1947ല്‍ സ്വാതന്ത്ര്യം ലഭിച്ചതിനു ശേഷം ഇന്ത്യ ലോകത്തിലെ എണ്ണപ്പെട്ട സാമ്പത്തിക ശക്തികളുടെ നിരയിലേക്ക് വളരുന്ന കാഴ്ചയാണ് കണ്ടത്.
ലോകത്തിലെ അതിസമ്പന്നരുടെ പട്ടികയെടുത്താല്‍ തന്നെ നിരവധി ഇന്ത്യക്കാര്‍ അതില്‍ സ്ഥാനം പിടിച്ചിരിക്കുന്നത് കാണാനാവും.
എന്നാല്‍ മറുവശത്ത്, പാക്കിസ്ഥാന്റെ സമ്പദ്വ്യവസ്ഥ ഏറ്റവും ശോഷണീയമായ നിലയിലാണ് ഇന്നുള്ളത്.
നിലനില്‍പ്പിനായി ഐഎംഎഫ്, ചൈന, സൗദി അറേബ്യ, മറ്റ് ചില രാജ്യങ്ങള്‍ എന്നിവയെ ആശ്രയിക്കുന്ന പാകിസ്ഥാനില്‍ ഭൂരിഭാഗം ജനങ്ങളും മുഴുപ്പട്ടിണിയിലാണ്.
ആകെ രക്ഷയുള്ളത് സെലിബ്രിറ്റികള്‍ക്ക് മാത്രം. പാക്കിസ്ഥാനിലെ ഏറ്റവും ധനികയായ സ്ത്രീയായി കണക്കാക്കപ്പെടുന്ന ഇഖ്റ ഹസ്സന് മാന്‍ഷ അത്തരത്തിലൊരു സെലിബ്രിറ്റിയാണ്.
പാകിസ്ഥാനിലെ രണ്ടാമത്തെ വലിയ ധനികനായ മിയാന്‍ മുഹമ്മദ് മാന്‍ഷയുടെ മകനായ മിയാന്‍ ഒമര്‍ മാന്‍ഷയുടെ ഭാര്യയാണ് ഇഖ്റ ഹസ്സന്.
പാകിസ്ഥാനിലെ ഏറ്റവും ധനികയായ സ്ത്രീയാണിവര്‍. പാകിസ്ഥാനിലെ വസ്തുവകകളും ലണ്ടനിലെ ഒരു 5-നക്ഷത്ര ഹോട്ടലും നിയന്ത്രിക്കുന്ന നിഷാത് ഹോട്ടല്‍സ് ആന്‍ഡ് പ്രോപ്പര്‍ട്ടീസിന്റെ സിഇഒയാണ് ഇഖ്റ ഹസ്സന്.
ലണ്ടന്‍ സ്കൂള്‍ ഓഫ് ഇക്കണോമിക്സില്‍ നിന്ന് ഇന്റര്‍നാഷണല്‍ പൊളിറ്റിക്സില്‍ ബിഎസ്സി ബിരുദവും ലണ്ടന്‍ യൂണിവേഴ്സിറ്റി ഓഫ് ഓറിയന്റല്‍ ആന്‍ഡ് ആഫ്രിക്കന്‍ സ്റ്റഡീസില്‍ (എസ്ഒഎഎസ്) ഇന്റര്‍നാഷണല്‍ റിലേഷന്‍സില്‍ എംഎസ്സി ബിരുദവും ഇഖ്റ ഹസ്സന് പൂര്‍ത്തിയാക്കി.
നിഷാത് ഗ്രൂപ്പിന്റെ കൂടാതെ നിരവധി കമ്പനികളുടെ ബോര്‍ഡില്‍ ഡയറക്ടറായും ഇഖ്റ പ്രവര്‍ത്തിക്കുന്നുണ്ട്.
ഇഖ്റ ഹസന്റെ ആസ്തിയെക്കുറിച്ച് കൃത്യമായ വിവരങ്ങളൊന്നും ലഭ്യമല്ലെങ്കിലും ചില റിപ്പോര്‍ട്ടുകള്‍ അവകാശപ്പെടുന്നത് അവരുടെ ആസ്തി ഏകദേശം 1 ബില്യണ്‍ യുഎസ് ഡോളറാണെന്നാണ്.
മുകേഷ് അംബാനിയുമായും ഗൗതം അദാനിയുമായും അവരുടെ ആസ്തി താരതമ്യം ചെയ്യുമ്പോള്‍, അംബാനിയുടെ ആസ്തി ഏകദേശം 90 ബില്യണ്‍ യുഎസ് ഡോളറാണ്, അതേസമയം അദാനിയുടെ ആസ്തി 55 ബില്യണ്‍ ഡോളറും.
അങ്ങേയറ്റം സാമ്പത്തിക ഞെരുക്കത്തിലുള്ള ഒരു രാജ്യത്തെ അതിസമ്പന്നയായ സ്ത്രീയുടെ ആസ്തി ഇന്ത്യയിലെ കോടിശ്വരന്മാരുടെ അത്ര വരില്ലെങ്കിലും അവരുടെ രാജ്യത്തെ ഏറ്റവും വലിയ ധനിക ഇഖ്റ ഹസന് തന്നെയാണ്.
ഇഖ്റയുടെ ഭര്‍തൃപിതാവ് മിയാന്‍ മുഹമ്മദ് മാന്‍ഷ പാകിസ്ഥാനിലെ ആദ്യത്തെ ശതകോടീശ്വരനാണ്. അദ്ദേഹത്തെ ‘പാകിസ്ഥാനിലെ മുകേഷ് അംബാനി’ എന്നാണ് വിളിയ്ക്കുന്നത്.
ഫോര്‍ബ്സ് പറയുന്നതനുസരിച്ച്, പാക്കിസ്ഥാനിലെ ഏറ്റവും വലിയ പരുത്തി വസ്ത്രങ്ങള്‍ കയറ്റുമതി ചെയ്യുന്ന നിഷാത് ഗ്രൂപ്പ്, പാകിസ്ഥാനിലെ ഏറ്റവും വലിയ സ്വകാര്യ തൊഴില്‍ ദാതാവാണ്. പവര്‍ പ്രോജക്ടുകള്‍, സിമന്റ്, ഇന്‍ഷുറന്‍സ് ബിസിനസ് എന്നിവയിലും മാന്‍ഷയുടെ കമ്പനി നിക്ഷേപം നടത്തുന്നുണ്ട്.