കോട്ടയം: കേരള ചലച്ചിത്ര അക്കാദമിയും ആത്മയും സംയുക്തമായി സംഘടിപ്പിക്കുന്ന നാലാമത് രാജ്യാന്തര ചലച്ചിത്രോത്സവത്തിനു നാളെ കോട്ടയത്ത് തിരിതെളിയും. വൈകുന്നേരം നാലിന് കോട്ടയം അനശ്വര തിയറ്ററിൽ സംവിധായകൻ ടി.വി. ചന്ദ്രൻ ചലച്ചിത്ര മേള ഉദ്ഘാടനം ചെയ്യും.
നാളെ മുതൽ എട്ടു വരെയാണു ചലച്ചിത്രോത്സവം. വൈകുന്നേരം 6.30നു തിരുനക്കര പോലീസ് ഗ്രൗണ്ടിൽ ഏഴ് നിത്യവസന്ത മലയാള ചിത്രങ്ങളും പ്രദർശിപ്പിക്കും. ലോറി, ആരൂഢം, അമ്മ അറിയാൻ, നിർമാല്യം, കുമ്മാട്ടി, കൊടിയേറ്റം, മകരമഞ്ഞ് എന്നീ മലയാള സിനിമകളാണു പ്രദർശിപ്പിക്കുന്നത്.
ലോകശ്രദ്ധ നേടിയ 28 അന്തർദേശീയ, ദേശീയ, മലയാള ചിത്രങ്ങളാണ് മേളയിലുണ്ടവുക. എല്ലാ ദിവസവും രാവിലെ 10 മുതലാണ് പ്രദർശനം. വൈകുന്നേരം നാലു മുതൽ അഞ്ചു വരെ ഓപ്പണ്‍ ഫോറവും ഉണ്ടായിരിക്കും. നാളെ കൂപാൽ (പേർഷ്യൻ), വില്ലേജ് റോക്സ്റ്റാഴ്സ് (അസാമീസ്), കറുത്ത ജൂതൻ (മലയാളം), ഡേ ബ്രേക്ക് (അൽബേനിയൻ), മൂന്നിന് ഡാർക്ക് വിന്റ് (ഹിന്ദി), അതിശയങ്ങളുടെ വേനൽ (മലയാളം), വാജീബ് (അറബിക്), ക്യാൻഡലേറിയ (സ്പാനിഷ്).
നാലിന് രണ്ടുപേർ (മലയാളം), ഐസ്റ്റിൽ ഹൈഡ് ടു സ്മോക്ക് (അറബിക്), ന്യൂട്ടൻ (ഹിന്ദി), ഈസി (ഇറ്റാലിയൻ).
അഞ്ചിന് ത്രീ ആൻഡ് എ ഹാഫ് (ഹിന്ദി), മറവി (മലയാളം) യെങ് കാറൽ മാർക്സ് (ഫ്രഞ്ച്), ഇൻസിരീയേറ്റഡ് (അറബിക്).
ആറിന് സൗത്ത് വെസ്റ്റ് (പോർച്ചുഗീസ്), അണ് റൈപ്പ് ലെമണ്‍ (മറാത്തി), ഏദൻ (മലയാളം), ദ ഇൻസൽറ്റ് (അറബിക്).
ഏഴിന് നായിന്റെ ഹൃദയം (മലയാളം), വില്ലാ ഡ്യൂലേഴ്സ് (പേർഷ്യൻ), അറോറാ ബോറേലിയസ് (ഹംഗേറിയൻ), റീ ബൗണ്ടബിൾ (ഫ്രഞ്ച്).
എട്ടിന് മാർലിനാ ദ മർഡറർ ഇൻ ഫോർ ആക്റ്റ് (ഇന്തോനേഷ്യ), ഓണ്‍ ബോഡി ആൻഡ് സോൾ (ഹംഗേറിയൻ), ലൗലസ് (റഷ്യൻ), സിംഫണി ഓഫ് അന (സ്പാനിഷ്) എന്നീ ചിത്രങ്ങളാണ് മേളയിൽ പ്രദർശിപ്പിക്കുക.മലയാള സിനിമയുടെ 90 വർഷ ചരിത്രം വിളിച്ചോതുന്ന പ്രദർശനവും ഉണ്ടായിരിക്കും.
ഡെലിഗേറ്റ് പാസ് ലഭിക്കാൻ പാസ്പോർട്ട് സൈസ് ഫോട്ടോഗ്രാഫും 250 രൂപയുമായി രാവിലെ 10 നും വൈകുന്നേരം ആറിനും ഇടയ്ക്കുള്ള സമയത്ത് കോട്ടയം അനശ്വര തിയറ്ററിലെ ഫെസ്റ്റിവൽ ഓഫീസിൽ എത്തണം. 18 വയസിനു മുകളിലുള്ള വിദ്യാർഥികൾ വിദ്യാഭ്യാസ സ്ഥാപനത്തിലെ തിരിച്ചറിയൽ കാർഡും ഫോട്ടോയുമായി എത്തിയാൽ 200 രൂപയ്ക്കു പാസുകൾ ലഭിക്കും.