ആളെ കൊല്ലും അഭ്യാസ പ്രകടനക്കാർ നടുറോഡിൽ കാട്ടികൂട്ടുന്ന പരാക്രമങ്ങൾക്കിടയിൽ നിരവധി ജീവനുകൾ ഇതിനകം പൊലിഞ്ഞു.
അംഗവൈകല്യം സംഭവിച്ചവരും ഏറെ. എന്നാൽ, ഇത്തരം അപകടങ്ങളിൽ പ്രതി സ്ഥാനത്ത് പലപ്പോഴും സമ്പന്നരുടെയും ഉന്നതരുടെയുമൊക്കെ മക്കളായിരിക്കും.
മരണം സംഭവിക്കുന്ന ഇത്തരം കേസുകളിൽ നരഹത്യാകുറ്റം വരെ ചുമത്താവുന്നതാണ്.
എന്നാൽ, പ്രതികളുടെ പശ്ചാത്തലം അറിയുന്പോൾ പോലീസിന്റെ മുട്ടുവിറയ്ക്കും. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് തലശേരിയിലെ സംഭവം.
ബലിപെരുന്നാൾ തലേന്ന് ബി ടെക് വിദ്യാർഥിയായ താഴെ ചമ്പാട് എഴുത്തുപള്ളിയിൽ ആമിനാസിലെ അഫ് ലാഹ് ഫറാസെന്ന പത്തൊമ്പത് കാരനെ വാഹനമിടിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി കതിരൂർ സ്വദേശി റൂബിനെ (19) കേസിൽ പ്രതി ചേർക്കാൻ ആദ്യ ദിവസങ്ങളിൽ പോലീസ് തയാറായില്ല.
ഒടുവിൽ ഫറാസിന്റെ ബന്ധുവായ വനിത പഞ്ചായത്ത് പ്രസിഡന്റിന് മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ടു വിളിച്ചു സങ്കടം പറയേണ്ടി വന്നു.
ഫറാസിന്റെ ബന്ധുക്കളുടെയും നാട്ടുകാരുടെയും പ്രതിഷേധം കടുത്തപ്പോഴാണ് പോലീസ് ഉണർന്നതും തെളിവുകൾ ശേഖരിച്ചതും ദിവസങ്ങൾക്കു ശേഷം റുബിൻ ഉമറിനെ പ്രതി ചേർത്തതും .
പ്രതിയെവിടെ?
എന്നാൽ പ്രതിയെ പിടികൂടാൻ സംഭവം നടന്ന് ഇരുപത് ദിവസം പിന്നിട്ടിട്ടും പോലീസിന് സാധിച്ചിട്ടില്ല. അവർ മിനക്കെട്ടിട്ടുമില്ല.
പ്രതിയെ കാണിച്ചു തരൂ ഞങ്ങൾ പിടിക്കാം എന്നാണ് പോലീസ് നിലപാട്. പ്രതിക്ക് മുൻകൂർ ജാമ്യം ലഭിക്കാൻ സൗകര്യമൊരുക്കുന്നത് പോലീസാണെന്ന ഇതിനകം ആരോപണവും ഉയർന്നിട്ടുണ്ട്.
ഇപ്പോൾ ഫറാസിന്റെ മാതാവ് ഫസീല നീതി തേടി കോടതിയുടെ മുന്നിൽ എത്തിയിരിക്കുകയാണ്.
സംഭവത്തിലെ ഗൂഢാലോചന പുറത്തുകൊണ്ടു വരണമെന്നും കാറിലുണ്ടായിരുന്ന മറ്റു നാലു പേരുടെ പങ്ക് കണ്ടെത്തണമെന്നും ആവശ്യപ്പെട്ടാണ് ഫാസില അഡ്വ. കെ. വിശ്വൻ മുഖാന്തിരം ജില്ലാ സെഷൻസ് കോടതിയിൽ ഹർജി നൽകിയിട്ടുള്ളത്.
നിയമം വരണം
ഇതു തലശേരിയിലെ മാത്രം സ്ഥിതിയല്ല. കൊച്ചിയിലും തിരുവനന്തപുരത്തും സമാനമായ സംഭവങ്ങൾ നടന്നിട്ടുണ്ട്.
തിരുവനന്തപുരത്ത് ഉന്നത ഉദ്യാഗസ്ഥരുടെ മക്കളുടെ അഭ്യാസ പ്രകടനത്തിനിടയിൽ അപകടം സംഭവിച്ചതു നേരത്തെ വാർത്തയായെങ്കിലും നടപടി ഉണ്ടായില്ല.
ജനസാന്ദ്രത ഏറിയ കൊച്ചു കേരളത്തിൽ പണത്തിന്റെ ഹുങ്കിൽ വാഹനവുമായി അഭ്യാസ പ്രകടനത്തിനിറങ്ങുന്നവരെ നിലക്കു നിർത്താൻ നിയമ നിർമാണം തന്നെ അനിവാര്യമായിരിക്കുന്നു.
കാരണം അഭ്യാസക്കാരുടെ പിറകെ യുവത്വം പായുന്ന കാഴ്ചയാണ് നാം കാണുന്നത്. യു ട്യൂബർമാരെ പോലീസ് പിടികൂടിയപ്പോൾ കണ്ണൂർ പോലീസ് സ്റ്റേഷനിലേക്കെത്തിയ യുവാക്കൾത്തന്നെ ഇതിന് ഉദാഹരണമാണ്.
(അവസാനിച്ചു)