ഒരു നേരം ഭക്ഷണം കഴിച്ച് വിശപ്പ് മാറ്റാൻ വകയില്ലാത്തവരാണ് ഗദ്യന്തരമില്ലാതെ ഭിക്ഷ യാചിക്കുന്നത്. ശാരീരക ബുദ്ധിമുട്ടുകളും മറ്റ് ജീവിത സാഹചര്യങ്ങളുമാണ് ആളുകളെ അത്തരമൊരു അവസ്ഥയിലേക്ക് എത്തിക്കുന്നത്. എന്നാൽ ഭിക്ഷ യാചിക്കുന്നത് ഒരു തൊഴിലായി ഏറ്റെടുക്കുന്നവർ കാണുമോ നമുക്ക് ചുറ്റും? എങ്കിൽ സംശയം വേണ്ട അത്തരത്തിലുള്ളവരുമുണ്ട്.
തന്റെ പതിനാലാമത്തെ വയസിൽ ഭിക്ഷ യാചിക്കാൻ തുടങ്ങിയ ആളാണ് ഭാരത് ജെയിൻ. ഇയാൾക്ക് ഇപ്പോൾ 54 വയസാണ് പ്രായം. അതായത് നാല്പത് വർഷത്തോളമായി ഇയാൾ ഭിക്ഷ യാചിക്കുകയാണ്. ഒരു ദിവസം 2500 മുതൽ 3000 രൂപ വരെയാണ് ഇയാൾക്ക് വരുമാനമായി ലഭിക്കുന്നത്.
ഇതിൽ അതിശയിപ്പിക്കുന്ന മറ്റൊരു വസ്തുത എന്തെന്നാൽ ഏഴരക്കോടി രൂപയാണ് ഇയാളുടെ ആസ്തി. സമ്പന്നർ താമസിക്കുന്ന മുബൈ പോലുള്ളൊരു നഗരത്തിൽ ഒന്നരക്കോടിയുടെ ഫ്ലാറ്റാണ് ഇയാൾക്ക് ഉള്ളത്. ഭാര്യയും രണ്ട് മക്കളും സഹോദരനും അച്ഛനും അടങ്ങുന്ന കുടുംബത്തോടൊപ്പം വളരെ സന്തോഷത്തിലാണ് ഇയാൾ കഴിയുന്നത്.
ഇത് മാത്രമല്ല ആൾക്ക് ഒരു സ്റ്റേഷനറി കടകൂടി ഉണ്ട്. ഇതിനെ പുറമേ രണ്ട് കടകൾ വാടകയ്ക്കും കൊടുത്തിട്ടുണ്ട്. ഭിക്ഷ യാചിച്ച് കിട്ടുന്ന പണത്തിന് പുറമേ ഈ കടകളിൽ നിന്നും ഏകദേശം മുപ്പതിനായിരം രൂപയുടെ വരുമാനവും മാസം തോറും ഇയാൾക്ക് ലഭിക്കുന്നുണ്ട്. ഇങ്ങനെയൊക്കെ ആണെങ്കിലും ഭിക്ഷാടനം നിർത്താൻ ഇയാൾക്ക് താൽപര്യം ഇല്ലെന്നതാണ് സത്യം.