കുഞ്ഞു കണ്ണുകളില്‍ എപ്പോഴും കൗതുകമുണ്ടാകും. സൗത്ത് യോക്ക്ഷെയറിലെ നോട്ടര്ഹാമില് താമസിക്കുന്ന റോണി സെഡന്‍ എന്ന മൂന്നു വയസുകാരനും തന്റെ ഉള്ളിലെ കൗതുകം മൂലമാണ് ഒരു പ്യൂപ്പയെ പ്ലാസ്റ്റിക് കുപ്പിക്കുള്ളിലാക്കി അതിന്റെ വളര്‍ച്ചയുടെ ഓരോ ഘട്ടവും എല്ലാ ദിവസവും നിരീക്ഷിച്ചുകൊണ്ടിരുന്നത്.
അങ്ങനെ കൗതുകത്തോടെ അവന് കാത്തിരുന്ന ദിവസം വന്നെത്തി. ആ പ്യൂപ്പ ഒരു ചിത്രശലഭമായി.
പക്ഷേ, റോണിയെയും അവന് റാല്‍ഫ് എന്നു പേരിട്ടു വളര്‍ത്തിക്കൊണ്ടു വന്ന ചിത്രശലഭത്തെയും കാത്തിരുന്നതു സങ്കടകരമായ കാര്യമായിരുന്നു.
ആ സങ്കടകരമായി നിമിഷത്തെ റോണിയുടെ അച്ഛന് ഡാനി കാമറയില്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചു. ആ ദൃശ്യം കണ്ടവരൊക്കെയും നിഷ്കളങ്കമായ ആ കുഞ്ഞിന്റെ സങ്കടത്തോടൊപ്പം ചേര്‍ന്നു.
ആ നിമിഷം
അവന് പുഴുവില്‍നിന്നു പൂമ്പാറ്റയായി തീര്‍ന്ന റാല്‍ഫിനെ ലോകത്തിന്റെ മനോഹാരിതകള്‍ ആസ്വദിക്കാന്‍ കുപ്പിക്കുള്ളിലങ്ങനെ പറന്നു നടക്കുന്ന തന്റെ അരുമയായ റാല്‍ഫിനെ തുറന്നു വിടാന്‍ തീരുമാനിച്ചു.
അങ്ങനെ റോണി പതിയെ കുപ്പി തുറന്നു. അപ്പോഴും റാല്‍ഫ് കുപ്പിക്കുള്ളിലങ്ങനെ വട്ടമിട്ടു പറന്നു. റോണി പതിയെ പാത്രമൊന്നു കുലുക്കി.
അപ്പോഴാണ് താന്‍ സ്വതന്ത്രമായെന്നു റാല്‍ഫിനു മനസിലായത്. ഉടനെ ലോകത്തെ കാണാനുള്ള ആവേശത്തോടെ അതു കുപ്പിക്കു പുറത്തേക്കു പറന്നു.
കാത്തിരുന്നത് ദുരന്തം
എന്നാല്‍, രണ്ടുപേരുടെയും സന്തോഷത്തിന് അധിക സമയമുണ്ടായിരുന്നില്ല.റോണിയുടെ വളര്‍ത്തു നായ സ്പാനിയന് ബ്രീഡായ മാര്‍വെല്‍ ഈ കാഴ്ചയൊക്കെ കണ്ട് അവരോടൊപ്പം ഉണ്ടായിരുന്നു.
റാല്‍ഫ് കുപ്പിക്കു പുറത്തേക്കു പറന്നതും മാര്‍വെല്‍ പൂമ്പാറ്റയ്ക്കു പിന്നാലെ ഓടി. ഓട്ടത്തിനിടയില്‍ ഒറ്റച്ചാട്ടത്തിന് റാല്‍ഫിനെ വായിലാക്കുകയും ചെയ്തു.
ഇതു കണ്ടതും കുഞ്ഞു റോണിയുടെ ഹൃദയം തകര്‍ന്നു. അവന് വാവിട്ടു കരയാന്‍ തുടങ്ങി. ഒരു ദിവസം മുഴുവന്‍ റാല്ഫിനെക്കുറിച്ചു സങ്കടത്തോടെ പറഞ്ഞും കരഞ്ഞും ഇരുന്നു. ഇടയ്ക്ക് മാര്വലിനോടു ദേഷ്യപ്പെട്ടു.
കാഴ്ചക്കാരുടെ സങ്കടം!
എന്തായാലും കുഞ്ഞ് റോണിയുടെ സങ്കടത്തോടൊപ്പം നിരവധി പേരാണ് ചേര്‍ന്നത്. റോണിയുടെ അച്ഛന് സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ച ആദ്യം കൗതുകമുണര്‍ത്തുന്നതും പിന്നീട് സങ്കടപ്പെടുത്തുന്നതുമായ വീഡിയോയ്ക്കു ആയിരക്കണക്കിനു കാഴ്ചക്കാർ പിന്തുണയുമായെത്തി.