കൊല്ലം: ജില്ലയിലും അന്തർസംസ്ഥാന ബസുകളുടെ പരിശോധന കർശനമാക്കുന്നു . അതോടൊപ്പം എൽഎപിടി ലൈസൻസ് വ്യവസ്ഥകൾ കർശനമാക്കാനും മോട്ടോർവാഹനവകുപ്പ് തീരുമാനിച്ചു. നിയമങ്ങൾ ലംഘിച്ചുകൊണ്ടാണ് മിക്ക ബസുകളും സർവീസ് നടത്തുന്നത് . നിറയെ സാധനങ്ങളും കയറ്റിയാണ് സർവീസ് . ബുക്കിംഗ്ഓഫീസുകൾക്ക് ലൈസൻസ് ഹാജരാക്കാനുള്ള നോട്ടീസും നൽകി. ലൈസൻസ് ഇല്ലാത്ത ഓഫീസുകൾക്കെതിരെ കർശന നടപടിയുണ്ടാകും.
യാത്രക്കാരെ ഇടയ്ക്ക് കയറ്റി സർവീസ് നടത്താനുള്ള അനുമതിയും ഇല്ല. മാത്രമല്ല ഈ ബസുകളുടെ ഓഫീസുകളുടെ പ്രവർത്തനവും നിയമാനുസൃതമല്ല. ഓഫീസുകൾ പ്രവർത്തിപ്പിക്കുന്നതിനുള്ള ലൈസൻസ് എടുക്കാത്ത കൊല്ലത്തെ ബസ്ബുക്കിംഗ് ഓഫീസുകൾക്കും പിടിവീഴും.
ലൈസൻസില്ലാത്തവരെ കണ്ടെത്തി പിഴ ചുമത്താനുള്ള നീക്കത്തിലാണ് അധികൃതർ. ഓഫീസുകൾ പ്രവർത്തിപ്പിക്കുകയാണെങ്കിൽ ചില അടിസ്ഥാനസൗകര്യങ്ങളും ഏർപ്പെടുത്തേണ്ടിവരും. ഇതൊന്നും മിക്ക ഓഫീസുകളിലുമില്ല. ഓഫീസുകളുടെ ലൈസൻസുകൾ ബന്ധപ്പെട്ട മോട്ടോർവാഹനവകുപ്പ് ഹാജരാക്കാൻ നിർദേശം നൽകിയിട്ടുണ്ട്. ഹാജരാക്കാത്ത ഓഫീസുകൾ കണ്ടെത്തി നടപടി സ്വീകരിക്കും.
ഇത് സംബന്ധിച്ചുള്ള നടപടി തുടങ്ങിയതായി ആർടിഒ വി.സജിത്ത് അറിയിച്ചു.രാത്രികാലങ്ങളിൽ ബസുകളുടെ പരിശോധനയ്ക്കായി ഓപ്പറേഷൻ നൈറ്റ് റൈഡേഴ്സ് എന്ന പേരിൽ പ്രത്യേക സംഘത്തേയും മോട്ടോർവാഹനവകുപ്പ് ചുമതലപ്പെടുത്തിയതായും ആർടിഒ അറിയിച്ചു.