സ്വന്തം ലേഖകന്‍
കോഴിക്കോട്: വ്ലോഗറും ആല്‍ബം നടിയുമായ റിഫ മെഹ്നുവിനെ ദുബായിയിലെ ഫ്ലാറ്റില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ വഴിത്തിരിവ്.
ഭര്‍ത്താവ് മെഹ്നാസിനെതിരേ കൂടുതല്‍ തെളിവുകളും മൊഴികളും പോലിസിന് ലഭിച്ചു. തുടര്‍ന്ന് കാക്കൂര്‍ പോലീസ് ഇയാള്‍ക്കെതിരേ ജാമ്യമില്ലാവകുപ്പ് പ്രകാരം കേസ് എടുത്തു.
രണ്ടുമാസം നീണ്ട അന്വേഷണത്തിലാണ് ഇന്‍സ്റ്റഗ്രാമിലും യു ട്യൂബിലും സമൂഹമാധ്യമങ്ങളിലും ഏറെ ആരാധകരുണ്ടായിരുന്ന കോഴിക്കോട് ബാലുശേരി സ്വദേശിനി റിഫയുടെ മരണവുമായി ബന്ധപ്പെട്ട ദുരൂഹത അഴിയുന്നത്.
ഭര്‍ത്താവിനെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യുന്നതിനുള്ള തയാറെടുപ്പിലാണ് പോലീസ്.
ആത്മഹത്യയിലേക്ക് നയിച്ചത്
റിഫയെ മാനസികമായും ശാരീരികമായും ഉപദ്രവിക്കാന്‍ ശ്രമിച്ചുവെന്നും ഇതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നും പോലീസ് പറയുന്നു.
പ്രാഥമിക അന്വേഷണത്തിലാണ് ഭര്‍ത്താവില്‍ നിന്നും മോശം പെരുമാറ്റം റിഫയ്ക്കുണ്ടാ യിരുന്നതായി വ്യക്തമായത്.
മരണത്തില്‍ ദൂരൂഹത ആരോപിച്ച റിഫയുടെ മാതാപിതാക്കളും സഹോദരനും രംഗത്തെത്തിയിരുന്നു.
മാര്‍ച്ച് ഒന്നിന് പുലര്‍ച്ചെയാണ് റിഫയെ ദുബായ് ജാഹിലിയയിലെ ഫ്ളാറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.
റിഫയുടെ മരണത്തിനു ശേഷം അവരുടെ ഒരു ശബ്ദ സന്ദേശം പുറത്തു വന്നതോടെയാണ് സംഭവത്തില്‍ വീണ്ടും ദുരൂഹതകള്‍ തലപൊക്കുന്നത്.
ശബ്ദസന്ദേശം
റിഫയുടെ മരണത്തിനു തൊട്ടു മുന്‍പുള്ള ദിവസങ്ങളില്‍ റിക്കാര്‍ഡ് ചെയ്യപ്പെട്ടുവെന്നു കരുതുന്ന ശബ്ദ സന്ദേശത്തില്‍ ഭര്‍ത്താവായ മെഹ്നുവിന്റെ നിരുത്തരവാദപരമായ സമീപനത്തേയും മെഹ്നുവിന്റെ സുഹൃത്തിനെക്കുറിച്ചുള്ള ചില ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമാണുള്ളത്.
മെഹ്നുവിന്റെ ജംഷാദ് എന്ന സുഹൃത്തിനെ കുറിച്ചാണ് വോയിസ് ക്ലിപ്പില്‍ വ്യക്തമാക്കിയിരിക്കുന്നത്.
ഈ വോയിസ് ക്ലിപ്പ് പുറത്തുവന്നതോടെ റിഫയുടെ മരണത്തെ സംബന്ധിച്ച് വളരെ ഗുരുതരമായ ചില ദുരൂഹതകളാണ് ഉയര്‍ന്നത്.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ആത്മഹത്യാ പ്രേരണ കുറ്റത്തിലേക്ക് കാര്യങ്ങള്‍ എത്തിയത്.
അങ്ങനെയൊന്നുമില്ലെന്ന്…
റിഫയുടെ മരണകാരണത്തെ സംബന്ധിച്ച് ദുരൂഹതകള്‍ ബാക്കി നില്‍ക്കുകയാണെങ്കിലും അങ്ങനെയൊന്നുമില്ലെന്ന വാദത്തിലായിരുന്നു ഭര്‍ത്താവ് മെഹ്നു ബന്ധുക്കളും.
ദുബായില്‍ മെഹ്നുവിനൊപ്പം കഴിഞ്ഞിരുന്ന റിഫ ഭര്‍ത്താവ് പുറത്തു പോയ സമയത്ത് ആത്മഹത്യ ചെയ്തു വെന്നാണ് പറയുന്നത്.
റിഫയും മെഹ്നുവും തമ്മില്‍ യാതൊരു പ്രശ്നവുമില്ലെന്നാണ് റിഫയുടെ ബന്ധുക്കളും വ്യക്തമാക്കിയിരുന്നത്.
റിഫ മരിച്ച ദിവസം തലേന്ന് അസ്വഭ്വാവികമായി ഒന്നും സംഭവിച്ചില്ലെന്ന് ഭര്‍ത്താവ് മെഹ്നുവും വ്യക്തമാക്കി.
എന്നാല്‍ അതിനിടയിലാണ് ഇവരുടെ കുടുംബ ജീവിതത്തിലെ ചില വിഷയങ്ങള്‍ വെളിപ്പെടുത്തിക്കൊണ്ട് വോയിസ് ക്ലിപ് പുറത്തു വന്നത്.