കണ്ണൂർ: കണ്ണൂര്‍ സെന്റ് മൈക്കിള്‍സ് സ്കൂളിലേക്ക് വാഹനങ്ങള്‍ കടക്കുന്ന വഴികൾ പട്ടാളം തടസപ്പെടുത്തിയതോടെ ഉച്ചഭക്ഷണത്തിനുള്ള അരി സ്കൂളിലേക്ക് എത്തിക്കാൻ സാധിക്കാത്തതിൽ പ്രതിഷേധവുമായി അധ്യാപകരും രക്ഷിതാക്കളും രംഗത്ത്.
തലച്ചുമടായി അരി സ്കൂളിൽ എത്തിച്ചാണ് അധ്യാപകരും രക്ഷിതാക്കളും പ്രതിഷേധിച്ചത്. ഇന്നലെ ഉച്ചയോടെയാണ് ഉച്ചഭക്ഷണത്തിനായുള്ള 90 ചാക്ക് അരിയെത്തിയത്.
എന്നാൽ, സ്കൂളിലേക്ക് കടക്കുന്ന ഏകവഴിയും ഒരു മാസം മുന്‍പ് പട്ടാളം അടച്ചതോടെ സ്കൂളിലേക്ക് അരി എത്തിക്കാൻ സാധിച്ചില്ല. ഇതേത്തുടർന്നാണ് അധ്യാപകർ പ്രതിഷേധവുമായി രംഗത്തെത്തിയത്.
കുട്ടികളുടെ ഉച്ചഭക്ഷണത്തിനായുള്ള അരി സ്കൂൾമുറ്റംവരെ എത്തിക്കാൻ സംവിധാനമൊരുക്കണമെന്ന് സ്കൂൾ പ്രിൻസിപ്പലും അധ്യാപകരും ജില്ലാ കളക്ടറോട് അഭ്യർ ഥിച്ചിരുന്നു.
തുടർന്ന് കളക്ടർ ഡിഎസ്സി കമാൻഡന്റിനെ വിളിച്ചെങ്കിലും വഴി തുറന്നുനൽകാൻ തയാറായില്ലെന്ന് സ്കൂൾ അധികൃതർ പറഞ്ഞു. എൽകെജി മുതൽ പ്ലസ്ടുവരെ 2600 ഓളം വിദ്യാർഥികളാണ് സ്കൂളിൽ പഠിക്കുന്നത്.
ഈ വിദ്യാർഥികൾക്കോ അധ്യാപകർക്കോ പെട്ടെന്ന് എന്തെങ്കിലും അസുഖം വന്നാൽ റോഡ് വരെ എടുത്തുകൊണ്ട് ഓടേണ്ട അവസ്ഥയാണെന്നും അധ്യാപകർ പറഞ്ഞു.
നിലവിൽ പട്ടാളം തുറന്നുനൽകിയ വഴിയിൽക്കൂടി കാൽനടയാത്ര മാത്രമാണ് സാധിക്കുക. അതുകൊണ്ടുതന്നെ വാഹനങ്ങൾ കടക്കാനുള്ള വഴിയെങ്കിലും തുറന്നുനൽകണമെന്നാണ് സ്കൂൾ അധികൃതർ പറയുന്നത്.
നിലവിൽ റോഡിലാണ് വിദ്യാർഥികളെ ഇറക്കുന്നത്. അതുകൊണ്ടുതന്നെ രാവിലെയും സ്കൂൾ വിടുന്ന സമയത്തും ഗതാഗതക്കുരുക്ക് രൂക്ഷമാണിവിടെ.
സ്കൂളിലേക്കുള്ള വഴിയടച്ചതുമായി ബന്ധപ്പെട്ട് സ്കൂൾ അധികൃതരുടെ പരാതിയില്‍ ഹൈക്കോടതിയില്‍ കേസ് നടന്നുകൊണ്ടിരിക്കെയാണ് വഴികൾ കമ്പിവേലിയുപയോഗിച്ചും മറ്റും പട്ടാളം അടച്ചത്.ജൂലൈ അഞ്ചിനാണ് സെന്റ് മൈക്കിള്‍ സ്കൂളിന് മുന്‍വശത്തെ സ്ഥലം ഡിഎസ്സിക്ക് കീഴിലുള്ളതാണെന്ന ബോര്‍ഡു വച്ച് വേലി കെട്ടി വേര്‍തിരിച്ചത്.
അന്ന് സ്കൂളിലേക്ക് വാഹനങ്ങള്‍ പ്രവേശിക്കാനായി ബര്‍ണശേരി കെഎസ്ഇബി ഓഫീസിന് സമീപത്തെ ഒരുവശം വേലികെട്ടാതെ ഒഴിച്ചിട്ടിരുന്നു.
പിന്നീട് അവിടെയും വേലി കെട്ടി വാഹനങ്ങള്‍ക്കായി പത്തടിയോളം വഴി മാത്രം വിട്ടുനല്‍കിയിരുന്നു. എന്നാൽ ഈ വഴിയും പട്ടാളം അടച്ചു. ഇതോടെയാണ് സ്കൂൾ അധികൃതർ പ്രതിസന്ധിയിലായത്.