സ്വന്തം ലേഖകന്‍
പറയാനുള്ളത് മെഹ്നു കേട്ടില്ലല്ലോ… എന്തായിരുന്നു വ്ളോഗര്‍ റിഫയ്ക്ക് ഭര്‍ത്താവിനോട് പറയാനുണ്ടായിരുന്നത്…
അതിനുള്ള ഉത്തരമാണ് കേരള പോലീസ് റീ – പോസ്റ്റ്മോര്‍ട്ടത്തിലൂടെ തേടുന്നത്. ഇപ്പോള്‍ ഭര്‍ത്താവിനെ കസ്റ്റഡിയില്‍ എടുക്കാനുള്ള ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരിക്കുകയാണ് പോലീസ്.
ഭര്‍ത്താവ് മെഹ്നാസിനെതിരേ ജാമ്യമില്ലാത്ത വകുപ്പുപ്രകാരമാണ് കേസ്. കേരളം ഏറെ ചര്‍ച്ചചെയ്ത മരണത്തിനുള്ള ഉത്തരം അത് മെഹ്നാസിലൂടെ മാത്രമേ വരൂ എന്ന പ്രതീക്ഷയാണ് പോലീസ് പങ്കുവയ്ക്കുന്നത്.
അതിനുള്ള കാത്തിരിപ്പിലാണ് ബന്ധുക്കളും. ദൂരൂഹത നീക്കണമെന്ന് ബന്ധുക്കളും മാതാപിതാക്കളും നല്കിയ പരാതിയില്‍ പറയുന്നു.
മെഹ്നാസിനെതിരേ ഗുരുതരമായ ആരോപണങ്ങളും അവര്‍ ഉന്നയിക്കുന്നു. ദിവസങ്ങള്‍ക്ക് മുന്‍പ് റീ- പോസ്റ്റ്മോര്‍ട്ടത്തിനായി മൃതദേഹം പുറത്തെടുത്തപ്പോള്‍ അതു കണ്ടുനില്‍ക്കാനാകാതെ ബന്ധുക്കള്‍ തിരിച്ചുപോയ ചിത്രം മനസിലെ വിങ്ങലാണ്.
കഴുത്തിനേറ്റ് ചതവ് ഉള്‍പ്പെടെ സൂചനകള്‍ പലതാണ് പോസ്റ്റ് മോര്‍ട്ടം നടത്തിയ ഡോക്ടര്‍മാര്‍ പ്രാഥമികമായി പങ്കുവച്ചത്.
വിശദമായ റിപ്പോര്‍ട്ട് ഉടന്‍ അന്വേഷണസംഘത്തിന്റെ കൈകളില്‍ എത്തും. തുടര്‍ന്ന് അന്വേഷണം ടോപ് ഗിയറിലാകും.
ദുരൂഹതയുടെ കഥയിങ്ങനെ…
മാര്‍ച്ച് ഒന്നിന് ദുബായിയിലുള്ള പ്രിയമകളുടെ മരണവാര്‍ത്ത അറിഞ്ഞാണ് മാതാപിതാക്കള്‍ ഉറക്കമുണര്‍ന്നത്.ആദ്യം വിശ്വസിക്കാനായില്ല.
തൊട്ടുതലേന്ന് വരെ തങ്ങളോട് സന്തോഷവതിയായി ഫോണില്‍ സംസാരിച്ച മകളുടെ വിയോഗം ഞെട്ടലോടെയാണ് നാടറിഞ്ഞത്.
ആത്മഹത്യ ചെയ്യില്ലെന്ന ഉത്തമബോധ്യമുണ്ടായിരുന്നു കുടുംബത്തിന്. ദുബായ് ജാഫിലിയയിലെ താമസ സ്ഥലത്താണ് റിഫയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
നാട്ടിലെത്തിച്ച മൃതദേഹം മൂന്നാം തീയതിയാണ് സംസ്കരിച്ചത്.മകളുടെ മരണത്തില്‍ സംശയം ഉന്നയിച്ച് റിഫയുടെ മാതാപിതാക്കള്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് അന്വേഷണം നടത്തുന്നത്.
ആരോപ ണങ്ങളുടെ അടിസ്ഥാനത്തില്‍ റിഫയുടെ ഭര്‍ത്താവ് മെഹ്നാസിനെതിരേ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
താമരശേരി ഡിവൈഎസ്പി കെ.അഷ്റഫിനായിരുന്നു അന്വേഷണ ചുമതല. സംഭവം കഴിഞ്ഞ് രണ്ടുമാസത്തിന് ശേഷമാണ് പോലീസ് അന്വേഷണം തുടങ്ങിയത്.
