റെനീഷ് മാത്യു
കണ്ണൂർ: കെ.ആർ. മീരയ്ക്ക് പിന്നാലെ ടി. പദ്മനാഭനെതിരേ രൂക്ഷ വിമർശനവുമായി യൂത്ത് കോൺഗ്രസ്. സമൂഹമാധ്യമ പോസ്റ്റുകളുടെ പേരിൽ കോൺഗ്രസ് പ്രവർത്തകർക്ക് നിയന്ത്രണം ഏർപ്പെടുത്തിയതിനു പിന്നാലെയാണ് യൂത്ത്കോൺഗ്രസ് കണ്ണൂർ ലോക്സഭാമണ്ഡലം പ്രസിഡന്റ് റിജിൽ മാക്കുറ്റി ടി. പദ്മനാഭനെതിരേ സോഷ്യൽ മീഡിയയിലൂടെ രൂക്ഷവിമർശനം നടത്തിയത്. യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി നടത്തുന്ന ധീരരക്തസാക്ഷികൾ എന്ന പരിപാടിയിൽ കണ്ണൂരിൽ പങ്കെടുക്കാൻ ക്ഷണിച്ച സംഭവത്തിൽ പങ്കെടുക്കാൻ പറ്റില്ലെന്ന് ടി. പത്മനാഭൻ പറഞ്ഞതിനെതിരേയാണ് റിജിൽ മാക്കുറ്റിയുടെ വിമർശനം. ..
ഇതാണ് കേരളത്തിലെ പല സാംസ്കാരിക നായകരുടെയും പൊതു സ്വഭാവം… കൊന്നത് സിപിഎം ആണ്; അതുകൊണ്ട് അവരുടെ പേനയിൽ മഷി ഉണ്ടാകില്ല. സിപിഎമ്മിനെ കാണുമ്പോൾ നട്ടെല്ലിനു പകരം വാഴപ്പിണ്ടിയുമായി നടക്കുന്നവർ…. എന്നും പത്മനാഭൻ അടക്കമുള്ള സാംസ്കാരിക നായകരെ വിശേഷിപ്പിക്കുന്നുണ്ട്.
കെ.ആർ. മീരയ്ക്കെതിരേ വി.ടി. ബൽറാം എംഎൽഎ സമൂഹമാധ്യമത്തിലൂടെ നടത്തിയ പരാമർശം ഏറെ വിമർശിക്കപ്പെട്ടിരുന്നു. സമൂഹമാധ്യമങ്ങളിലൂടെ നേരത്തെ കോൺഗ്രസ് യുവനേതാക്കൾ കോൺഗ്രസ് നേതാക്കളെയും വിമർശിച്ചിരുന്നു. ഇതിനെതിരേയാണ് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ കഴിഞ്ഞദിവസം സർക്കുലർ ഇറക്കിയത്. പാർട്ടിക്ക് അവമതിപ്പോ ദുഷ്പേരോ ഉണ്ടാക്കുന്ന പ്രവർത്തനങ്ങളിൽ നിന്ന് സൈബർ രംഗത്ത് സജീവമായ പ്രവർത്തകർ വിട്ടുനിൽക്കണമെന്നായിരുന്നു നിർദേശം.
