പയ്യന്നൂര്‍: പൂനയില്‍ ഐഎഎസ് പരിശീലനം നടത്തിവരുന്നതിനിടെ കാണാതായ കരിവെള്ളൂര്‍ ആണൂരിലെ പി.കെ. ജയരാജന്റെ മകന് റിജോയി (27) യെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. പൂനയിലെത്തിയ പയ്യന്നൂര്‍ പോലീസ് റിജേിയിയില്നിന്നും അകന്നുകഴിയുന്ന ഭാര്യയെ ചോദ്യം ചെയ്തു.
പൂനയിലെ ചാണക്യ അക്കാദമിയില്‍ ഐഎഎസ് ബിരുദത്തിനു വേണ്ടിയുള്ള കോച്ചിംഗിനിടയില് ഫിസിക്സ് ബിരുദധാരിയായ റിജോയിയെ കഴിഞ്ഞവര്‍ഷം നവംബര്‍ 15 മുതലാണു കാണാതായത്. മഹാരാഷ്ട്ര പോലീസിന്റെ അന്വേഷണത്തില്‍ റിജോയിയെ കണ്ടെത്താന്‍ കഴിയാഞ്ഞതിനെ തുടര്‍ന്നു പിതാവ് ജയരാജന് കണ്ണൂര്‍ ജില്ലാ പോലീസ് മേധാവിയ്ക്കു നല്കിയ പരാതിയെ തുടര്‍ന്നാണ് എസ്പിയുടെ നിര്‍ദേശ പ്രകാരം പയ്യന്നൂര്‍ പോലീസ് അന്വേഷണമാരംഭിച്ചത്.
പയ്യന്നൂര്‍ എഎസ്ഐ സുരേഷ്ബാബുവിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണു പൂനയില്‍ അന്വേഷണം നടത്തിയത്. പൂനയിലെത്തിയ പയ്യന്നൂര്‍ പോലീസ് റിജോയിയുടെ താമസ സ്ഥലമായ ചാര്ത്തശ്രിംഗിയില് അന്വേഷണം നടത്തി.
അവിടുത്തെ പോലീസില്‍നിന്നും ഇതുവരെ നടത്തിയ അന്വേഷണങ്ങളുടെ വിശദവിവരങ്ങള്‍ സംഘം ശേഖരിച്ചു. പൂനയിലുള്ള പയ്യന്നൂര്‍ കോറോം സ്വദേശിനിയുമായ റിജോയിയുടെ ഭാര്യയില്‍നിന്നും പൂനയില്‍ താമസിച്ചു രസതന്ത്രത്തില്‍ ഗവേഷണം നടത്തുന്ന സഹോദരന് സിനോയിയില്നിന്നും അന്വേഷകസംഘം മൊഴിയെടുത്തു.
സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ റിജോയിയെ കാണാതായ ദിവസം രാത്രി മുതല്‍ ഇയാളുടെ ഫോണ്‍ സ്വിച്ച് ഓഫാണെന്നാണു കണ്ടെത്തിയത്.
താമസസ്ഥലത്തും പഠിക്കുന്ന അക്കാദമിയിലും റിജോയിക്കു കാര്യമായ സുഹൃത്തുക്കളൊന്നും ഇല്ലായെന്നാണു പോലീസ് നടത്തിയ അന്വേഷണത്തില്‍ ബോധ്യമായത്. ഇതുവരെ നടത്തിയ അന്വേഷണത്തില്‍ റിജോയിയുടെതിരോധാനത്തിനു പിന്നിലെ ദുരൂഹതകളുടെ കുരുക്കഴിക്കാന്‍ കഴിഞ്ഞിട്ടില്ലെങ്കിലും അന്വേഷണം തുടരുമെന്നു പോലീസ് പറഞ്ഞു.
കോളജ് വിദ്യാഭ്യാസ കാലം മുതലുള്ള അടുപ്പത്തെ തുടര്‍ന്നാണു കോറോം സ്വദേശിനിയെ റിജോയി വിവാഹം ചെയ്തത്. പൂനയിലെ ബാങ്കില്‍ അസിസ്റ്റന്റ് മാനേജരായ ഭാര്യക്കൊപ്പമായിരുന്നു പൂനയില്‍ താമസിച്ച് ഐഎഎസിനുള്ള തയാറെടുപ്പുകള്‍ നടത്തി വന്നത്.
അതിനിടെ ഭാര്യയുമായുള്ള അസ്വാരസ്യങ്ങളാല് ബന്ധം വേര്‍പെടുത്താന്‍ കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഭാര്യയുമായി അകന്ന ശേഷം ശേഷം പൂനയിലുള്ള സഹോദരന് സിനോയിക്കൊപ്പം താമസിച്ചായിരുന്നു പഠനം. ഇതിനിടയിലാണു പണമോ ബിരുദ സര്‍ട്ടിഫിക്കറ്റുകളോ എടുക്കാതെയുള്ള റിജോയിയുടെ ദുരൂഹത നിറഞ്ഞ തിരോധാനം.