ദുബായില്‍ നടത്തിയ ഫോറന്‍സിക് പരിശോധന പോസ്റ്റ്മോര്‍ട്ട മാണെന്ന് മെഹ്നാസും സുഹൃത്തുക്കളും തെറ്റിദ്ധരിപ്പിച്ചെന്നാണ് കുടുംബം ആരോപിക്കുന്നത്.
ഈ സാഹചര്യത്തിലാണ് മൃതദേഹം പുറത്തെടുത്ത് പരിശോധിച്ചത്. ദുബായില്‍ വച്ച് റിഫയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടത്തിയെന്നു പറഞ്ഞ് മെഹ്നാസും സുഹൃത്തുക്കളും കബളിപ്പിച്ചതായി റിഫയുടെ പിതാവ് റാഷിദ് നേരത്തെ ആരോപിച്ചിരുന്നു.
റിഫയുടെ ഫോണ്‍, വസ്ത്രം, ശമ്പളം, പെട്ടി, ഇതൊന്നും വീട്ടില്‍ ഏല്‍പ്പിക്കാതെ കബറടക്കം കഴിഞ്ഞയുടന്‍ മെഹ്നാസ് കാസര്‍ഗോട്ടേക്ക് പോയതും ദുരൂഹത വര്‍ധിപ്പിച്ചു.
സുഹൃത്തുക്കള്‍ പറയുന്നു…
ഇത്തരമൊരു അന്ത്യമല്ല റിഫയ്ക്ക് ഉണ്ടാകേണ്ടിയിരുന്നത് ദുബായിലെ സുഹൃത്തുക്കളും യുവതിയെ സമൂഹമാധ്യമങ്ങളിലൂടെ പിന്തുടര്ന്നിരുന്നവരും പറയുന്നു.
ഭര്‍ത്താവോ, സഹോദരനോ ആവശ്യപ്പെട്ടിരുന്നെങ്കില്‍ ദുബായില്‍ മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്യുമായിരുന്നുവെന്ന് ദുബായിയിലെ സാമൂഹിക പ്രവര്‍ത്തകര്‍ പറയുന്നു. സുഹൃത്തുക്കളും ഇതേ അഭിപ്രായമാണ് പങ്കുവയ്ക്കുന്നത്.
മെഹ്നാസിന്റെയും സഹോദരന്റെയും പൂര്‍ണ സമ്മതത്തോടെയായിരുന്നു മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്യാതെ ദുബായ് പോലീസ് ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തത്.
മരണത്തില്‍ നേരിയ സംശയം പ്രകടിപ്പിച്ചിരുന്നെങ്കില്‍ പോലും പോലീസ് അനന്തര നടപടികളിലേക്കു കടക്കുമായിരുന്നു.
എന്നാല്‍, ഇത്തരമൊരു സാഹചര്യമുണ്ടായാല്‍ മൃതദേഹം നാട്ടിലെത്തിക്കാന്‍ വൈകുമെന്ന കാര്യം മനസിലായതിനാല്‍ മെഹ്നാസും റിഫയുടെ സഹോദരനും മരണത്തില്‍ സംശയമില്ലെന്ന് രേഖാമൂലം അറിയിച്ചതിനാല്‍ സ്വയം ജീവനൊടുക്കിയതാണെന്ന റിപ്പോര്‍ട്ട് തയാറാക്കി മൃതദേഹം വിട്ടുകൊടുക്കുകയയാരുന്നു.
സന്തോഷ ദമ്പതികള്‍ സോഷ്യല്‍ മീഡിയ സ്റ്റാറ്റസില്‍ മാത്രമോ ?
ടിക് ടോക് അടക്കമുള്ള സമൂഹ മാധ്യമങ്ങളില്‍ തിളങ്ങിനിന്നിരുന്ന റിഫ എന്തിനീ കടുംകൈ ചെയ്തു എന്നാണ് യുഎഇയിലെ കൂട്ടുകാര്‍ ചോദിക്കുന്നത്.
സ്വയം മരണം വരിച്ചതാണെങ്കില്‍ എന്തിനായിരുന്നു അവളിത് ചെയ്തതെന്നാണ് എല്ലാവരുടെയും ചോദ്യം.
