മലയാള സിനിമാ താരങ്ങളുടെ സംഘടനയായ ‘അമ്മ’യും സിനിമയിലെ വനിതാ കൂട്ടായ്മയായ ഡബ്ലൂസിസിയും തമ്മിലുള്ള വാദപ്രതിവാദങ്ങള്‍ തുടരുകയാണ്. ദിലീപിന്റെ രാജി ചോദിച്ചുവാങ്ങിയെന്ന് മോഹന്‍ലാലും രാജി വാങ്ങുകയല്ല, രാജി സ്വയം കൊടുക്കുകയാണ് ചെയ്തതെന്ന് ദിലീപും അവകാശപ്പെടുന്നു.
ആകെമൊത്തം ആശയക്കുഴപ്പം നില നില്ക്കുന്ന സാഹചര്യത്തില്‍ സംഘടനയ്ക്കും പ്രസിഡന്റ് മോഹന്‍ലാലിനും എതിരേയുള്ള ആരോപണം കടുപ്പിച്ചിരിക്കുകയാണ് ഡബ്ല്യൂസിസി അംഗം കൂടിയായ നടി റിമ കല്ലിങ്കല്‍.
താരസംഘടനയായ എഎംഎംഎ എന്ന സംഘടന എല്ലാതരത്തിലും പുരുഷ മാഫിയയായി മാറിയിരിക്കുന്നുവെന്നാണ് റിമ കല്ലിങ്കല്‍ അഭിപ്രായപ്പെട്ടത്. മലയാള സിനിമ ഇന്‍ഡസ്ട്രിയുടെ ചരിത്രത്തില്‍ തന്നെ ഇത്രയും കലഹിച്ച് ബഹളമുണ്ടാക്കി എഫേര്‍ട്ട് എടുത്ത് ഒരു വിഷയം ഉന്നയിക്കുമ്പോള്‍ ആ വിഷയത്തെ പരിഗണിക്കുന്നുപോലുമില്ലെന്നും ഇവിടെ ഒരു പ്രശ്നവുമില്ലെന്ന് തീര്‍ത്തുപറയുകയാണെന്നും റിമ കുറ്റപ്പെടുത്തുന്നു.
ദിലീപ് വിഷയത്തില്‍ മമ്മൂട്ടിയും മോഹന്‍ലാലും കൃത്യവും ശക്തവുമായ നടപടി എടുത്തിരുന്നെങ്കിലും കാര്യങ്ങള്‍ മാറി മറിഞ്ഞേനെ. എന്നാല്‍ അങ്ങനെയൊന്നും ഉണ്ടായേയില്ല.
അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തിരിക്കുന്ന മോഹന്‍ലാലിനെതിരായി ആരോപണങ്ങള്‍ ഉന്നയിച്ച ഒരു മഹാനടനെ അപമാനിക്കുന്നു എന്നാണല്ലോ എഎംഎംഎയുടെ വക്താക്കള്‍ ആരോപിക്കുന്നത് എന്ന ചോദ്യം ഉയര്‍ത്തിയപ്പോല്‍ അത് ഭയങ്കര കോമഡിയായിട്ടാണ് തനിക്ക് തോന്നുന്നത് എന്നായിരുന്നു റിമയുടെ മറുപടി.
ഒരു ഇന്‍ഡസ്ട്രിയോട്, അതിലേ കുറേ ആളുകളോട് നമ്മള് സംസാരിക്കാനിരിക്കുമ്പോള്‍ ഇവരെല്ലാം ഒരു മോഹന്‍ലാലിന്റെ പിറകിലൊളിച്ചൊന്നും റിമ കുറ്റപ്പെടുത്തുന്നു. ഒരു വാരികയ്ക്ക് നല്കിയ അഭിമുഖത്തിലാണ് റിമ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
ചോദ്യങ്ങളെ അഭിമൂഖീകരിക്കാതെ ഒളിച്ചിരിക്കുന്നത് വളരെ ബാലിശമാണ്. എന്ത് പറഞ്ഞാലും ..മോഹന്‍ലാല്‍.. മോഹന്‍ലാല്‍.. എന്ന് പറഞ്ഞ് മോഹന്‍ലാലിന്റെ ഫാന്‍സ് ക്ലബ്ബുകാര് ബഹളമുണ്ടാക്കുന്നു. ഞങ്ങള്‍ മോഹന്‍ലാലിനെ കുറിച്ചല്ല, അമ്മയുടെ പ്രസിഡന്റിനെ കുറിച്ചാണ് സംസാരിച്ചു കൊണ്ടിരിക്കുന്നത്.
അതുപോലെ തന്നെ കസബ എന്ന സിനിമയില്‍ മമ്മൂട്ടി എന്ന വ്യക്തിക്ക് പ്രാധാന്യമില്ല എന്ന് പറയുമ്പോള്‍ പോലും മമ്മൂക്ക ആ റോള്‍ ചെയ്യില്ലെന്ന് തീരുമാനിച്ചിരുന്നെങ്കില്‍ അത് ശക്തമായ ഒരു നിലപാട് ആയേനെ.
ദിലീപിന്റെ വിഷയത്തില്‍ കൃത്യമായ ഒരു നിലപാട് മോഹന്‍ലാല്‍ എടുത്തിരുന്നെങ്കില്‍ അത് തങ്ങള്‍ എടുത്ത നിലപാടിനും മുകളിലായേനെയെന്നും അതൊരുപക്ഷെ ഇപ്പോഴത്തെ അവസ്ഥയില്‍ നിന്ന് കാര്യങ്ങള്‍ മാറ്റിമറിച്ചേനെയെന്നും റിമ പറയുന്നു.
സംഘടയുടെ പ്രസിഡന്റ് സ്ഥാനത്ത് ഇപ്പോള്‍ കറക്ട് ആയി മോഹന്‍ലാല്‍ വന്നത് എന്തുകൊണ്ടാണെന്ന് കൂടി നമ്മള് ചിന്തിക്കണം. അവര്‍ അവരുടെ തുറപ്പു ചീട്ട് ഉപയോഗിച്ച് കളിക്കുകയാണ്. അതാണ് അവര്‍ കൊണ്ടുവരുന്ന ഉത്തരം.
എഎംഎംഎ ഇപ്പോഴും മോഹന്‍ലാലിന് പിന്നില്‍ ഒളിച്ചിരിക്കുകയാണ്. ആരൊക്കെ വിഷയത്തെ എത്രവഴിമാറ്റാന്‍ നോക്കിയാലും ഞങ്ങള്‍ ഇത് തന്നെ പറഞ്ഞു കൊണ്ടിരിക്കും. ഞങ്ങള്‍ക്ക് മമ്മൂട്ടിയോ മോഹന്‍ലാലോ വിഷയമല്ല.
രണ്ടുപേരിലേയും കലാകാരന്മാരേയും ഞാന്‍ ബഹുമാനിച്ചിട്ടുണ്ട്. ബഹുമാനിക്കുന്ന ആളുകള്‍ നമ്മളേക്കാള്‍ ഒരുപാട് മുകളിലല്ലേ?. അവര്‍ക്കെന്തുകൊണ്ട് നമ്മള് പറയുന്ന അടിസ്ഥാനപരമായ കാര്യങ്ങള്‍ മനസ്സിലാവുന്നില്ല എന്ന കാര്യത്തില്‍ ആശങ്കയുണ്ടെന്നും റിമ കൂട്ടിച്ചേര്‍ത്തു.