നവാസ് മേത്തർ
ഉപ്പയുടെ കടങ്ങൾ തീർക്കണം, സൈബർ കുറ്റങ്ങൾക്കെതിരെ പൊരുതണം …. സ്വപ്നങ്ങൾ ഏറെയായിരുന്നു തലശേരി ചമ്പാട് എഴുത്തുപള്ളിയിൽ ആമിനാസിൽ അഫ്ലാഹ് ഫറാസ് എന്ന റിച്ചുവിന് …
പ്രിയപ്പെട്ട മാതാവിനും സഹോദരങ്ങൾക്കും പെരുന്നാൾ വസ്ത്രങ്ങൾ വാങ്ങി വീട്ടിലെത്തിച്ചു പഠനത്തിനായി വിദേശത്തുനിന്നു ബന്ധു കൊടുത്തയച്ച ലാപ് ടോപ്പ് വാങ്ങാൻ ഇരുചക്ര വാഹനത്തിൽ തലശേരിയിലേക്കു പുറപ്പെട്ടതായിരുന്നു ആ പത്തൊമ്പത്കാരൻ.
എന്നാൽ, പണത്തിന്റെ ഹുങ്കിൽ നിയമങ്ങൾ ലംഘിച്ച് ആളെ കൊല്ലും അഭ്യാസ പ്രകടനവുമായി നടുറോഡിലിറങ്ങിയ യുവാക്കൾ റിച്ചുവിന്റെ സ്വപ്നങ്ങൾ പൂവണിയാൻ അനുവദിച്ചില്ല.
കണ്ണൂർ തോട്ടട കാഞങ്ങാട്ടെ പള്ളിക്കു സമീപം സുബൈദ മൻസിലിൽ ഷാനി ഉസ്മാന്റെ KL 18 E 3 എന്ന ഫാൻസി നമ്പർ പെജേറോ കാറിൽ കതിരൂർ സ്വദേശികളായ അവർ മരണദൂതുമായി എത്തി.
ഈ നരഹത്യ ആദ്യം റിപ്പോർട്ട് ചെയ്തത് സാധാരണ ഒരു അപകടം മാത്രമായിട്ടായിരുന്നു. കുടുംബത്തോടൊപ്പം പെരുന്നാൾ ആഘോഷിക്കേണ്ട റിച്ചുവിനു പെരുന്നാൾ ദിനത്തിൽ കുടുംബത്തെയും ഒരു പ്രദേശത്തേയും ദുഖ: ത്തിലാഴ്ത്തി ആറടി മണ്ണിലേക്കു മടങ്ങണ്ടി വന്നു.
ആ ഫോൺ കോൾ
പെരുന്നാൾ പിറ്റേന്നു വ്യാപാരി വ്യവസായി സമിതി നേതാവും തലശേരി അർബൺ ബാങ്ക് ഡയറക്ടറുമായ ഏഷ്യൻ ഇസ്മയിലിന്റെ ഫോൺകോൾ രാഷ്ട്രദീപികയിലേക്കെത്തി.
“റിച്ചുവിന്റെ മരണം വെറും അപകടമല്ല. അപകടം നടന്നയുടൻ കാറിന്റെ നമ്പർ പ്ലേറ്റ് അഴിച്ചു മാറ്റിയിട്ടുണ്ട്.
അപകടത്തിനു തൊട്ട് മുമ്പ് ആ വാഹനം ചിറക്കരയിലും എവി കെ നായർ റോഡിലും അഭ്യാസ പ്രകടനങ്ങൾ നടത്തിയിട്ടുണ്ട്. ഒന്ന് അന്വഷിക്കണം.
സത്യം പുറത്തുകൊണ്ടു വരണം’. – ഇതായിരുന്നു ഇസ്മയിലിന്റെ അഭ്യർഥന.
ജൂലൈ 20 ന് രാത്രിയിലായിരുന്നു തലശേരി ജൂബിലി റോഡിൽ അപകടം നടന്നത്.
രാഷ്ട്രദീപിക കൃത്യമായ അന്വേഷണം നടത്തി വിവരങ്ങൾ പുറത്തുകൊണ്ടുവന്നു. ദൃശ്യമാധ്യമങ്ങളടക്കം രാഷ്ട്രദീപികക്കൊപ്പം വാർത്തകൾ നൽകി രംഗത്തെത്തി.
ഒടുവിൽ ഒരാഴ്ച പിന്നിട്ടപ്പോൾ രാഷ്ട്രദീപിക പുറത്തുവിട്ട വിവരങ്ങളെല്ലാം ശരി വച്ചുകൊണ്ട് പോലീസ് 304 വകുപ്പ് പ്രകാരം പെജേറോയുടെ ഡ്രൈവർ കതിരൂർ ഉക്കാസ് മൊട്ട ഒമാസിൽ റുബിൻ ഉമറിനെതിരെ കേസെടുത്തു.
ആശയക്കുഴപ്പം
പോലീസ് ഒരാഴ്ചയോളം ആശയ കുഴപ്പത്തിലായിരുന്നു. നരഹത്യ കുറ്റം എങ്ങനെ ചുമത്തും. തെളിവുകൾ എങ്ങനെ കണ്ടെത്തും.
എന്നാൽ ദൈവത്തിന്റെ ഇടപെടൽ പോലെ ചിറക്കരയിലെ വാഹന വ്യാപരിയായ ഷഹരിയാസ് ഉൾപ്പെടെ നാലു ദൃക്സാക്ഷികൾ മൊഴി നൽകാനായി സ്റ്റേഷനിലേക്ക് എത്തിയതോടെ പോലീസും ഉണർന്നു.
ചിറക്കര ടൗണിൽ സുഹൃത്തുക്കൾക്കൊപ്പം ഷവർമ കഴിച്ചു നിൽക്കുമ്പോൾ “അമിത വേഗത്തിൽ ടയർ ഉയർത്തി കടന്നു പോയ പെജേറോ കാറിന്റെ ദൃശ്യം മൊഴി നൽകാനായി സ്റ്റേഷനിലെത്തിയ കുട്ടികളുടെ മനസിൽ ഭീതിയോടെ ഇന്നുമുണ്ട്.
എന്നാൽ, ഇപ്പോൾ പ്രതിസ്ഥാനത്ത് ഒരാൾ മാത്രമാണുള്ളത്. എന്നാൽ, പെജേറോ കാറിൽ ഉണ്ടായിരുന്നത് അഞ്ച് പേരാണ്.
മറ്റ് നാലു പേരുടെ റോൾ എന്തായിരുന്നു. കണ്ണൂരിൽനിന്ന് ആ വാഹനം തലശേരിയിലെത്തിയത് എന്തിന്.
അപകടം നടന്നതിന് തൊട്ടു മുമ്പുളള രണ്ടു ദിവസം ഇതേ കാർ നഗരത്തിൽ പല തവണ ചീറി പാഞ്ഞത് എന്തിനു വേണ്ടിയായിരുന്നു. റിച്ചുവിന്റെ ജീവൻ മാത്രമായിരുന്നോ അവരുടെ ലക്ഷ്യം.
(തുടരും).