ലഖ്നൗ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് റൈഫിൾ എടുത്ത് ഉന്നംപിടിക്കുന്ന ദൃശ്യങ്ങൾ സോഷ്യമീഡിയയിൽ വൈറൽ. ലഖ്നൗവിൽ നടന്ന “നോ യുവർ ആർമി’ ഫെസ്റ്റിവലിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
സൈനികരോടു സംസാരിക്കുകയും റൈഫിൾ എടുത്ത് ഉന്നംപിടിക്കുകയും ചെയ്യുന്ന ദൃശ്യങ്ങൾ ഇന്നലെ ഉച്ചയ്ക്കാണു സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടത്. ഇതിനോടകം ലക്ഷക്കണക്കിന് ആളുകൾ ദൃശ്യങ്ങൾ കണ്ടുകഴിഞ്ഞു.
വാർത്താ ഏജൻസിയായ എഎൻഐ ആണ് വീഡിയോ എക്സിൽ പങ്കുവച്ചത്. മൂന്നു ദിവസം നീളുന്ന “നോ യുവർ ആർമി’ ഫെസ്റ്റിവലിൽ ടാങ്കുകളും പീരങ്കികളും തോക്കുകളും ഉൾപ്പെടെ ഇന്ത്യൻ സൈന്യം ഉപയോഗിക്കുന്ന വിവിധ ആയുധങ്ങൾ പ്രദർശിപ്പിക്കുന്നുണ്ട്.
ഇന്ത്യൻ സൈന്യത്തെ അറിയാൻ യുവാക്കൾക്കുള്ള അവസരമാണിതെന്ന് യോഗി ആദിത്യനാഥ് വ്യക്തമാക്കി. ജനുവരി 15ന് ലഖ്നൗവിൽ നടക്കുന്ന ആർമി ഡേ പരേഡിന്റെ മുന്നോടിയായാണ് “നോ യുവർ ആർമി’ ഫെസ്റ്റിവൽ നടക്കുന്നത്.