സിനിമയില്‍ നടക്കുന്നത് എന്താണെന്ന് ജനങ്ങള്‍ അറിയണം! ഞങ്ങളോട് ആക്രോശിച്ചവര്‍ എന്തുകൊണ്ട് ഈ ചോദ്യങ്ങള്‍ ‘അമ്മ’യോട് ചോദിക്കുന്നില്ല; ആഞ്ഞടിച്ച് റിമ കല്ലിങ്കല്‍

ഡബ്ലുസിസിയ്‌ക്കെതിരെ അധിക്ഷേപങ്ങള്‍ ചൊരിയുന്നവരും അശ്ലീലം കലര്‍ന്ന ഭാഷയില്‍ സംസാരിക്കുകയും ചെയ്യുന്നവര്‍ എന്തുകൊണ്ട് അമ്മ ഭാരവാഹികളോട് ഇതൊന്നും ചോദിക്കാന്‍ ധൈര്യപ്പെടുന്നില്ല എന്ന് റിമ കല്ലുങ്കല്‍. എ.എം.എം. എ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അച്ചടക്കത്തോടെ മൗനമായി ഇരുന്നവര്‍ ഡബ്ലുസിസിയ്ക്ക് നേരെ ആക്രോശിക്കുകയായിരുന്നു എന്നും റിമ പറയുന്നു.

കഴിഞ്ഞ ദിവസം നടന്ന വാര്‍ത്താസമ്മേളനത്തില്‍ എ.എം.എം.എയ്ക്കെതിരേ കടുത്ത വിമര്‍ശനങ്ങളുമായി ഡബ്യൂ.സി.സി രംഗത്ത് വന്നതിന്റെ പശ്ചാത്തലത്തിലാണ് റിമയുടെ പ്രതികരണം. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ്സു തുറന്നത്. നടിമാര്‍ പൊതുസ്വത്താണെന്ന ധാരണ പുലര്‍ത്തുന്നവരുണ്ട്.

എ.എം.എം.എ പ്രസിഡന്റ് വാര്‍ത്താസമ്മേളനം നടത്തിയപ്പോള്‍ അവര്‍ ശക്തമായ ചോദ്യങ്ങള്‍ ചോദിച്ചില്ല. ദിലീപിനെ തിരിച്ചെടുത്ത വിഷയത്തില്‍ അദ്ദേഹത്തിന്റെ നിലപാട് എന്താണെന്ന് ചോദിച്ചില്ല. സ്ത്രീപീഡനക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഒരാളെ എന്ത് അടിസ്ഥാനത്തിലാണ് തിരിച്ചെടുത്തതെന്ന് ആരാഞ്ഞില്ല.

എന്തുകൊണ്ട് ആ വ്യക്തിയെ പുറത്താക്കിയില്ല എന്ന് ചോദിച്ചില്ല. എ.എം.എം.എ പ്രസിഡന്റ് മോഹന്‍ലാല്‍ ഇതെല്ലാം അടുത്ത യോഗത്തില്‍ തീരുമാനിക്കും എന്ന് പറഞ്ഞപ്പോള്‍ എല്ലാവരും മിണ്ടാതെ സ്ഥലം വിട്ടു. എ.എം.എം.എ നേതൃത്വത്തില്‍നിന്ന് നീതി കിട്ടാതായതില്‍ ഡബ്ല്യൂ.സി.സി അംഗങ്ങള്‍ ദുഃഖിതരും രോഷാകുലരും ആണെന്നും പ്രധാനപ്പെട്ട വിഷയങ്ങള്‍ അവരവിടെ ചര്‍ച്ച ചെയ്യാന്‍ തയ്യാറായില്ലെന്നും റിമ പറഞ്ഞു.

ദിലീപ് ശരിക്കും രാജി വച്ചോ ഇല്ലയോ എന്നൊന്നും എനിക്ക് അറിഞ്ഞൂടാ. രാജി സമര്‍പ്പിച്ചുവെന്നും എന്നാല്‍ എ.എം.എം.എ അതെക്കുറിച്ച് ഇപ്പോഴും ചിന്തിക്കുകയാണെന്നാണ് എനിക്ക് തോന്നുന്നത്. ഏറ്റവും വലിയ തമാശ എന്താണെന്ന് വച്ചാല്‍, ഞങ്ങള്‍ രാജി സമര്‍പ്പിച്ചപ്പോള്‍ രണ്ടാമതൊന്ന് അവര്‍ക്ക് ആലോചിക്കേണ്ടി വന്നില്ല.

മീ ടൂ ക്യാമ്പയിന്‍ തരംഗമാകുമ്പോള്‍ ബോളിവുഡും തമിഴ് സിനിമയുമെല്ലാം കൈക്കൊള്ളുന്ന നിലപാടിനെ റിമ അഭിനന്ദിച്ചു. ആമീര്‍ ഖാന്‍, അക്ഷയ് കുമാര്‍ എന്നിവര്‍ ആരോപണവിധേയര്‍ക്കൊപ്പം ജോലി ചെയ്യില്ലെന്ന് തീരുമാനിച്ചിരിക്കുന്നു. തമിഴ് സിനിമയിലെ ചൂഷണം തടയാന്‍ പാനല്‍ രൂപീകരിക്കുമെന്ന് വിശാല്‍ പറയുന്നു. പക്ഷേ ഇവിടെ സംഭവിക്കുന്നത് എന്താണ്?

ബി. ഉണ്ണികൃഷ്ണന്‍, എ.എം.എം.എ എക്സിക്യൂട്ടീവ് മെംബര്‍ മുകേഷ് എന്നിവര്‍ കുറ്റം ആരോപിക്കപ്പെട്ടയാള്‍ക്കൊപ്പം നില്‍ക്കുന്നു. എ.എം.എം.എ നേതൃത്വം നിഷ്‌ക്രിയമാണ്. അവര്‍ക്ക് സിനിമ എടുക്കണം, അത് വിജയിപ്പിക്കാന്‍ ടിവി ചാനലുകളുടെയും ആരാധകരുടെയും പിന്തുണ വേണം. അതുകൊണ്ടാണ് ഞങ്ങള്‍ രംഗത്ത് വന്നത്. സിനിമയില്‍ നടക്കുന്നത് എന്താണെന്ന് ജനങ്ങള്‍ അറിയണം- റിമ വ്യക്തമാക്കുന്നു.

Related posts