സ്വന്തം ലേഖകന്‍
കോഴിക്കോട്: വ്ലോഗറും ആല്‍ബം നടിയുമായ റിഫ മെഹ്നു ദുബായിലെ ഫ്ലാറ്റില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവിനെതിരായ കുരുക്ക് മുറുകുന്നു.
കാക്കൂര്‍ പാവണ്ടൂര്‍ ജുമാ മസ്ജിദില്‍ കബറടക്കിയിട്ടുള്ള മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം നടത്താന്‍ കോഴിക്കോട് ആര്‍ഡിഒ ചെല്‍സ സിനി പോലീസിനു അനുമതി നല്‍കിയിട്ടുണ്ട്.
അന്വേഷണ ഉദ്യോഗസ്ഥനായ താമരശേരി ഡിവൈഎസ്പി ടി.കെ. അഷ്റഫ് അനുമതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഫോറന്‍സിക് വിഭാഗത്തിനു ഇതിനുള്ള കത്ത് നല്‍കിയിട്ടുണ്ട്.
ഫോറന്‍സിക് വിഭാഗമാണ് പോസ്റ്റ്മോര്‍ട്ടത്തിനുള്ള സമയം നിശ്ചയിക്കേണ്ടത്. സമയം അനുവദിക്കുന്ന മുറയ്ക്ക് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം നടത്തും.
ആത്മഹത്യയല്ലെന്ന ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുള്ളത്.
ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്
വിദേശത്ത് നടന്ന മരണത്തിന്റെ അന്വേഷണം ഇവിടെ നടക്കുന്നുവെന്ന പ്രത്യേകത ഈ കേസിനുണ്ട്.
റിഫയുടെ ഭര്‍ത്താവ് മെഹ്നാസിനെതിരേ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കിലും അറസ്റ്റിലേക്ക് പോലീസ് നീങ്ങിയിട്ടില്ല.
പോസ്റ്റ്മോര്‍ട്ടം കഴിഞ്ഞ് റിപ്പോര്‍ട്ട് ലഭിച്ച ശേഷമായിരിക്കും ചോദ്യം ചെയ്യലടക്കമുള്ള നടപടിക്രമങ്ങളിലേക്ക് കടക്കുക. മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് ബന്ധുക്കള്‍ ഉറച്ചുവിശ്വസിക്കുന്നത്.
തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയിട്ടും ദുബായില്‍ പോസ്റ്റ്മോര്‍ട്ടം നടത്താതെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവന്നതാണ് വീട്ടുകാരില്‍ സംശയം ജനിപ്പിച്ചത്.
ഫോറന്‍സിക് പരിശോധന മാത്രമാണ് അവിടെ നടന്നിട്ടുള്ളത്. സ്വാധീനത്തിനു വഴങ്ങിയാണ് ദുബായ് പോലീസ് പോസ്റ്റ്മോര്‍ട്ടം നടത്താതിരുന്നതെന്നാണ് കുടുംബത്തിന്റെ ആരോപണം.
ഇതുമായി ബന്ധപ്പെട്ട് േകന്ദ്ര സര്‍ക്കാറിനും പരാതി നല്കാന് ബന്ധുക്കള്‍ ആലോചിക്കുന്നുണ്ട്.
പരാതിയുമായി മാതാപിതാക്കളും ബന്ധുക്കളും
രണ്ടുമാസം നീണ്ട അന്വേഷണത്തിലാണ് ഇന്‍സ്റ്റഗ്രാമിലും യു ട്യൂബിലും സമൂഹമാധ്യമങ്ങളിലും ഏറെ ആരാധകരുണ്ടായിരുന്ന റിഫയുടെ മരണവുമായി ബന്ധപ്പെട്ട ദുരൂഹത അഴിയുന്നത്.
റിഫയെ മാനസികമായും ശാരീരികമായും ഉപദ്രവിക്കാന്‍ ശ്രമിച്ചുവെന്നും ഇതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നും പോലീസ് പറയുന്നു.
പ്രാഥമിക അന്വേഷണത്തിലാണ് ഭര്‍ത്താവില്‍ നിന്നും മോശം പെരുമാറ്റം റിഫയ്ക്കുണ്ടായിരുന്നതായി വ്യക്തമായത്.
മരണത്തില്‍ ദൂരൂഹത ആരോപിച്ച് റിഫയുടെ മാതാപിതാക്കളും സഹോദരനും രംഗത്തെത്തിയിരുന്നു.
മാര്‍ച്ച് ഒന്നിന് പുലര്‍ച്ചെയാണ് റിഫയെ ദുബായ് ജാഹിലിയയിലെ ഫ്ളാറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. റിഫയുടെ മരണത്തിനു ശേഷം അവരുടെ ഒരു ശബ്ദ സന്ദേശം പുറത്തു വന്നതോടെയാണ് സംഭവത്തില്‍ വീണ്ടും ദുരൂഹതകള്‍ തലപൊക്കുന്നത്.
റിഫയുടെ മരണത്തിനു തൊട്ടു മുന്‍പുള്ള ദിവസങ്ങളില്‍ റിക്കാര്‍ഡ് ചെയ്യപ്പെട്ടുവെന്നു കരുതുന്ന ശബ്ദ സന്ദേശത്തില്‍ ഭര്‍ത്താവായ മെഹ്നുവിന്റെ നിരുത്തരവാദപരമായ സമീപനത്തേയും മെഹ്നുവിന്റെ സുഹൃത്തിനെക്കുറിച്ചുള്ള ചില ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമാണുള്ളത്.
മെഹ്നുവിന്റെ ജംഷാദ് എന്ന സുഹൃത്തിനെ കുറിച്ചാണ് വോയിസ് ക്ലിപ്പില്‍ വ്യക്തമാക്കിയിരിക്കുന്നത്.
ഈ വോയിസ് ക്ലിപ്പ് പുറത്തുവന്നതോടെ റിഫയുടെ മരണത്തെ സംബന്ധിച്ച് വളരെ ഗുരുതരമായ ചില ദുരൂഹതകളാണ് ഉയര്‍ന്നത്.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ആത്മഹത്യാ പ്രേരണ കുറ്റത്തിലേക്ക് കാര്യങ്ങള്‍ എത്തിയത്.