ദോഹ: അട്ടിമറികൾ തുടർക്കഥയായ ഖത്തർ ലോകകപ്പിൽ കാനറിപ്പടയ്ക്കും കാലിടറുമെന്ന് പ്രതീക്ഷിച്ച “നിഷ്പക്ഷരെ’ ഞെട്ടിച്ച് കൊണ്ടാണ് 73-ാം മിനിറ്റിലെ ആ തകർപ്പൻ ഷോട്ട് സെർബിയൻ വലയിൽ പതിച്ചത്.
സിസർ കട്ടിനും വോളി ഷോട്ടിനുമിടയിലുള്ള അന്തർധാര സജീവമെന്ന് തോന്നിപ്പിക്കുന്ന രീതിയിൽ അതിവേഗം കുതിച്ചെത്തിയ ഷോട്ട് പിറന്നത് മഞ്ഞപ്പടയുടെ വിഖ്യാതമായ ഒന്പതാം നന്പർ ജേഴ്സിയുടെ പുതിയ അവകാശി റിച്ചാലിസൺ ഡെ അന്ദ്രാദെയുടെ കാലിൽ നിന്നായിരുന്നു.
അമിത കാൽപനികവത്കരണത്തിലും വിപ്ലവ കഥകളുടെ അടിച്ചേൽപ്പിക്കലിലും മുങ്ങിപ്പോകുന്ന ലാറ്റിൻ അമേരിക്കൻ ഫുട്ബോളിൽ വന്യമായ കരുത്തിന്റെ പുതു പ്രതീകമാണ് റിച്ചാലിസൺ.
ഇടംകാലിലെ മാന്ത്രികതയോ തെരുവ് മുത്തശിമാരുടെ വീര കവിതകളിലെ നായകസ്ഥാനമോ അവകാശപ്പെടാനില്ലാത്ത ഈ താരം, കാഠിന്യമേറിയ ബ്രസീലിയൻ ഫവേല ജീവിതത്തിന്റെ സന്തതിയാണ്.
ഈ സീസണിലെ ഒന്പത് മത്സരങ്ങളിൽ നിന്ന് ബ്രസീലിനായി ഏഴ് ഗോൾ നേടി സാക്ഷാൽ നെയ്മറിനെ വരെ മറികടന്ന 25-കാരനായ താരം, എസ്പരിറ്റോ സാന്റോ പ്രവിശ്യയിലെ നോവ വെനിസ്യ തെരുവിലാണ് പന്ത് തട്ടി വളർന്നത്.
കൽപ്പണിക്കാരനായ അച്ഛന്റെയും ഐസ്ക്രീം വിൽപ്പനക്കാരിയായ അമ്മയുടെയും അഞ്ച് മക്കളിൽ മൂത്തയാളായ റിച്ചാലിസൺ, ചെറുപ്പത്തിൽ തന്നെ തെരുവിൽ ചോക്ലേറ്റും ഐസ്ക്രീമും വിൽക്കാൻ ആരംഭിച്ചു.
മാഫിയ സംഘങ്ങളുടെ സ്വാധീനത്തിൽപ്പെട്ട് കൂട്ടുകാരിൽ പലരും ലഹരിമരുന്ന് വിൽപ്പന ആരംഭിച്ചെങ്കിലും താൻ അതിൽ അകപ്പെട്ടില്ലെന്ന് താരം നേരത്തെ വെളിപ്പെടുത്തിയിരുന്നു.
14-ാം വയസിൽ ലഹരിമരുന്ന് മോഷ്ടിച്ച കുട്ടിയെന്ന് തെറ്റിദ്ധരിച്ച് ഒരാൾ തന്റെ നെറ്റിയിൽ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയതായും താരം പറഞ്ഞിരുന്നു.
പ്രദേശത്തെ ഫുട്ബോൾ സ്നേഹിയായ വ്യവസായിയുടെ കണ്മുന്നിൽ പന്ത് തട്ടിയതാണ് റിച്ചാലിസന്റെ ജീവിതം മാറ്റിമറിച്ചത്.
പുതിയ ബൂട്ട്സ് വാങ്ങിത്തന്ന് പ്രോത്സഹാപ്പിച്ച വ്യവസായി പ്രാദേശിക ക്ലബായ അമേരിക്ക മിനോറെയിൽ ട്രയൽസിനായി കുഞ്ഞ് റിച്ചാലിസണെ കൊണ്ടുപോയി.
അവിടെ നിന്നും ആരംഭിച്ച ഫുട്ബോൾ യാത്ര, ദുർഘടമായിരുന്നെങ്കിലും ബ്രസീൽ ടീമിന്റെ പടിവാതിൽ വരെ റിച്ചാലിസണെ എത്തിച്ചു.
എണ്ണിയാലൊടുങ്ങാത്ത വട്ടം ക്ലബുകളുടെ നിന്ന് സെലക്ഷൻ ട്രയൽസിൽ പുറത്തായ താരം ഇന്ന് പ്രീമിയർ ലീഗ് ക്ലബായ ടോട്ടനം ഹോട്ട്സ്പറിന്റെ മിന്നും താരമാണ്.
ദാരിദ്ര്യത്തിനിടയിലും പരിശീലനത്തിനായി പത്ത് പന്തുകൾ ഒരുമിച്ച് വാങ്ങിത്തന്ന് തന്നെ പ്രോത്സാഹിപ്പിച്ച കുടുംബത്തിന്റെ പിന്തുണയെപ്പറ്റി താരം പല തവണ മനസ് തുറന്നിട്ടുണ്ട്.
ദേശീയ ടീമിലെ തന്റെ വളർച്ചയ്ക്കൊപ്പം പൊതു വിഷയങ്ങളിലെ പ്രതികരണങ്ങളിലൂടെയും സമീപ കാലത്ത് റിച്ചാലിസൺ ശ്രദ്ധ നേടിയിരുന്നു.
വംശീയതയ്ക്ക് എതിരെ ശബ്ദമുയർത്തിയും രാജ്യത്തെ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത ചൂണ്ടിക്കാട്ടിയും രംഗത്ത് വരാറുള്ള റിച്ചാലിസൺ, പെനൽറ്റി ബോക്സിനുള്ളിലെ വീര്യം നിലപാടുകളിലും കാത്ത് സൂക്ഷിക്കുന്ന വ്യക്തിയാണ്.