ധാംബുള്ള: എസിസി ഏഷ്യ കപ്പ് വനിതാ ട്വന്റി-20 ക്രിക്കറ്റിൽ ഇന്ത്യക്കു തുടർച്ചയായ രണ്ടാം ജയം. ഗ്രൂപ്പ് എയിൽ ആദ്യമത്സരത്തിൽ പാക്കിസ്ഥാനെ ഏഴു വിക്കറ്റിനു കീഴടക്കിയ ഇന്ത്യ, രണ്ടാം മത്സരത്തിൽ യുഎഇയെ 78 റണ്‍സിനു തകർത്തു.
29 പന്തിൽ 12 ഫോറും ഒരു സിക്സും അടക്കം 64 റണ്‍സുമായി പുറത്താകാതെനിന്ന വിക്കറ്റ് കീപ്പർ ബാറ്റർ റിച്ച ഘോഷിന്റെ ഇന്നിംഗ്സാണ് ഇന്ത്യക്കു ജയമൊരുക്കുന്നതിൽ നിർണായകമായത്. പ്ലെയർ ഓഫ് ദ മാച്ചും റിച്ചയാണ്. സ്കോർ: ഇന്ത്യ 201/5 (20). യുഎഇ 123/7 (20).
ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ ബാറ്റിംഗ് തെരഞ്ഞെടുത്തു. ഓപ്പണർമാരായ ഷെഫാലി വർമയും (18 പന്തിൽ 37) സ്മൃതി മന്ദാനയും (ഒന്‍പത് പന്തിൽ 13) വെടിക്കെട്ട് തുടക്കം കുറിച്ചു. എന്നാൽ, സ്കോർ 23ൽ നിൽക്കുന്പോൾ സ്മൃതി പുറത്ത്.
മൂന്നാം നന്പറായെത്തിയ ഡിലൻ ഹേമലതയ്ക്ക് (2) അധികനേരം ക്രീസിൽ തുടരാൻ സാധിച്ചില്ല. ഹർമൻപ്രീത് കൗർ 47 പന്തിൽ 66 റണ്‍സുമായി ആദ്യ രക്ഷാപ്രവർത്തനം നടത്തി. ഏഴ് ഫോറും ഒരു സിക്സും അടങ്ങുന്നതായിരുന്നു ഹർമൻപ്രീതിന്റെ ഇന്നിംഗ്സ്. ജമീമ റോഡ്രിഗസ് (14) വേഗത്തിൽ മടങ്ങി. തുടർന്നായിരുന്നു ആറാം നന്പറായി റിച്ച എത്തിയത്.
202 റണ്‍സ് എന്ന കൂറ്റൻ ലക്ഷ്യത്തിനായി ക്രീസിലെത്തിയ യുഎഇക്കു കാര്യങ്ങൾ എളുപ്പമല്ലായിരുന്നു. ക്യാപ്റ്റൻ ഇഷാ ഓസ (36 പന്തിൽ 38) ഒരറ്റത്തു നിന്നെങ്കിലും 7.3 ഓവറിൽ 36 റണ്‍സ് എടുക്കുന്നതിനിടെ മൂന്നു വിക്കറ്റ് നഷ്ടമായി. കവിഷ എഗ്ഗോഡ്ഗെയാണ് (32 പന്തിൽ 40 നോട്ടൗട്ട്) യുഎഇ ഇന്നിംഗ്സിലെ ടോപ് സ്കോറർ. മൂന്നു ഫോറും ഒരു സിക്സും അടങ്ങുന്നതായിരുന്നു കവിഷയുടെ ഇന്നിംഗ്സ്. ഇന്ത്യക്കുവേണ്ടി ദീപ്തി ശർമ രണ്ടു വിക്കറ്റ് വീഴ്ത്തി. രണ്ടാം ജയത്തോടെ ഇന്ത്യ സെമി ഫൈനലിലേക്ക് അടുത്തു.
പാക് ജയം
ഗ്രൂപ്പ് എയിൽ ഇന്നലെ നടന്ന രണ്ടാം മത്സരത്തിൽ പാക്കിസ്ഥാൻ 49 പന്ത് ബാക്കിനിൽക്കേ ഒന്‍പതു വിക്കറ്റിന് നേപ്പാളിനെ തകർത്ത് ആദ്യജയം സ്വന്തമാക്കി. ഇതോടെ പാക്കിസ്ഥാൻ സെമി ഫൈനൽ സാധ്യത നിലനിർത്തി. സ്കോർ: നേപ്പാൾ 108/6 (20). പാക്കിസ്ഥാൻ 110/1 (11.5).
ഓപ്പണർമാരായ ഗുൾ ഫെറോസ (35 പന്തിൽ 57), മുനീബ അലി (34 പന്തിൽ 46 നോട്ടൗട്ട്) എന്നിവരുടെ ബാറ്റിംഗായിരുന്നു പാക്കിസ്ഥാന് ആധികാരിക ജയം സമ്മാനിച്ചത്.