സ്വന്തം ലേഖകന്‍
കോഴിക്കോട്: ദുബായിയിലെ ഫ്ളാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ വ്ളോഗര്‍ റിഫ മെഹ്നുവിന്റെ ഭര്‍ത്താവ് മെഹ്നാസിനായി അന്വേഷണം ഈര്‍ജിതം. ഇയാളെ കണ്ടെത്തുന്നതിനായി കാക്കൂർ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിപ്പിച്ചു.
ചോദ്യം ചെയ്യുന്നതിനായി കാസര്‍ഗോട്ടെ ഇയാളുടെ വീട്ടില്‍ പോലീസ് സംഘം അന്വേഷിച്ചു ചെന്നെങ്കിലും കണ്ടെത്താനായില്ല.
തുടർന്നാണ് നോട്ടീസ് പുറപ്പെടുവിച്ചത്. റിഫയുടെ മൃതദേഹം ഖബര്‍സ്ഥാനില്‍ നിന്ന് പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം ചെയ്ത സാഹചര്യത്തിലാണ് പോലീസ് മെഹ്നാസിനെ തേടിയെത്തിയത്.
എന്നാല്‍ ഇയാള്‍ സ്ഥലത്തുണ്ടായിരുന്നില്ല. റിഫയുടെ മരണവുമായി ബന്ധപ്പെട്ട് ഇയാള്‍ക്കെതിരേ കാക്കൂര്‍ പോലീസ് പീഡനം, കാലില്‍ ഇരുമ്പുവടി കൊണ്ട് അടിച്ചു പരിക്കേല്‍പ്പിക്കല്‍ , ആത്മഹത്യാ പ്രേരണാകുറ്റം എന്നിവയ്ക്ക് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ആത്മഹത്യാ പ്രേരണാകുറ്റത്തിന് മെഹ്നാസിനെ അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ടെന്നാണ് സൂചന.
റിഫയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടത്തിയതിന്റെ റിപ്പോര്‍ട്ട് കാത്തിരിക്കുകയാണ് താമരശേരി ഡിവൈഎസ്പി ടി.കെ അഷ്റഫിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം. കണ്ണൂരിലെ കെമിക്കല്‍ ലാബിലേക്ക് ആന്തരികാവയങ്ങള്‍ രാസ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
ഇതിന്റെ റിപ്പോര്‍ട്ട് കിട്ടാന്‍ വൈകും. എന്നാല്‍, പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയാല്‍ മറ്റു നടപടികളിലേക്ക് നീങ്ങാനാണ് പോലീസ് ആലോചിക്കുന്നത്.
റിഫയുടെ മാതാപിതാക്കളില്‍ നിന്ന് കഴിഞ്ഞ ദിവസം പോലീസ് സംഘം മൊഴിയെടുത്തിരുന്നു.റിഫ നേരിട്ട ശാരീരികവും മാനസികവുമായ പീഡനകാര്യങ്ങള്‍ അവര്‍ പോലീസിനോടു വിശദീകരിച്ചിട്ടുണ്ട്.
കഴിഞ്ഞ ശനിയാഴ്ചയാണ് താമരശേരി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം കാക്കൂര്‍ പാവണ്ടൂര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നിന്ന് റിഫയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം നടത്തിയത്.
വ്ളോഗറും ആല്‍ബം നടിയുമായ റിഫ കഴിഞ്ഞ മാര്‍ച്ച് ഒന്നിനു പുലര്‍ച്ചെയാണ് ദുബായ് ജാഹിലിയയിലെ ഫ്ളാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടത്.
ജനുവരി അവസാനമാണ് റിഫ നാട്ടില്‍നിന്ന് ദുബായിയിലേക്ക് പോയത്. ദുബായ് കാരാമയില്‍ ഒരു പര്‍ദ ഷോപ്പിലായിരുന്നു ജോലി.
മരണത്തില്‍ ദുരൂഹത ആരോപിച്ച് പിതാവ് റാഷിദ് വടകര റൂറല്‍ എസപി എ.ശ്രീനിവാസിനു പരാതി നല്‍കിയതോടെയാണ് അന്വേഷണം തുടങ്ങിയത്.