കൊച്ചി: ആക്രമണത്തിനിരയായ യുവനടിയ്ക്ക് പിന്തുണ പ്രഖ്യാപിച്ച്, ഇനി ഒരിക്കലും സ്ത്രീവിരുദ്ധ ചിത്രങ്ങള്‍ ചെയ്യില്ലെന്ന പൃഥ്വിരാജിന്റെ പ്രഖ്യാപനത്തിന് വ്യാപകമായ പ്രശംസ ലഭിച്ചിരുന്നു. തുടര്‍ന്ന് മലയാളസിനിമയില്‍ നിലനില്‍ക്കുന്ന സ്ത്രീ വിരുദ്ധതയെക്കുറിച്ച മാതൃഭൂമിയില്‍ പ്രേചന്ദിന്റെ വക ലേഖനവും വന്നു. സംവിധായകന് രഞ്ജിത്തിന്റെ ചിത്രത്തിലെ സ്ത്രീവിരുദ്ധത ചൂണ്ടിക്കാട്ടിയായിരുന്നു പ്രേംചന്ദ് ലേഖനമെഴുതിയത്. എന്നാല്‍ പ്രേംചന്ദിന്റെ ഭാര്യാപിതാവ് ടി. ദാമോദരന്റെ ചിത്രത്തിലെ സ്ത്രീവിരുദ്ധത ആരു തിരുത്തും എന്നായിരുന്നു രഞ്ജിത്തിന്റെ മറുപടി. രഞ്ജിത്തിന്റെ പ്രസ്താവനയുടെ വാലുപിടിച്ച് പലരും രംഗത്തെത്തുകയും ചെയ്തു.
ഇക്കൂട്ടത്തിലൊരാളായിരുന്നു നടി റിമാ കല്ലിങ്കല്‍. രഞ്ജിത്തിന്റെ ചിത്രമായ ആറാം തമ്പുരാനിലെ പഞ്ച് ഡയലോഗാണ് റിമ സംവിധായകനെതിരേ തന്നെ തിരിച്ചുവിട്ടത്. നടിക്കെതിരായ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇനിമുതല്‍ സ്ത്രീവിരുദ്ധതയുള്ള ചിത്രങ്ങള്‍ ചെയ്യില്ലെന്ന് നടന് പൃഥ്വിരാജ് പ്രഖ്യാപിച്ചിരുന്നു. പൃഥ്വിയുടെ പ്രഖ്യാപനത്തെ പ്രശംസയോടെയാണ് സമൂഹം ഏറ്റുവാങ്ങിയത്. പലരും ഇതിനെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു. പൃഥ്വിയുടെ നിലപാടിനെ അഭിനന്ദിച്ച റിമ സ്ത്രീകള്‍ക്ക് മുകളില്‍ സമഗ്രാധിപത്യമുണ്ടെന്ന തരത്തില്‍ വളര്‍ത്തുന്ന പുരുഷന്മാരുള്ള സമൂഹത്തില്‍ പൃഥ്വിയ്ക്ക് അതിനപ്പുറം കാണാനായത് പ്രശംസിക്കണമെന്നും പറഞ്ഞു.
”അറിവിന്റെ ഗിരിനിരകള്‍ കീഴടക്കുമ്പോഴും ഒരുവന്റെയുള്ളില്‍ അലയടിക്കുന്ന ഉത്തരമില്ലാത്ത ചോദ്യം, ഞാനാര്? അതിന്റെ അര്‍ത്ഥമറിയുക എന്നതാണ് ഓരോ മനഷ്യാത്മാവിന്റേയും ജീവിത നിയോഗം” ‘ ആറാം തമ്പുരാനിലെ ഈ ഡയലോഗിന്റെ ഒരു തലം സ്ത്രീത്വത്തെ മനസ്സിലാക്കുകയും അറിയുകയും ചെയ്യുകയുമാണെന്നാണ് റിമയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നത്.