
കൊയിലാണ്ടി: അന്തർ സംസ്ഥാനപെൺവാണിഭ സംഘത്തിലെ പ്രധാന കണ്ണി പിടിയിൽ. ബത്തേരി മടക്കിമല സ്വദേശി ഇല്ല്യാസ് എന്ന റിച്ചു (34) നെയാണ് കോഴിക്കോട് റുറൽ ജില്ലാ ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തത്.
സെക്സ് റാക്കറ്റ് സംഘത്തിലെ മുഖ്യ കണ്ണിയാണ് ഇയാളെന്ന് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ആർ.ഹരിദാസ് പറഞ്ഞു.
കഴിഞ്ഞ ദിവസം ക്രൈം ബ്രാഞ്ചിന്റെ പിടിയിലായ കക്കാടംപൊയിൽ റിസോർട്ടിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പലർക്കും കാഴ്ചവച്ച കേസിൽ അറസ്റ്റിലായ ഫർസാനയും ഇയാളുടെ കൂട്ടാളിയാണ്.
വയനാട്ടിലെ റിസോർട്ടിൽ പെൺകുട്ടികളെ ആവശ്യക്കാർക്ക് എത്തിക്കുന്നത് ഇയാളാണ്. വളരെ തന്ത്രപരമായാണ് റാക്കറ്റ് സംഘം പ്രവർത്തിക്കുന്നത്. പിടികൂടാതിരിക്കാൻ വാഹനങ്ങൾ മാറി മാറി ഉപയോഗിക്കുകയും വീടുകൾ മാറി താമസിക്കുകയുമാണ് ചെയ്യുന്നത്.
കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരുടെ ഫോട്ടോകൾ വരെ ഇയാളുടെ കൈവശമുണ്ട്. മനുഷ്യക്കടത്ത്, ബലാൽസംഘം, കേസുകളും ഇയാളുടെ പേരിലുണ്ട്. ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിൽ എസ്ഐ ശ്രീനിവാസൻ , പി .മോഹനകൃഷ്ണൻ, എം.പി.ശ്യാം തുടങ്ങിയവരാണ് ഉണ്ടായിരുന്നത്. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ആർ.ഹരിദാസിന്റെ അന്വേഷണ പാടവമാണ് പ്രതിയെ പിടികൂടാൻ സഹായിച്ചത്.