിൽ എത്തിച്ച അരി ചാക്കുകൾക്കിടയിൽ വിഷം വിതറിയത് കണ്ടെത്തിയത്. ഇതേത്തുടർന്ന് ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി സാന്പിളുകൾ ശേഖരിച്ച് തിരുവനന്തപുരം ഗവ. അനലിറ്റിക്കൽ ലാബോറട്ടറിയിലേക്ക് അയച്ചിരുന്നു.
14 ദിവസത്തിനുള്ളിൽ പരിശോധനാ ഫലം ലഭിക്കുമെങ്കിലും 20 ദിവസങ്ങൾ പിന്നിട്ടിട്ടും ഇതുവരെ പരിശോധനാ ഫലം ലഭിച്ചിട്ടില്ല. ഇതിനിടയിൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് വേണ്ടത്ര നടപടി സ്വീകരിച്ചില്ലെന്ന് ആരോപിച്ച് കളക്ടർക്ക് ലഭിച്ച പരാതിയെ തുടർന്ന് റവന്യൂ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ കഴിഞ്ഞ 12ന് ഏറ്റുമാനൂരിലെ കടയിലും ഇവരുടെ തന്നെ അതിരന്പുഴയിലെ അഞ്ച് ഗോഡൗണുകളിലും പരിശോധന നടത്തിയിരുന്നു.
പരിശോധനയിൽ അതിരന്പുഴ ഗോഡൗണിൽ നിന്നും തുറക്കാത്ത നിലയിൽ 13 പായ്ക്കറ്റ് അലൂമിനിയം ഫോസ് ഫൈഡ് കണ്ടെത്തിയിരുന്നു. അന്നും റവന്യൂ അധികൃതർ സാന്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്കായി അയച്ചിരുന്നു.
നിലവിൽ അരി മൊത്ത കടയുടെ ഏറ്റുമാനൂരിലെയും അതിരന്പുഴയിലെയും കടകളും അഞ്ച് ഗോഡൗണുകളും പൂട്ടി സീൽ ചെയ്തിരിക്കുകയാണ്.