സിനിമയില്‍ ഇല്ലാത്ത ഒരു സുഹൃത്ത് എന്നോട് ചോദിച്ചു, അപ്പോള്‍ പുലിമുരുകനില്‍ മോഹന്‍ലാലിന്റെ തുട കാണിച്ചതിന് കുഴപ്പമില്ലേ! സെന്‍സര്‍ ബോര്‍ഡിനെതിരെ പ്രതികരണവുമായി നടി റിമ കല്ലിങ്കല്‍

നവാഗതനായ ജുബിത് നമ്രാഡത്ത് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ആഭാസം എന്ന ചിത്രത്തിന്റെ സെന്‍സറിംഗുമായി ബന്ധപ്പെട്ട് ഉടലെടുത്ത വിവാദങ്ങള്‍ക്ക് മറുപടിയുമായി നടി റിമ കല്ലിങ്കല്‍ രംഗത്ത്. സെന്‍സറിംഗില്‍ അനാവശ്യ ഇടപെടലുകള്‍ നടത്തിയ സെന്‍സര്‍ ബോര്‍ഡിനെതിരെയാണ് റിമ പ്രതികരിച്ചിരിക്കുന്നത്. സുരാജ് വെഞ്ഞാറമൂടിന്റെ തുട കാണിച്ചെന്ന കാരണത്താലാണ് നേരത്തെ ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. പിന്നീട് നിരവധി പോരാട്ടങ്ങള്‍ക്ക് ഒടുവിലാണ് യു/എ സര്‍ട്ടിഫിക്കറ്റ് ലഭിച്ചത്. ഇതുമായി ബന്ധപ്പെട്ടാണ് ഇപ്പോള്‍ റിമയുടെ പ്രതികരണം വന്നിരിക്കുന്നത്. ചിത്രത്തില്‍ റിമയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

റിമയുടെ വാക്കുകള്‍…സുരാജേട്ടന്റെ തുട കാണിച്ചത് കൊണ്ടാണ് സെന്‍സര്‍ വൈകിയതെന്നും എ സര്‍ട്ടിഫിക്കറ്റ് ലഭിച്ചതെന്നും സിനിമയിലൊന്നും ഇല്ലാത്ത ഒരു സുഹൃത്തിനോട് പറഞ്ഞപ്പോള്‍ അവള്‍ ചോദിച്ചു അപ്പോള്‍ പുലിമുരുകനില്‍ മോഹന്‍ലാലിന്റെ തുട കാണിച്ചതിന് കുഴപ്പമില്ലേ എന്ന്. അപ്പോഴാണ് നമ്മള്‍ അങ്ങനെ ചിന്തിക്കുന്നത് തന്നെ’

‘നാട്ടില്‍ നടക്കുന്ന കാര്യങ്ങളെ വിമര്‍ശിക്കാന്‍ ഒരു കലാരൂപത്തിലൂടെ സാധിക്കുന്നില്ലെങ്കില്‍ അത് സൂചിപ്പിക്കുന്നത് നമ്മള്‍ ജനാധിപത്യത്തിലല്ല ജീവിക്കുന്നത് എന്നാണ്. ഞങ്ങള്‍ ഈ സിനിമയിലൂടെ പറയാന്‍ ശ്രമിക്കുന്ന കാര്യങ്ങള്‍ തന്നെയാണ് ഇപ്പോള്‍ ഞങ്ങള്‍ സിനിമ പുറത്തിറക്കാന്‍ ശ്രമിക്കുമ്പോള്‍ നേരിടുന്നത്’. റിമ പറഞ്ഞു.

ഏപ്രില്‍ 27ന് റിലീസ് നിശ്ചയിച്ചിരുന്ന ചിത്രത്തിന് ആവശ്യത്തിന് തിയേറ്ററുകള്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് റിലീസ് ഇപ്പോള്‍ മാറ്റി വെച്ചിരിക്കുകയാണ്. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് റിമ ഇക്കാര്യങ്ങള്‍ പറഞ്ഞിരിക്കുന്നത്.

 

Related posts