ചിറ്റാരിക്കാൽ(കാസർഗോഡ്): ആറു വയസുകാരി മരിച്ച സംഭവത്തിൽ അസ്വാഭാവിക മരണത്തിന് ചിറ്റാരിക്കാൽ പോലീസ് കേസെടുത്തു. കാഞ്ഞങ്ങാട് ആവിക്കരയിൽ വാടകവീട്ടിൽ താമസിക്കുന്ന കുണ്ടംകുഴിയിലെ സമീർ-ഷക്കീന ദമ്പതികളുടെ മകൾ റിഫ ഹൈന(ആറ്)യാണു മരിച്ചത്.
കഴിഞ്ഞ 23ന് കുട്ടിയും മാതാപിതാക്കളും കാഞ്ഞങ്ങാട്ടെ ഹോട്ടലിൽനിന്ന് ഭക്ഷണം കഴിച്ചതിനുശേഷം പിറ്റേന്ന് കുട്ടി ഛർദിച്ചതായി പിതാവ് പറഞ്ഞു. തുടർന്ന് രണ്ടുദിവസം കാഞ്ഞങ്ങാട്ട് ചികിത്സയിലായിരുന്ന കുട്ടിയെ രോഗം മൂർച്ഛിച്ചതിനെ തുടർന്ന് പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല.
കുട്ടിയുടെ ആന്തരികാവയവങ്ങൾ ഫോറൻസിക് പരിശോധയ്ക്കായി അയച്ചിട്ടുണ്ട്. ഇതിന്റെ റിപ്പോർട്ട് കിട്ടിയാലേ മരണകാരണം വ്യക്തമാകുകയുള്ളൂവെന്ന് പോലീസ് പറഞ്ഞു.