ന്യൂഡൽഹി: രാജ്യത്തെ 50 വലിയ കുടിശികക്കാരുടെ 68,607 കോടി രൂപ എഴുതിത്തള്ളിയ നടപടിയെ വിമർശിച്ച് ബോളിവുഡ് താരം റിച്ച ഛദ്ദ.
ആർബിഐ എന്തുകൊണ്ടാണ് എല്ലാവരുടെയും വായ്പ എഴുതിത്തള്ളാ ത്തതെന്നായിരുന്നു റിച്ചയുടെ ചോദ്യം. ട്വിറ്ററിൽ കൂടിയായിരുന്നു താരത്തിന്റെ പ്രതികരണം. ട്വീറ്റിനെത്തുടർന്ന് താരത്തിനെതിരേ സോഷ്യൽ മീഡിയയിൽ വ്യപക സൈബർ ആക്രമണമാണ്.
കിംഗ്ഫിഷർ എയർലൈൻസിന്റെ പേരിൽ ആയിരങ്ങൾ തുലച്ച മദ്യരാജാവ് വിജയ് മല്യ, വജ്രവ്യാപാരികളായ മെഹുൽ ചോക്സി, ജതിൻ മേത്ത, റോട്ടോമാക് ഗ്രൂപ്പിന്റെ വിക്രം കോഠാരി തുടങ്ങിയവരുടെ വായ്പകൾ എഴുതിത്തള്ളിയവയിൽ ഉൾപ്പെടുന്നു.
ഇപ്പോൾ പതഞ്ജലി ഗ്രൂപ്പ് കൈവശപ്പെടുത്തിയ രുചി സോയയുടെ കടവും എഴുതിത്തള്ളിയിട്ടുണ്ട്. സാകേത് ഗോഖലെ വിവരാകാശപ്രകാരം റിസർവ് ബാങ്കിൽ അപേക്ഷിച്ചപ്പോൾ നൽകിയ ഉത്തരത്തിലാണ് ഈ വിവരങ്ങൾ ഉള്ളത്.
മെഹുൽ ചോക്സിയുടെ ഗീതാഞ്ജലി ജെംസ്, ഗിലി ഇന്ത്യ, നക്ഷത്ര ബ്രാൻഡ്സ് എന്നീ കന്പനികളുടെ മൊത്തം 8048 കോടി രൂപ എഴുതിത്തള്ളി. ജതിൻ മേത്തയുടെ വിൻസം ഡയണ്ട്സിന്റെ (പഴയ സു-രാജ് ഡയമണ്ട്സ്) 4076 കോടി രൂപ എഴുതിത്തള്ളി.
മല്യയുടെ കിംഗ്ഫിഷർ എയർലൈൻസിന്റെ 1943 കോടി രൂപ, രുചി സോയയുടെ 2212 കോടി രൂപ, സന്ദീപ് ജുൻജുൻവാലയും സഹോദരന്മാരും നടത്തിയിരുന്ന ബസ്മതി അരി കയറ്റുമതി സ്ഥാപനമായ റൈ അഗ്രോയുടെ 4314 കോടി, റോട്ടോമാക് ഗ്ലോബലിന്റെ 2850 കോടി, പഞ്ചാബിൽ ജിതേന്ദ്രസിംഗും കുടുംബവും നടത്തിയിരുന്ന കുഡോസ് കെമീ എന്ന ഔഷധക്കന്പനിയുടെ 2326 കോടി, വിജയ് ചൗധരി എന്നയാൾ തുടങ്ങിയ റിയൽ എസ്റ്റേറ്റ് കന്പനി സൂം ഡെവലപ്പേഴ്സിന്റെ 2012 കോടി, ജതിൻ മേത്തയുടെ അഹമ്മദാബാദിലെ കന്പനി ഫോറെവർ പ്രെഷ്യസ് ജ്വല്ലറിയുടെ 1962 കോടി എന്നിങ്ങനെ എഴുതിത്തള്ളിയവയുടെ പട്ടിക നീളുന്നു.
ഉത്തരം പറയാതെ ധനമന്ത്രി
രാഹുൽ ഗാന്ധി ഈ പട്ടിക ആവശ്യപ്പെട്ടു ലോക്സഭയിൽ ചോദ്യം ഉന്നയിച്ചപ്പോൾ ധനമന്ത്രി ഉത്തരം നൽകാൻ തയാറായിരുന്നില്ല. മാർച്ച് 16ന് ലോക്സഭയിൽ താൻ ഇന്ത്യയിലെ ഏറ്റവും വലിയ 50 ബാങ്ക് കള്ളൻമാരുടെ വിവരം ചോദിച്ചിരുന്നു.
പക്ഷേ ധനമന്ത്രി നിർമല സീതാരാമൻ അതിനുത്തരം നൽകിയിരുന്നില്ല. ഇപ്പോൾ ബിജെപിയുടെ സുഹൃത്തുക്കളായ നിരവ് മോദി, മെഹുൽ ചോക്സി എന്നിവരടക്കമുള്ളവരുടെ പേര് ആർബിഐ പുറത്തുവിട്ടിരിക്കുന്നു. ഇതുകൊണ്ടാണ് സത്യം അവർ മറച്ചുവെച്ചതെന്നും രാഹുൽ പ്രതികരിച്ചു.
രാജ്യത്ത് കർഷകർക്കും മറ്റും കടാശ്വാസം നൽകാൻ ഗവൺമെന്റും ബാങ്കുകളും തയാറല്ലാത്തപ്പോഴാണ് ബാങ്കുകളെ പറ്റിച്ചവരുടെ കടങ്ങൾ എഴുതിത്തള്ളിയത്.
കടം എഴുതിത്തള്ളുന്പോൾ ബാങ്കിന്റെ ലാഭനഷ്ട കണക്കിൽനിന്ന് അതു മാറ്റുന്നു എന്നേയുള്ളൂ. തുക ഈടാക്കാനുള്ള നടപടികൾ തുടരും. തുക കിട്ടുന്പോൾ അതു ബാങ്കിനു ലാഭമായി രേഖപ്പെടുത്തും.
കടം തിരിച്ചടയ്ക്കാനുള്ളവരുടെ ബാധ്യത എഴുതിത്തള്ളലിന്റെ പേരിൽ ഇല്ലാതാകുന്നില്ല. നേരത്തെയും ചൈന വൈറസ് ഗോ ബാക്ക് എന്ന മുദ്രാവാക്യം വിളിച്ചെത്തിയ ബിജെപി നേതാവിനെ റിച്ച ഛദ്ദ വിമർശിച്ചിരുന്നു.
കൊറോണ വൈറസ് രോഗം ലോകം മുഴുവനും പടരുന്ന സാഹചര്യത്തില്‍ വിവാഹം മാറ്റിവെച്ചിരിക്കുകയാണ് ബോളിവുഡ് നടി റിച്ച ഛദ്ദയും നടന് അലി ഫസലും. ഈ ഏപ്രിൽ 15ന് നടക്കേണ്ട വിവാഹമാണ് കൊവിഡ് 19ന്റെ സാഹചര്യത്തില്‍ മറ്റൊരു ദിവസത്തിലേക്ക് മാറ്റിവെച്ചിരിക്കുന്നത്.