കടുത്തുരുത്തി: ഒരുകാലത്ത് നാട്ടിൻപുറങ്ങളിൽ സജീവമായിരുന്ന ചെറുകിട മില്ലുകൾ ഓർമയാകൂന്നു. നെൽക്കൃഷിയുൾപെടെയുള്ളവയുടെ ശോഷണവും കാർഷിക മേഖല നേരിടുന്ന പ്രതിസന്ധികളും താങ്ങാനാവാത്ത വൈദ്യൂതി ചാർജുമാണ് നെല്ലുകുത്തുമില്ലുകൾക്കും തിരിച്ചടിയായത്. ഏതാനും വർഷങ്ങൾക്കു മുന്പ് വരെ ഗ്രാമപ്രദേശങ്ങളിൽ നെല്ലുകുത്തുമില്ലുകൾ സജീവമായിരുന്നു.
നെൽക്കൃഷി സജീവമായിരുന്ന കാലത്ത് ഗ്രാമപ്രദേശങ്ങളിലെ വീടുകളിൽ ഭൂരിഭാഗവും നെല്ല് വീടുകളിൽ പുഴുങ്ങി മില്ലുകളിലെത്തിച്ചു കുത്തി അരിയാക്കുന്ന രീതിയായിരുന്നു പിന്തുടർന്നിരുന്നത്. എന്നാൽ കൃഷി പേരിന് മാത്രമായതിനൊപ്പം നെല്ല് പുഴുങ്ങുന്നതും ഉണങ്ങുന്നതുമെല്ലാം കണി കാണാൻ പോലുമില്ലാത്ത അവസ്ഥയായി.
നാട്ടിൻപുറങ്ങളിലെ നെല്ലുകുത്തുമില്ലുകളിൽ നിന്നും അരി വാങ്ങാൻ ദൂരെ സ്ഥലങ്ങളിൽ നിന്നുള്ളവർ പോലും ഒരുകാലത്ത് എത്തുമായിരുന്നു. നാട്ടിൻപുറങ്ങളിൽ പ്രതാപകാലത്ത് നിരവധി മില്ലുകളാണ് പ്രവർത്തിച്ചിരുന്നത്.
പണ്ടുകാലത്ത് വീടുകളിൽ അരിപ്പൊടിയും ഗോതന്പ് പൊടിയും ഉപയോഗിച്ചുള്ള പലഹാരങ്ങൾ ഉണ്ടാക്കിയിരുന്നതും മില്ലുകളെ സജീവമാക്കിയിരുന്നു.
എന്നാലിന്ന് സമയമില്ലാത്തതും എളുപ്പം നോക്കിയും കടയിൽ നിന്നും വാങ്ങുന്ന റെഡിമെയ്ഡ് പലഹാരങ്ങൾക്ക് ആളുകൾ കൂടുതൽ താൽപര്യം കാണിക്കുന്ന സ്ഥിതിയാണ്. വെളിച്ചെണ്ണ ആട്ടുന്ന മില്ലുകളും ഇന്ന് കാണാനില്ലാത്ത സ്ഥിതിയാണ്. പണ്ടുകാലത്ത് സജീവമായിരുന്ന മില്ലുകളിൽ നിരവധി ആളുകൾക്കു തൊഴിലും ലഭിച്ചിരുന്നു. മില്ലുകളിലേക്ക് ആളുകൾ എത്തുന്നത് കുറഞ്ഞതോടെ മില്ലുടമകൾ മെഷീനുകൾ കിട്ടിയ വിലയ്ക്കു വിറ്റു തലയിൽ നിന്നു ഭാരമൊഴിവാക്കി.
കാർഷിക മേഖല നേരിടുന്ന തിരിച്ചടികളും ഓരോ വർഷവും കൃഷിയിൽ നിന്നും പിന്തിരിയുന്ന ആളുകളുടെ എണ്ണം കൂടിയതും മില്ലുകളുടെ നിലനിൽപ്പിനെയും അപകടത്തിലാക്കി. പൊന്ന് വിളയിച്ചിരുന്ന പാടശേഖരങ്ങൾ കാർഷികേതര ആവശ്യങ്ങൾക്കായി നികത്തിയതു നെൽക്കൃഷിയെ ഇല്ലാതാക്കി. ഇതിനൊപ്പം വൻകിട സ്വകാര്യ കന്പനികൾ ആധുനിക മില്ലുകൾ സ്ഥാപിച്ചു സ്വന്തം ബ്രാൻഡുകളിൽ മെച്ചപ്പെട്ട അരി വിപണികളിലെത്തിച്ചതും ചെറുകിടക്കാർക്ക് തിരിച്ചടിയായി.
കൊയ്ത്തടുക്കുന്പോൾ വൻകിട മില്ലുകാരുടെ ഏജന്റുമാർ കർഷകർക്ക് അഡ്വാൻസ് നൽകി കച്ചവടം ഉറപ്പിക്കും. ഇതും ഈ മേഖലയിലുള്ള ചെറുകിട മില്ലുകളുടെ നിലനിൽപ് അപകടത്തിലാക്കി. വർഷങ്ങൾക്കു മുന്പ് സിവിൽ സപ്ലൈസ് അധികൃതർ ചെറുകിട മില്ലുടമകളെ നെല്ല് ശേഖരിക്കുന്നതിന് ആശ്രയിച്ചിരുന്നു. കൂടാതെ മില്ലിൽ നെല്ല് അരിയാക്കുന്പോൾ ലഭിക്കുന്ന അവശിഷ്ടങ്ങളെല്ലാം ഉപയോഗപ്രദമായിരുന്നു.
നെല്ല്, അരിയാക്കുന്പോൾ ലഭിക്കുന്ന തവിട്, ഉമി, പൊടിയരി എന്നിവയ്ക്കെല്ലാം ആവശ്യക്കാരെത്തിയിരുന്നു. ഉമി മണ്ചട്ടിയിൽ വറുത്ത് കരിയാക്കുന്പോൾ ഉണ്ടാകുന്ന ഉമിക്കരി ദന്തസംരക്ഷണത്തിന് ആയൂർവേദം അനുശാസിക്കുന്ന ഏറ്റവും നല്ല മരുന്നായിരുന്നു.
ഉമി ലഭിക്കാതായതോടെ ഉമിക്കരിയും നാട് നീങ്ങി. കാലം മാറിയതോടെ വർഷങ്ങൾക്കു മുന്പ് സജീവമായിരുന്ന മില്ലുകൾ പലതും കാലത്തിന്റെ യവനികയ്ക്കുള്ളിലേക്കു മറിഞ്ഞു കഴിഞ്ഞു. നാമമാത്രമായ മില്ലുകൾ അവിടവിടെയായി ഇപ്പോഴും പ്രതിസന്ധികളെ അതിജീവിച്ചു പ്രവർത്തിക്കുന്നുണ്ട്.