നിങ്ങളുദ്ദേശിക്കുന്നവരല്ല യഥാര്‍ത്ഥ നായകനും നായികയും! നായിക ഇല്ലെങ്കിലും മലയാള സിനിമ വിജയിക്കുമെന്ന് മനസിലായില്ലേ എന്ന വിമര്‍ശകരുടെ ചോദ്യത്തിന് മറുപടിയുമായി റിമ കല്ലിങ്കല്‍

മലയാളികളില്‍ പൊതുവേയും മലയാള സിനിമയില്‍ പ്രത്യേകിച്ചും കണ്ടുവരുന്ന പ്രതിഭാസമാണ് സ്ത്രീകളെ രണ്ടാം കിടക്കാരായി പരിഗണിക്കുന്നത് എന്ന് പൊതുവേദിയില്‍ തുറന്നു പറഞ്ഞതിനെ തുടര്‍ന്ന് ഏറെ വിമര്‍ശനങ്ങള്‍ക്ക് വിധേയയായ വ്യക്തിയാണ് നടി റിമ കല്ലിങ്കല്‍.

റിമ തുറന്നു പറഞ്ഞ കാര്യങ്ങള്‍ ദഹിക്കാത്തവരാകണം, സുഡാനി ഫ്രം നൈജീരിയ എന്ന സിനിമ റിലീസായപ്പോള്‍ അതില്‍ നായിക ഇല്ല, എങ്കിലും ആ പടം ഹിറ്റായി എന്ന് എടുത്തുപറഞ്ഞ് രംഗത്തെത്തിയിരുന്നു. പലരും ഇക്കാര്യം റിമയുടെ ശ്രദ്ധയിലും പെടുത്തി. നായിക ഇല്ലെങ്കിലും മലയാള സിനിമ ഓടും എന്ന് മനസിലായി കാണുമല്ലോ എന്ന് പലരും റിമയെ പരിഹസിക്കുകയും ചെയ്തു.

എന്നാല്‍ ഇതുവരെ മൗനം പാലിച്ച റിമ എന്തുകൊണ്ട് നായിക ഇല്ലാതിരുന്നിട്ടും സുഡാനി വിജയിച്ചു എന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണിപ്പോള്‍. റിമയുടെ വാക്കുകള്‍ ഇങ്ങനെ…

ഒടുവില്‍ ചിത്രം കണ്ടു. സന്തോഷം കൊണ്ട് കണ്ണു നിറഞ്ഞു. സിനിമയില്‍ നായികയില്ലെന്നു സന്തോഷത്തോടെ പലരും പറഞ്ഞിരുന്നത് കേട്ടിരുന്നു. ഡിക്ഷ്ണറി പ്രകാരം ഒരു നായിക, അല്ലെങ്കില്‍ നായകന്‍ എന്നത് ധീരരും അവരുടെ പ്രവര്‍ത്തികളിലൂടെ, സ്വഭാവത്തിലൂടെ പ്രതീകമായി മാറുന്നവരുമാണ്. ഈ ചിത്രത്തില്‍ സൗബിനും ഉമ്മമാരും ചെയ്തത് അതു തന്നെയാണ്.

അവര്‍ സുഡുവിനു നല്‍കിയ നിഷ്‌കളങ്കവും നിരുപാധികവുമായ സ്നേഹം, അവനോടു കാണിച്ച അനുകമ്പ, അവനെ മനസിലാക്കിയ രീതി, അതെല്ലാം ഭാഷയ്ക്കും ദേശത്തിനും അപ്പുറമാണ്. അത്തരം ഒരു സ്നേഹം ഇന്നു നമുക്ക് ചുറ്റും കാണാന്‍ സാധിക്കുന്നില്ല.

സാധാരണ ഓഡീഷന്‍ പരസ്യങ്ങളില്‍ നിങ്ങള്‍ കാണുന്ന 18നും 24നും ഇടയിലുള്ള പെണ്‍കുട്ടികളോ, സിക്സ് പാക്ക് ഉള്ള ആണ്‍കുട്ടികളോ മാത്രമല്ല സിനിമയിലെ നായികയും നായകനും. അതല്ല നായികയുടേയും നായകന്റെയും നിര്‍വ്വചന. ആ ഉമ്മമാര്‍ക്കും, സൗബിന്‍ സാഹിറിനും, സുഡുവിനും, അവര്‍ക്കൊപ്പം നിന്ന സുഹൃത്തുക്കള്‍ക്കും, ഗരുഢ നാട്യം അവതരിപ്പിച്ച നായരേട്ടനും, സ്‌ക്രീനില്‍ ജീവിച്ച ഓരോരുത്തര്‍ക്കും സ്നേഹവും ഉമ്മകളും. റിമ കുറിച്ചു.

Related posts