ഇതിനായി കെപിസിസി ഡിജിറ്റൽ മീഡിയ സെല്ലിനെ ചുമതലപ്പെടുത്തിയിരുന്നു. ഡിജിറ്റൽ മീഡിയ സെൽ അംഗങ്ങൾ പാർട്ടിയുടെ ഔദ്യോഗിക ഹാൻഡിൽ, പേജ് എന്നിവയിൽ മുൻകൂർ അനുമതിയില്ലാതെ പോസ്റ്റിംഗ് നടത്തരുതെന്ന നിർദേശമുണ്ട്. സ്വകാര്യ പേജിൽ പ്രസിദ്ധീകരിക്കുന്ന പോസ്റ്റുകൾ വ്യക്തിപരമായിരിക്കണമെന്നും നിർദേശമുണ്ട്.എന്നാൽ ഈ നിർദേശത്തെ മറികടന്നാണ് യൂത്ത്കോൺഗ്രസ് കണ്ണൂർ ലോക്സഭാമണ്ഡലം പ്രസിഡന്റ് റിജിൽ മാക്കുറ്റിയുടെ പോസ്റ്റ്. സംസ്ഥാന പ്രസിഡന്റ് ഡീൻ കുര്യാക്കോസ് അടക്കമുള്ള നേതാക്കളെ ടാഗ് ചെയ്താണ് പോസ്റ്റ്. എന്നാൽ ഇതിനോട് പ്രതികരിക്കുവാൻ ടി.പത്മനാഭൻ തയാറായില്ല.
റിജിൽ മാക്കുറ്റിയുടെ പോസ്റ്റിന്റെ പൂർണ രൂപം ഇങ്ങനെ;
ടി.പത്മനാഭൻ എന്ന സാംസ്കാരിക നായകനെ ഞാൻ വിളിച്ചു. വിളിച്ചത് യൂത്ത് കോൺഗ്രസ് സംസ്ഥാ കമ്മിറ്റി നടത്തുന്ന ധീരരക്തസാക്ഷികൾ, പ്രിയ സഹോദരങ്ങളായ കൃപേഷിന്റെയും ശരത് ലാലിന്റെയും ചിതാഭസ്മ ധീര സ്മൃതി യാത്ര കണ്ണൂരിലെത്തുമ്പോൾ അതിൽ പങ്കെടുക്കാനാവുമോ എന്നറിയാനാണ്. (സംസ്ഥാന പ്രസിഡന്റ്ഡീൻ കുര്യാക്കോസ് പറഞ്ഞതിനനുസരിച്ചാണ് വിളിച്ചത്.) ഒന്നാം തീയ്യതി എനിക്ക് പറ്റില്ല,ഞാൻ ചോദിച്ചു രണ്ട് ചെറുപ്പക്കാരെ ദാരുണമായി കൊലപ്പെടുത്തിയിട്ട്സാറിന്റെ ഒന്നും പ്രതികരണം കണ്ടില്ലല്ലോ? “ഞാനെന്താ പ്രതികരണ തൊഴിലാളിയാണോ?” എന്ന മറുപടിയാണ് ലഭിച്ചത്.
ഒരു മൂരിക്കുട്ടനു വേണ്ടി അങ്ങയുടെ വലിയ പ്രതികരണം ഉണ്ടായിരുന്നല്ലോ?
ഒരു മൂരിക്കുട്ടന് നൽകുന്ന വില രണ്ട് ചെറുപ്പക്കാരുടെ ജീവന് ഇല്ലേ എന്ന് ഞാൻ തിരിച്ച് ചോദിച്ചു.
ഇതാണ് കേരളത്തിലെ പല സാംസ്കാരിക നായകരുടെയും പൊതു സ്വഭാവം.
കൊന്നത് സിപിഎം ആണ്; അതുകൊണ്ട് അവരുടെ പേനയിൽ മഷി ഉണ്ടാകില്ല.
സിപിഎമ്മിനെ കാണുമ്പോൾ നട്ടെല്ലിനു പകരം വാഴപ്പിണ്ടിയുമായി നടക്കുന്നവർ…..
ഇവരാണ് അഡ്വ. ജയശങ്കറിന്റെ ഭാഷയിലെ സാംസ്കാരിക നക്കികൾ.
ഇവരെപ്പോലുള്ളവരെയാണ് വി.ടി. ബൽറാം എംഎൽഎ വിമർശിച്ചത്.
അതിൽ ഒരു മീരമാർക്കും കുരു പൊട്ടിയിട്ട് കാര്യമില്ല.