സ്വന്തം ലേഖകന്‍
കോഴിക്കോട്: ദുബായിലെ ഫ്ളാറ്റില്‍ തൂങ്ങിമരിച്ച നിയില്‍ കാണപ്പെട്ട കോഴിക്കോട് കാക്കൂരിലെ റിഫ മെഹ്നുവിന്റെ കഴുത്തില്‍ മുറിപ്പാടുകളും പൊട്ടലും ഉണ്ടെന്ന് സൂചന.
മൃതദേഹം കബര്‍സ്ഥാനില്‍ നിന്ന് പുറത്തെടുത്ത് നടത്തിയ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഫോറന്‍സിക് വിഭാഗം ഇന്ന് പോലീസിനു കൈമാറും.
പോസ്റ്റ്മോര്‍ട്ടത്തില്‍ കഴുത്തില്‍ പരിക്കുള്ളതായി കണ്ടെത്തിയതായാണ് വിവരം. ആന്തരികാവയങ്ങളുടെ രാസപരിശോധന ഇന്ന് മെഡിക്കല്‍ കോളജിലെ ഫോറന്‍സിക് ലബോറട്ടറിയില്‍ നടക്കും.
ശരീരത്തിനകത്ത് വിഷാംശമുണ്ടോയെന്ന് കണ്ടെത്തുന്നതിനാണ് രാസ പരിശോധന നടത്തുന്നത്.
കഴുത്തിലെ മുറിവും പൊട്ടലും
റിഫയുടെ കഴുത്തില്‍ മുറിവേറ്റതായി ദുബായ് പോലീസിന്റെ ഫോറന്‍സിക് പരിശോധനയില്‍ കണ്ടെത്തിയിരുന്നു. കഴുത്തില്‍ പൊട്ടലുള്ളതായും ഇതില്‍ സൂചിപ്പിച്ചിരുന്നു.
കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഫോറന്‍സിക് വിഭാഗം മേധാവി ഡോ. ലിസ ജോണിന്റെ നേതൃത്വത്തില്‍ നടത്തിയ പോസ്റ്റ്മോര്‍ട്ടത്തില്‍ കണ്ടെത്തിയ വിവരങ്ങള്‍ ദുബായ് പോലീസിന്റെ ഫോറന്‍സിക് റിപ്പോര്‍ട്ടിനു സ്ഥിരീകരണം നല്‍കുന്നതാണ്.
മൃതദേഹം ദുബായില്‍ പോസ്റ്റ്മോര്‍ട്ടം ചെയ്യാതെ നാട്ടില്‍ കൊണ്ടുവന്ന് സംസ്കരിക്കുകയായിരുന്നു.കഴിഞ്ഞ ശനിയാഴ്ചയാണ് കേസ് അന്വേഷിക്കുന്ന താമരശേരി ഡിവൈഎസ്പി ടി.കെ. അഷ്റഫിന്റെ നേതൃത്വത്തില്‍ കാക്കൂര്‍ പാവണ്ടൂര്‍ ജുമാമസ്ജിദില്‍ കബറടക്കിയിരുന്ന മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം നടത്തിയത്.
പള്ളിപറമ്പില്‍ തന്നെ പോസ്റ്റ്മോര്‍ട്ടം ചെയ്യുന്നതിനു മുറി ഒരുക്കിയിരുന്നുവെങ്കിലും പുറത്തെടുത്ത മൃതദേഹത്തില്‍ സംശയകരമായ ചില സൂചനകള്‍ കണ്ടതിനാല്‍ വിശദമായ പോസ്റ്റ്മോര്‍ട്ടം നടത്തുന്നതിനു കോഴിക്കോട് മെഡിക്കല്‍ േകാളജ് മോര്‍ച്ചറിയിലേക്ക് മാറ്റുകയായിരുന്നു.
അന്വേഷണത്തിന്റെ ഭാഗമായി പോലീസ് റിഫയുടെ മാതാപിതാക്കളുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. ആത്മഹത്യയല്ലെന്നാണ് മാതാപിതാക്കളുടെ മൊഴി.
പിതാവിന്റെ മൊഴി
മരിക്കുന്ന ദിവസം സന്തോഷത്തോടു കൂടി സംസാരിച്ച റിഫ ഒരിക്കലും ആത്മഹത്യയുടെ വഴി തെരഞ്ഞെടുക്കില്ലെന്നാണ് പിതാവ് റാഷിദ് മൊഴി കൊടുത്തത്.
പിതാവിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ ആളുകളില്‍നിന്ന് മൊഴിയെടുക്കാന്‍ പോലീസ് തീരുമാനിച്ചിട്ടുണ്ട്. റിഫയുടെ ഭര്‍ത്താവ് മെഹ്നാസിന്റെ സുഹൃത്തുക്കള്‍, ഫ്ളാറ്റിന് അടുത്തു താമസിക്കുന്നവര്‍ , ഒപ്പം താമസിച്ചിരുന്നവര്‍, റിഫയുടെ സുഹൃത്തുക്കള്‍ എന്നിവരുടെയല്ലാം മൊഴിയെടുക്കും.
പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിക്കുന്ന മുറയ്ക്ക് അന്വേഷണം ദുബായിലേക്കും വ്യാപിപ്പിക്കാനാണ് സാധ്യത.വ്ലോഗറും ആല്‍ബം നടിയുമായ റിഫ കഴിഞ്ഞ മാര്‍ച്ച് ഒന്നിനു പുലര്‍ച്ചെയാണ് ദുബായ് ജാഹിലിയയിലെ ഫ്ളാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടത്.
ജനുവരി അവസാനമാണ് റിഫ നാട്ടില്‍നിന്ന് ദുബായിലേക്ക് പോയത്.ദുബായ് കാരാമയില്‍ ഒരു പര്‍ദ ഷോപ്പിലായിരുന്നു ജോലി. തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ട ദിവസം റിഫ നാട്ടിലേക്ക് വിളിച്ച് രണ്ടര വയസുള്ള മകനുമായും മാതാപിതാക്കളുമായും വീഡിയോ കോളില്‍ സംസാരിച്ചിരുന്നു.
പിറ്റേന്ന് രാവിലെയാണ് മരണവിവരം വീട്ടില്‍ അറിയുന്നത്. ഭര്‍ത്താവും സുഹൃത്തൃമാണ് റിഫ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. അവര്‍ പുറത്തുപോയ സമയത്ത് ആത്മഹത്യചെയ്തുവെന്നാണ് ഭര്‍ത്താവ് മെഹ്നാസ് പോലീസില്‍ മൊഴി നല്‍കിയിരുന്നത്.
മരണത്തില്‍ ദുരൂഹത ആരോപിച്ച് പിതാവ് റാഷിദ് വടകര റൂറല്‍ എസ്പി എ.ശ്രീനിവാസിനു പരാതി നല്‍കിയതോടെയാണ് അന്വേഷണം തുടങ്ങിയത്. മെഹ്നാസിനെതിരേ പോലീസ് ജാമ്യമില്ലാ വകുപ്പ് ചേര്‍ത്ത് കേസ് രജിസറ്റര്‍ ചെയ്തിട്ടുണ്ട്.