വിശക്കുമ്പോഴാണ് ഭക്ഷണം കഴിക്കുന്നതെങ്കിലും സ്വാദ് നോക്കി കഴിക്കുന്നവരും ആരോഗ്യം നോക്കി ഭക്ഷണം കഴിക്കുന്നവരുമുണ്ട്. അസുഖങ്ങള്‍ ഉള്ളവരെപ്പോലെ ആരോഗ്യത്തോടെ ഇരിക്കുന്നവരും ഭക്ഷണക്രമത്തില്‍ വലിയ ശ്രദ്ധാലുക്കളാണ്. എന്നാല്‍ മറ്റു ചിലര്‍ നേരെ തിരിച്ചാണ്. വിശപ്പ് മാറുക എന്നതുപോലെ ഏറ്റവും സ്വാദോടെ ഭക്ഷണം കഴിക്കുക എന്നതാണ് അവരുടെ നിലപാട്.
ഉപ്പും,മുളകും,പുളിയും,എരിവുമൊക്കെ ആവശ്യത്തിനെന്നതിലുപരി കൂടുതലായി ചേര്‍ക്കുന്ന വിഭവങ്ങള്‍ക്കാണ് ആവശ്യക്കാര്‍ അധികവും. അതുപോലെതന്നെ മസാലകള്‍ പോലെ ആളുകള്‍ക്ക് പ്രിയപ്പെട്ടതാണ് വെണ്ണയും. നമ്മള്‍ കഴിക്കുന്ന ചില വിഭവങ്ങള്‍ക്ക് സ്വാദ് കൂട്ടാനായാണ് സാധാരണയായി വെണ്ണ ഉപയോഗിക്കുന്നത്.
എന്നാല്‍ ആ പതിവ് ഇവിടെ തെറ്റിയിരിക്കുകയാണ്. ഫ്രൈഡ് റൈസ് പോലുള്ള ഭക്ഷണയിനങ്ങള്‍ ഉണ്ടാക്കുമ്പോള്‍ ആദ്യമോ അല്ലെങ്കിൽ അവസാനഘട്ടത്തിലോ വെണ്ണ ചേര്‍ക്കാറുള്ളതാണ്. എന്നാല്‍ 300ഗ്രാം വെണ്ണയില്‍ ചോറ് പാകം ചെയ്താല്‍ എന്തായിരിക്കും സംഭവിക്കുക. ഇത്തരത്തില്‍ ചോറ് പാകം ചെയ്യുന്ന വീഡിയോയാണ് ഇപ്പോള്‍ സമൂഹ മാധ്യമത്തില്‍ ചര്‍ച്ചയാകുന്നത്.
വീഡിയോ തുടങ്ങുമ്പോള്‍ ഒരു പാന്‍ ചൂടാക്കി അതിലേക്ക് 100ഗ്രാമിന്‍റെ മൂന്ന് പാക്കറ്റ് വെണ്ണ ഇടുന്നത് കാണാം. പിന്നാലെ കറിവേപ്പിലയും മസാലയും കുറച്ച് പച്ചക്കറികളും ചേര്‍ത്തതിനുശേഷം ഒരു പാത്രത്തില്‍ വേവിച്ചുവെച്ചിരിക്കുന്ന ചോറ് ചേര്‍ത്തിളക്കി പാകം ചെയ്യുകയാണ്. എന്നാല്‍ വിഭവം ഉണ്ടാക്കിയശേഷം വിളമ്പി നല്‍കുമ്പോഴും 100ഗ്രാമിന്‍റെ ഒരു വെണ്ണയുടെ പാക്കറ്റും ഒപ്പം നല്‍കുന്നുണ്ട്.
ഹാര്‍ട്ട് അറ്റാക്ക് ബ്രൗണ്‍ റൈസ് എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പ്രചരിക്കുന്നത്. 4.2ദശലക്ഷത്തിലധികം ആളുകളാണ് വീഡിയോ ഇതുവരെ കണ്ടിരിക്കുന്നത്. എന്നാല്‍ വെണ്ണയുടെ അമിത ഉപയോഗത്തെക്കുറിച്ചുള്ള കമന്‍റുകളാണ് വീഡിയോയ്ക്ക് ലഭിച്ചത്.
ഒരു പ്ലേറ്റ് ഹാര്‍ട്ട് അറ്റാക്ക് റൈസ് തരൂ, ഒരു പ്ലേറ്റ് ഫുള്‍ ബട്ടര്‍ അരികൊണ്ട് അലങ്കരിച്ചത്, വെണ്ണയില്‍ അല്പം അരി വീണിരിക്കുന്നു എന്നിങ്ങനെയുള്ള വിമർഷിച്ചുകൊണ്ടുള്ള പ്രതികരണങ്ങളാണ് ഈ വിഭവത്തിന് കിട്ടിയത്.