കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ ഇരയായ നടിയുടെ പേര് വെളിപ്പെടുത്തിയ നടി റിമ കല്ലിങ്കലിനെ ആവശ്യമെങ്കിൽ സ്റ്റേഷനിൽ വിളിച്ചു വരുത്തും. റിമയ്ക്കെതിരേ പരാതി ലഭിച്ചിട്ടുണ്ടെന്നും ഉന്നത പോലീസ് അധികാരികളുടെ നിർദേശം ലഭിച്ചാൽ ഉടൻ നടപടികളിലേക്കു കടക്കുമെന്നു ബിനാനിപുരം എസ്ഐ സെപ്റ്റോ ജോണ് രാഷ്ട്രദീപികയോടു പറഞ്ഞു.
ആക്രമിക്കപ്പെട്ട നടിയുടെ പേര് ഫെയ്സ്ബുക്കിലൂടെ വെളിപ്പെടുത്തിയ റിമയ്ക്കെതിരേ മുപ്പത്തടം സ്വദേശി അബ്ദുൾ സയനിയാണ് പരാതി നൽകിയത്. നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ ദിലീപിന്റെ അറസ്റ്റുണ്ടായതിനു ശേഷം ഇരയായ നടിയുടെ പ്രതികരണം പുറത്തു വന്നിരുന്നു. നടിയുടെ ചിത്രവും പേരുമടക്കം വച്ചു പുറത്തു വന്ന കുറിപ്പ് റിമ അതേപടി ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്യുകയായിരുന്നു. ഇരയുടെ പേര് വെളിപ്പെടുത്തിയതിനു നടൻ അജു വർഗീസിനെ കളമശേരി സ്റ്റേഷനിൽ വിളിച്ചു വരുത്തി ചോദ്യം ചെയ്യുകയും ഫോണ് കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു.