‘ഒരു അഡള്‍ട്ട് താരത്തെ പോണ്‍ താരം എന്ന് വിളിക്കുന്നത് പുരുഷ മേധാവിത്വത്തിന്റെ ലക്ഷണമാണ് ! ഷക്കീലയുടെ സിനിമയെല്ലാം കണ്ടിട്ട് അവരെ അധിക്ഷേപിക്കുന്നോയെന്ന് റിച്ച മിശ്ര

ഒരു കാലത്ത് തെന്നിന്ത്യന്‍ സിനിമാപ്രേമികളുടെ ആവേശമായിരുന്നു ഷക്കീല. തൊണ്ണൂറുകളില്‍ ബോക്സോഫീസ് ഭരിച്ച താരം. എങ്കിലും മാദക നടി, പോണ്‍ നടി എന്നീ വിശേഷണങ്ങളില്‍ മാത്രം അവരെ ഒതുക്കി. സില്‍ക്ക് സ്മിത യുഗത്തിനു ശേഷമായിരുന്നു ഷക്കീലയുടെ കടന്നുവരവ്. പിന്നീട് ഷക്കീലയുടെ കാലമായിരുന്നു. ഇപ്പോള്‍ ഷക്കീലയുടെ ജീവിതവും സിനിമയാവുകയാണ്. ഷക്കീലയായെത്തുന്നത് ബോളിവുഡ് താരം റിച്ച ചദ്ദ. ഒരു അഭിമുഖത്തില്‍ ഷക്കീലയെ പോണ്‍ താരമെന്ന് വിളിക്കുന്നതിനെതിരെ റിച്ച പ്രതികരിച്ചു.

അഡള്‍ട് സിനിമാതാരത്തെ പോണ്‍ താരം എന്ന് വിളിക്കുന്നത് പുരുഷ മേധാവിത്വത്തിന്റെ ലക്ഷണമാണെന്ന് പറയുകയാണ് നടി റിച്ച. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഷക്കീലയായെത്തുന്ന റിച്ച പ്രതികരിച്ചത്.

‘ഒരു അഡള്‍ട് താരത്തെ പോണ്‍ താരം എന്ന് വിളിക്കുന്നത് പുരുഷ മേധാവിത്വത്തിന്റെ ലക്ഷണമാണ്. അഡള്‍ട്ട് വിഷയം കൈകാര്യം ചെയ്യുന്ന സിനിമകളുടെ ഭാഗമായ ഒരു അഭിനേത്രിയോട് അനാദരവ് കാണിക്കുകയാണ് നിങ്ങള്‍ ചെയ്യുന്നത്.. എന്നിട്ട് ആ ചിത്രങ്ങള്‍ തന്നെ നിങ്ങള്‍ ധാരാളം കാണുകയും ചെയ്യുന്നു. ആ ചിത്രങ്ങള്‍ പണം വാരുകയും ചെയ്യുന്നു. എന്ത് കാപട്യമാണിത്. ഇവിടെ ഒരു മാര്‍ക്കറ്റ് ഉള്ളതു കൊണ്ടാണ് അഡള്‍ട്ട് ചിത്രങ്ങള്‍ ഉണ്ടാകുന്നത്’ റിച്ച പറഞ്ഞു.

ഇന്ദ്രജിത് ലങ്കേഷ് സംവിധാനം ചെയ്യുന്ന ‘ഷക്കീല’യുടെ ടാഗ്ലൈന്‍ തന്നെ ‘പോണ്‍ താരമല്ല’ (നോട്ട് എ പോണ്‍ സ്റ്റാര്‍) എന്നാണ്. ഷക്കീല ഒരു പോണ്‍ താരമല്ലെന്നും അവരുടെ ജീവിതത്തിലെ ആരും കാണാത്ത യാത്രയാണ് ചിത്രത്തില്‍ കാണാന്‍ പോകുന്നതെന്നും റിച്ച വ്യക്തമാക്കി. കരിയറിന്റെ ഉയരത്തില്‍ നിന്നിരുന്നപ്പോള്‍ അവരെപ്പറ്റി ആളുകള്‍ എന്ത് പറഞ്ഞിരുന്നു എന്നതിനെക്കുറിച്ച് തര്‍ക്കിക്കാന്‍ നില്‍ക്കേണ്ട കാര്യമില്ല.

ആളുകള്‍ അവരുടെ ചിത്രങ്ങള്‍ കണ്ടാണ് അവരെ പോണ്‍ താരം എന്ന് വിളിച്ചത്. എന്നാല്‍ അവര്‍ അതല്ല. ഈ ചിത്രത്തില്‍ ഒരു നടിയുടെ, അവരുടെ ജീവിതത്തിലെ ആരും കാണാത്ത യാത്രകളെക്കുറിച്ചാണ് പറയുന്നത്. അത് കണ്ടിട്ട് ആളുകള്‍ പറയട്ടെ, അവര്‍ക്ക് ആ ടാഗ് കൊണ്ടുനടക്കേണ്ട ആവശ്യമുണ്ടോ എന്ന്’ റിച്ച വ്യക്തമാക്കി.

Related posts