നാദാപുരം: ഖത്തറിൽ നിന്നെത്തിയ യുവാവിനെ കാണാതായ സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി.
ജാതിയേരി കോമ്പി മുക്കിലെ വാതുക്കൽ പറമ്പത്ത് റിജേഷിനെയാണ് കാണാതായതായി സഹോദരൻ രാജേഷ് പരാതി നൽകിയത്.
ജൂൺ 16 ന് നാട്ടിലെത്തുമെന്ന് രാജേഷിന് റിജേഷ് ജൂൺ പത്തിന് വാട്ട്സാപ്പിൽ സന്ദേശം അയച്ചിരുന്നെന്നും എന്നാൽ റിജേഷ് വീട്ടിൽ എത്തിയില്ല എന്നുമാണ് വളയം പോലീസിൽ പരാതി നൽകിയത്.
പരാതിയുടെ അടിസ്ഥാനത്തിൽ വളയം പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
റിജേഷിനെ അന്വേഷിച്ച് ജാതിയേരിയിലെ വീട്ടിലെത്തിയ വാഹനത്തിന്റെ നമ്പർ കേന്ദ്രീകരിച്ചും വീട്ടിലെത്തിയ സംഘത്തെ കുറിച്ചുമാണ് പ്രധാനമായും അന്വേഷിക്കുന്നത്.
സ്വർണ കടത്ത് സംഘം പെരുവണ്ണാമൂഴി പന്തിരിക്കര സ്വദേശി ഇർഷാദിന്റെ മരണവുമായി ബന്ധപ്പെട്ട് വിവാദങ്ങൾ ഉടലെടുത്തതോടെ റിജേഷിന്റെ തിരോധാനത്തെ പോലീസ് ഗൗരവമായി എടുത്തിട്ടുണ്ട്.
ഇതിനിടെ വിദേശത്ത് നിന്ന് എത്തിയ റിജേഷ് വീട്ടിൽ നിന്ന് മാറി നിൽക്കുന്നതാണോ എന്ന കാര്യവും പോലീസ് അന്വേഷിക്കുന്നുണ്ട്.
ഇതിനിടെ യുവാവ് വളയം ടൗണിലുംമറ്റും എത്തിയതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. നാദാപുരം ഡിവൈഎസ്പി വി.വി. ലതീഷ് , ഇൻസ്പെക്ടർ എ. അജീഷ് എന്നിവരടങ്ങുന്ന സംഘത്തിനാണ് അന്വേഷണ ചുമതല. ഇൻസ്പെക്ടറും സംഘവും വീട്ടിലെത്തി മാതാപിതാക്കളുടെ മൊഴി രേഖപ്പെടുത്തി. യുവാവിന്റെ തിരോധാനത്തിന് പിന്നിൽ സ്വർണക്കടത്ത് സംഘമാണെന്ന നിഗമനത്തിലാണ് പോലീസ് അന്വേഷണം.