ആലപ്പുഴ: അരിവില വിപണിയിൽ പിടിച്ചുനിർത്തുന്നതിന്റെ ഭാഗമായി കേരളത്തിലെ എല്ലാ പ്രധാന കേന്ദ്രങ്ങളിലും അടുത്തയാഴ്ചയോടെ അരിക്കടകൾ തുടങ്ങുമെന്ന് ഭക്ഷ്യമന്ത്രി പി. തിലോത്തമൻ. സംസ്ഥാനത്തെ എല്ലാ മാവേലി സ്റ്റോറുകളിലുമായി അടുത്തദിവസം തന്നെ 1000 ടണ്‍ അരി എത്തിക്കുമെന്നും മന്ത്രി പറഞ്ഞു. ആലപ്പുഴയിൽ ആരംഭിച്ച അരിക്കടയുടെ ഉദ്ഘാടനച്ചടങ്ങിന്റെ ഭാഗമായ സമ്മേളനോദ്ഘാടനം ശവക്കോട്ട പാലത്തിനു സമീപം പ്രവർത്തിക്കുന്ന സപ്ലൈകോ പീപ്പിൾസ് ബസാറിനു സമീപം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
സംസ്ഥാനത്ത് അരിവില ചില മാധ്യമങ്ങൾ പെരുപ്പിച്ചു കാട്ടുന്നു. ആന്ധ്ര ജയ അരിയുടെ വില മാത്രമാണ് കൂടുതൽ വർധിച്ചത്. മറ്റുള്ളവയ്ക്ക് രണ്ടുമുതൽ മൂന്നുരൂപ വരെയാണ് വർധന. സപ്ലൈകോ വഴി ജയലളിത ബ്രാന്റ് അരി നാളെ മുതൽ 40, 41 രൂപയ്ക്ക് നൽകാൻ കഴിയുമെന്ന് മന്ത്രി പറഞ്ഞു. ഓയിൽ പാം ഉൽപ്പാദിപ്പിക്കുന്ന കുട്ടനാട് ബ്രാൻഡഡ് അരി പൂർണമായി സർക്കാർ ഏറ്റെടുത്തു വിതരണം ചെയ്യും. കർണാടക, യുപി, ഗുജറാത്ത് എന്നിവിടങ്ങളിലെ ജയ അരിയും കേരളത്തിൽ ലഭ്യമാക്കും.
കൊല്ലത്തെ അരിക്കച്ചവടക്കാരുടെ ലോബി വില കൂട്ടാൻ സംഘടിതമായി ശ്രമിക്കുന്നുവെന്നും മന്ത്രി ചൂണ്ടിക്കാട്ടി. എഫ്സിഐയിൽനിന്ന് സപ്ലൈകോ അരി ഏറ്റെടുത്ത് റേഷൻകടയുടെ വാതിൽപ്പടിവരെ എത്തിക്കുന്ന സംവിധാനത്തിന്റെ പൈലറ്റ് പദ്ധതി കൊല്ലത്ത് ഒന്പതിനു മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
അരിക്കടയുടെ ഉദ്ഘാടനം മന്ത്രി ജി. സുധാകരൻ നിർവഹിച്ചു. മുഖ്യപ്രഭാഷണവും ആദ്യവിൽപ്പനയും കെ.സി. വേണുഗോപാൽ എംപി നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാൽ അധ്യക്ഷത വഹിച്ചു.