കോഴിക്കോട് ബാലുശ്ശേരി കാക്കൂല്‍ സ്വദേശിനിയായ റിഫ മരണത്തിന് ഒന്നര മാസം മുന്‍പാണ് ഭര്‍ത്താവ് നീലേശ്വരം പുതുക്കൈ സ്വദേശി മെഹ്നു എന്ന് വിളിക്കുന്ന മെഹ്നാസി(25)നോടൊപ്പം യുഎഇയിലെത്തിയത്.
മകനെ നാട്ടിലെ ബന്ധുക്കളുടെ കൂടെയാണ് നിര്‍ത്തിയിരുന്നത്.
ഇരുവരും ചേര്‍ന്ന് വിഡിയോ, സംഗീത ആല്‍ബ നിര്‍മാണം എന്നിവയുമായി ബന്ധപ്പെട്ട് തിരക്കിലായിരുന്നു.
മരണത്തിന് രണ്ട് ദിവസം മുന്‍പ് ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ദുബായിലെ ബുര്‍ജ് ഖലീഫയില്‍ കയറി ഇരുവരും വീഡിയോ പകര്‍ത്തി പോസ്റ്റ് ചെയ്തിരുന്നു.
അത് പിന്നീട് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തു. അടുത്ത കാലത്ത് ചെയ്ത വിഡിയോകളിലെല്ലാം വളരെ സന്തോഷം പ്രകടിപ്പിക്കുന്ന ദമ്പതികളായിരുന്നു ഇരുവരും.
വിരുന്ന് കഴിഞ്ഞ് തിരിച്ചെത്തിയപ്പോള്‍ കണ്ട കാഴ്ച
മരണത്തിന്റെ തലേന്ന് രാത്രി മെഹ്നാസിന് പുറത്ത് ഒരു വിരുന്നുണ്ടായിരുന്നു. എന്നാല്‍, ജോലി കഴിഞ്ഞ് ക്ഷീണിച്ച് വന്നതിനാല്‍ റിഫ പോയിരുന്നില്ല.
മെഹ്നാസ് പുലര്‍ച്ചെ ഒന്നോടെ തിരിച്ചുവന്നപ്പോള്‍ റിഫയെ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നുവെന്നാണ് പറയുന്നത്.
രണ്ടു പേരും ഇന്‍സ്റ്റാഗ്രാമിലൂടെ പരിചയപ്പെടുകയും ഇഷ്ടത്തിലാവുകയും കുടുംബങ്ങളുടെ സമ്മതത്തോടെ വിവാഹം കഴിക്കുകയുമായിരുന്നു.
റിഫയ്ക്ക് യുട്യൂബില്‍ നിന്നു നല്ല വരുമാനമുണ്ടായിരുന്നു. ഫാഷന്‍, റസ്റ്ററന്റുകളിലെ വിഭവങ്ങള്‍ പരിചയപ്പെടുത്തല്‍, യാത്രകള്‍ എന്നിവയായിരുന്നു പ്രധാനമായും വിഡിയോയില്‍ പകര്‍ത്തിയിരുന്നത്.
എല്ലാ സമൂഹമാധ്യമങ്ങളിലും അക്കൗണ്ടുള്ള റിഫയ്ക്ക് ലക്ഷക്കണക്കിന് ഫോളോവേഴ്സുമുണ്ട്. മെഹ്നുവിന് സംഗീത ആല്‍ബ നിര്‍മാണവുമുണ്ടായിരുന്നു.
ഫെബ്രുവരി 14ന് വിവാഹവാര്‍ഷികത്തോടനുബന്ധിച്ച് ഇരുവരും ചേര്‍ന്ന് ഹ്രസ്വ ചിത്രം പുറത്തിറക്കുകയും ചെയ്തു.
തങ്ങളുടെ സൗന്ദര്യത്തിന്റെ രഹസ്യം ആഴത്തിലുള്ള സ്നേഹമാണെന്ന് രണ്ടുപേരും ഇടയ്ക്കിടെ പറയുമായിരുന്നു.
ഭാര്യ മരിച്ച വിവരം മെഹ്നാസ് സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്തതോടെയാണ് വിവരം മറ്റുള്ളവരറിയുന്നത്. ഈ പോസ്റ്റ് മറ്റൊരാള്‍ പങ്കുവയ്ക്കുകയും ചെയ്തിരുന്നു.
സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ട് ഭാര്യയുടെ മരണ വിവരം അറിയിച്ചതിനെതിരെ വ്യാപക വിമര്‍ശനവും നടന്നു. ഇത് പിന്നീട് ഡിലീറ്റ് ചെയ്തു.ഇക്കാര്യങ്ങള്‍ എല്ലാം അന്വേഷണ പരിധിയില്‍ വരും.