മുംബൈ: ആർക്കെങ്കിലും തന്റെ സുരക്ഷ ഉറപ്പുനൽകാൻ കഴിയുമെങ്കിൽ സിനിമാ മേഖലയിൽ താൻ നേരിട്ട ലൈംഗിക പീഡനങ്ങളെ സംബന്ധിച്ചു തുറന്നുപറയാൻ തയാറാണെന്ന് ബോളിവുഡ് നടിയും മോഡലുമായ റിച്ച ഛദ്ദ. ഇത്തരത്തിൽ സുരക്ഷയൊരുക്കുമെങ്കിൽ താൻ മാത്രമല്ല, ആയിരക്കണക്കിനുപേർ തുറന്നുപറച്ചിലുകൾ നടത്തുമെന്നും പിടിഐക്കു നൽകിയ അഭിമുഖത്തിൽ നടി പറഞ്ഞു.
നിങ്ങൾ എനിക്കു ജീവിതകാലം മുഴുവൻ പെൻഷൻ തന്നാൽ, എന്റെയും കുടുംബത്തിന്റെയും സുരക്ഷ ഉറപ്പുനൽകിയാൽ, ടിവിയിലും സിനിമയിലും എനിക്ക് തുടരാൻ കഴിയുമെങ്കിൽ, എന്റെ കരിയർ തടസമില്ലാതെ പോകുമെങ്കിൽ പേരുകൾ തുറന്നുപറയാനും ചിലരെ നാണംകെടുത്താനും ഞാൻ തയാറാണ്- റിച്ച പറഞ്ഞു. എന്നാൽ ആരു തനിക്കു സുരക്ഷ ഒരുക്കുമെന്ന ചോദ്യവും നടി ഉന്നയിക്കുന്നു. ഇരകൾക്കു സുരക്ഷ ഒരുക്കുന്നതിനുള്ള പരിസ്ഥിതി സിനിമാ മേഖലയ്ക്കും സമൂഹത്തിനും നഷ്ടമായെന്നും നടി കൂട്ടിച്ചേർത്തു.
ഹോളിവുഡിൽ ഉയർന്ന ലൈംഗിക ആരോപണങ്ങളുടെ തരത്തിൽ ബോളിവുഡിൽ തുറന്നുപറച്ചിലുകൾ നടന്നാൽ നമുക്കു നിരവധി നായകൻമാരെ നഷ്ടപ്പെടുമെന്നു റിച്ച കഴിഞ്ഞ ദിവസം തുറന്നടിച്ചിരുന്നു. ഇങ്ങനെ സംഭവിച്ചാൽ സ്ത്രീപക്ഷ സിനിമകൾ എടുക്കുകയും പുരോഗമന വാദികളാണെന്ന് അവകാശപ്പെടുകയും ചെയ്യുന്നവരുടെ യഥാര്‍ഥ മുഖം പുറത്താകുമെന്നും അവർ ബ്ലോഗിൽ കുറിച്ചു. ഇതേതുടർന്ന് നടി ആരോപണവിധേയരുടെ പേരു വെളിപ്പെടുത്താത്തതിനെതിരേ വിമർശനങ്ങൾ ഉയർന്നു. പിന്നാലെയാണ് റിച്ച കൂടുതൽ വിശദീകരവുമായി രംഗത്തെത്തിയത്.