കന്നുകാലി കൊലപാതകത്തില്‍ സസ്‌പെന്‍ഷന്‍ പിടിവള്ളിയാക്കി റിജില്‍ മാക്കുറ്റി സിപിഎമ്മിലേക്ക്, കോണ്‍ഗ്രസില്‍ നിന്ന് നീതി കിട്ടിയില്ലെന്ന് റിജില്‍, പാര്‍ട്ടിമാറ്റം ഉടന്‍, കണ്ണൂര്‍ കോണ്‍ഗ്രസില്‍ പ്രതിഷേധം

യൂത്ത് കോണ്‍ഗ്രസ് മുന്‍ കണ്ണൂര്‍ ലോകസഭാ മണ്ഡലം പ്രസിഡന്‍റ് റിജില്‍ മാക്കുറ്റി സിപിഎമ്മിലേക്ക്. കശാപ്പിനുള്ള കാലി വില്പന നിരോധിച്ച കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ച് കന്നുകുട്ടിയെ പരസ്യമായി അറുത്ത സംഭവത്തില്‍ റിജില്‍ മാക്കുറ്റിയെ കോണ്‍ഗ്രസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തിരുന്നു. എന്നാല്‍ മാസങ്ങള്‍ പിന്നിട്ടിട്ടും സസ്‌പെന്‍ഷന്‍ നടപടി കോണ്‍ഗ്രസ് പിന്‍വലിച്ചില്ല. കൂടാതെ കണ്ണൂരില്‍ ഡിസിസി ഓഫീസ് ആക്രമിച്ചതിനു പിന്നില്‍ റിജില്‍ മാക്കുറ്റിയും സംഘവുമാണെന്ന് കോണ്‍ഗ്രസിലെ ഒരു വിഭാഗം ആരോപിക്കുകയും ചെയ്തു. “ആര്‍എസ്എസിനെയും സംഘപരിവാറിനെയും എതിര്‍ത്തതിന്റെ പേരില്‍ പാര്‍ട്ടി നടപടിക്ക് വിധേയരായ ഞങ്ങള്‍ക്ക് കോണ്‍ഗ്രസിന്റെ നീതിപീഠത്തില്‍ നിന്ന് നീതി കിട്ടുമോ’ എന്ന് ഫേസ്ബുക്കിലൂടെ ചൊവ്വാഴ്ച റിജില്‍ ചോദിച്ചിരുന്നു.

ഇതിന് പിന്നാലെയാണ് സിപിഎം നേതൃത്വം റിജില്‍ മാക്കുറ്റിയെ പാര്‍ട്ടിയിലേക്ക് ക്ഷണിച്ചത്. സസ്‌പെന്‍ഷനിലായ ശേഷം കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ വിളിക്കുകയോ നടപടി പിന്‍വലിക്കാനുള്ള നീക്കം നടത്തുകയോ ചെയ്തിട്ടില്ലെന്ന് റിജില്‍ ദീപികയോട് പറഞ്ഞു. സിപിഎമ്മിനു പുറമെ മുസ്‌ലിം ലീഗില്‍ നിന്നും ക്ഷണം ലഭിച്ചിട്ടുണ്ടെന്നാണ് റിജില്‍ വ്യക്തമാക്കിയത്. കശാപ്പിനുള്ള കാലി വില്പന നിരോധിച്ച കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ച്
കന്നുകുട്ടിയെ പരസ്യമായി അറുത്ത സംഭവത്തില്‍ എട്ട് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ ഉള്‍പ്പെടെ ഒന്‍പതു പേരെ കണ്ണൂര്‍ സിറ്റി പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

കശാപ്പ് നടത്തുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ സംഭവം ദേശീയതലത്തില്‍ വിവാദമാവുകയും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള നേതാക്കള്‍ അപലപിക്കുകയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് പരിപാടിയുടെ ഉദ്ഘാടകനായ റിജില്‍ മാക്കുറ്റിയെ കോണ്‍ഗ്രസില്‍ നിന്നും യൂത്ത് കോണ്‍ഗ്രസില്‍ നിന്നും അധ്യക്ഷത വഹിച്ച ജസ്റ്റിസണ്‍ ചാണ്ടിക്കൊല്ലി, നേതൃത്വം നല്‍കിയ ഷറഫുദീന്‍ കാട്ടാന്പള്ളി എന്നിവരെ യൂത്ത് കോണ്‍ഗ്രസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തത്.

Related posts