പൂച്ചയ്ക്കെന്താ പൊന്നുരുക്കുന്നിടത്ത് എന്ന പഴഞ്ചൊല്ല് പ്രസിദ്ധമാണല്ലൊ. എന്നാല്‍ തങ്ങള്‍ക്ക് പലതും അപ്രാപ്യമല്ലെന്ന് തെളിയിക്കുകയാണ് ഈ പൂച്ചകള്‍ ഇപ്പോള്‍. പുറം രാജ്യത്തെ ഒരു റെയില്‍വേ സ്റ്റേഷന്റെ ചുമതലയുള്ള പൂച്ചയുടെ കഥ കഴിഞ്ഞയിടെ ആളുകളെ അത്ഭുതപ്പെടുത്തിയിരുന്നല്ലൊ.
എന്നാല്‍ തങ്ങള്‍ അതുക്കും മേലെയാണെന്ന് തെളിയിക്കുകയാണ് പൂച്ചകള്‍. ഇപ്പോഴിതാ കോടീശ്വരനായ ഒരു പൂച്ചയാണ് സമൂഹ മാധ്യമങ്ങളിലെ ചര്‍ച്ച. ലോകത്തിലെ ഏറ്റവും ധനികയായ പൂച്ച എന്ന റിക്കാര്‍ഡ് നള കഴിഞ്ഞദിവസം സ്വന്തമാക്കുകയുണ്ടായി.
നള എന്നാണ് ഈ പൂച്ചയുടെ പേര്. വാരിസിരി എന്ന പൂക്കിയുടെ പൂച്ചയാണിത്. അവര്‍ ഇതിനെ ലോസ് ഏഞ്ചല്‍സിലെ ഒരു മൃഗസംരക്ഷണ കേന്ദ്രത്തില്‍ നിന്നുമാണ് കണ്ടെത്തിയത്. ആദ്യ കാഴ്ചയില്‍ വല്ലാതെ ഇഷ്ടം തോന്നിയ പൂച്ചയെ അവര്‍ സ്വന്തമാക്കുകയായിരുന്നു.
പിന്നീട് സമൂഹ മാധ്യമങ്ങളില്‍ അതിനൊരു അക്കൗണ്ടും വാരിസിരി തയാറാക്കി. അതങ്ങ് ഹിറ്റായി. 2012ല്‍ ആണ് നള ഇന്‍സ്റ്റഗ്രാമില്‍ എത്തിയത്. നിലവില്‍ നാല് ദശലക്ഷത്തിലധികം ഇന്‍സ്റ്റാഗ്രാം ഫോളോവേഴ്സ് ഈ പൂച്ചയ്ക്കുണ്ട്.
84 മില്യണ്‍ പൗണ്ട് ആസ്തിയുമുണ്ട്. നിലവില്‍ 7,000 ഇന്‍സ്റ്റാഗ്രാം പോസ്റ്റുകളുണ്ട്. ഓരോ ഇന്‍സ്റ്റാഗ്രാം പോസ്റ്റിനും 12,000 പൗണ്ട് അതായത് പന്ത്രണ്ടര ലക്ഷത്തിലധികം തുക ലഭിക്കുമത്രെ. എന്തായാലും സമ്പന്നയായ പൂച്ച എന്ന അഹങ്കാരമൊന്നും നളയ്ക്കില്ല. തനിക്കിഷ്ടമുള്ള ഭക്ഷണവും കഴിച്ച് ഉടമയ്ക്കരികില്‍ മുട്ടിയുരുമ്മി അങ്ങനെ നടക്കുകയാണ് നള.