ഉപ്പാന്റെ കടങ്ങൾ തീർക്കണമെന്ന സ്വപ്നം ബാക്കിയാക്കിയാണ് റിച്ചു എന്ന ഓമനപ്പേരിൽ വിളിക്കുന്ന ഫറാസ് ഓർമയായത്.ഓൺലൈൻ തട്ടിപ്പുകൾക്കെതിരേ പ്രവർത്തിക്കണമെന്നായിരുന്നു അവന്റെ മോഹം..
എന്റെ കടങ്ങൾ തീർക്കണമെന്നതായിരുന്നു അവന്റെ ആഗ്രഹം. അതിനായി പഠനത്തിനൊപ്പം ജോലി ചെയ്യാനുള്ള ശ്രമവും നടക്കുന്നതിനിടയിലാണ് മകനെ തനിക്ക് നഷ്ടമായതെന്ന് ഫറാസിന്റെ പിതാവ് ആസിഫ് രാഷ്ട്രദീപികയോട് പറഞ്ഞു.
മാതൃസഹോദരൻ വിദേശത്തു നിന്നും പഠനാവശ്യത്തിനായി കൊടുത്തയച്ച ലാപ്ടോപ്പ് ബന്ധുവായ ഏഷ്യൻ ഇസ്മയിലിന്റെ വീട്ടിൽ നിന്നും എടുക്കാൻ പോയതായിരുന്നു ഫറാസ്.
സൈബർ സെക്യൂരിറ്റി ഓഫീസറാകാനായിരുന്നു ഫറാസിന്റെ ആഗ്രഹം. നല്ല ഫുട്ബോൾ കളിക്കാരനായിരുന്നു ഫറാസെന്നും നാട്ടുകാർ ഓർമിക്കുന്നു.
തലശേരി: പെരുന്നാൾ തലേന്ന് ആഘോഷത്തിമിർപ്പിൽ ആഡംബര കാറിൽ യുവാക്കൾ നടുറോഡിൽ നടത്തിയ അഭ്യാസ പ്രകടനത്തിൽ ബിടെക് വിദ്യാർഥിയായ ചമ്പാട് എഴുത്തുപള്ളിയിൽ ആമിനാസിൽ അഫ്ലാഹ് ഫറാസ് (19) മരിച്ച സംഭവത്തിൽ ദുരൂഹതയേറുന്നു.
സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി. പ്രദേശത്തെ സിസി ടിവി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചു. കേസിൽ നിർണായക വഴിത്തിരിവാകുന്ന ചില ദൃശ്യങ്ങൾ പോലീസിന് ലഭിച്ചതായും സൂചനയുണ്ട്. അമിത വേഗത്തിലെത്തിയ പെജേറോ കാർ ഇരുചക്ര വാഹനത്തിന്റെ അടുത്ത് എത്തിയപ്പോൾ പോലും ബ്രേക്ക് ചവിട്ടിയില്ലെന്ന വിവരവും പുറത്ത് വന്നിട്ടുണ്ട്.
ഫറാസിന്റെ ജീവൻ കവർന്നെടുത്ത ആഢംബര കാറിൽ കതിരൂർ, ഉക്കാസ് മൊട്ട സ്വദേശികളായ അഞ്ച് പേരുണ്ടായിരുന്നതായി പോലീസിന് സൂചന ലഭിച്ചു. അമിത വേഗത്തിലെത്തിയ പെജേറോ കാർ സ്കൂട്ടർ ഇടിച്ചു വീഴ്ത്തുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പോലീസിന് മൊഴി നൽകി.
സംഭവത്തിൽ പ്രതികൾക്കെതിരെ കൊലക്കുറ്റം ചുമത്തണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നൽകുമെന്ന് ഫറാസിന്റെ പിതാവ് ആസിഫ് രാഷ്ട്രദീപികയോട് പറഞ്ഞു.
നഗര മധ്യത്തിൽ നടത്തിയ അഭ്യാസ പ്രകടനം കണ്ട നാട്ടുകാർ നൽകിയ മുന്നറിയിപ്പ് വക വയ്ക്കാതെ വാഹനമോടിച്ചതും അപകടം നടന്നയുടൻ ആസൂത്രിതമായി നമ്പർ പ്ലേറ്റ് അഴിച്ചു മാറ്റിയതും സംഭവത്തിൽ ദുരൂഹത വർധിപ്പിക്കുന്നുണ്ട്. ടൗൺ സിഐ സനൽകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്.
കേസിൽ സമഗ്രമായ അന്വേഷണമാണ് നടന്നു വരുന്നതെന്ന് അസി. പോലീസ് കമ്മീഷണർ മൂസ വള്ളിക്കാടൻ രാഷ്ട്രദീപികയോട് പറഞ്ഞു. 304 പ്രകാരം കേസെടുക്കണമെന്ന് നിയമ വിദഗ്ദർ ചൂണ്ടിക്കാട്ടുന്നു. ചൊവ്വാഴ്ച്ച രാത്രി ജൂബിലി റോഡിലാണ് അപകടം നടന്നത്. ആഢംബര വാഹനങ്ങളിൽ യുവാക്കൾ നടത്തുന്ന ഡ്രിഫ്റ്റ്, ബേൺ ഔട്ട് എന്നീ പ്രകടനങ്ങളാണ് ഫറാസിന്റെ ജീവനെടുക്കാൻ ഇടയാക്കിയതെന്നാണ് പോലീസിന് ലഭിച്ചിട്ടുള്ള വിവരം.
ഈ സാഹചര്യത്തിൽ കാറിലുണ്ടായിരുന്നു അഞ്ച് പേരേയും പ്രതി ചേർക്കുന്നത് സംബന്ധിച്ച് പോലീസ് നിയമവിദഗ്ധരുമായി ചർച്ച നടത്തി വരികയാണ്. അപകടം നടക്കുന്നതിന് തൊട്ടു മുമ്പ് ചിറക്കരയിലും എ.വി.കെ നായർ റോഡിലും ഇതേ കാർ ഡ്രിഫ്റ്റ് (അമിത വേഗതയിലെത്തി ചവിട്ടി തിരിക്കൽ) നടത്തിയത് സംബന്ധിച്ചും പോലീസ് അന്വേഷണം നടത്തി വരികയാണ്. ചിറക്കര എ.വി.കെ നായർ റോഡ് എന്നിവിടങ്ങളിലെ സിസിടിവി ദൃശ്യങ്ങളും പോലീസ് ശേഖരിക്കുന്നുണ്ട്.